
മനുഷ്യനെയും കുരങ്ങിനെയും പോലെ തന്നെ കണ്ണാടിയിൽ സ്വയം തിരിച്ചറിയാൻ മത്സ്യ(Fish)ങ്ങൾക്കും കഴിയും എന്ന് പുതിയ ഒരു പഠനം(study). അവനവനെ കുറിച്ച് മത്സ്യങ്ങൾക്ക് നല്ല ധാരണയുണ്ട് എന്നും ഈ പുതിയ പഠനം സൂചിപ്പിക്കുന്നു. ഒസാക്ക സിറ്റി യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് സയൻസിലെ(Graduate School of Science in Osaka City University) ഗവേഷകർ, കണ്ണാടിയിൽ സ്വയം തിരിച്ചറിയാനുള്ള മത്സ്യത്തിന്റെ കഴിവ് മനസിലാക്കാനായി വർഷങ്ങളോളമാണ് ഈ പഠനം നടത്തിയത്.
മത്സ്യത്തിന് അനസ്‌തേഷ്യ നൽകി. അതിന്റെ ശരീരത്തിൽ കൃത്രിമമായി തവിട്ടുനിറത്തിലുള്ള ഒരു അടയാളം ഇൻജക്ട് ചെയ്‍തു വച്ചു. മത്സ്യം അത് സ്പർശിക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കുന്നുണ്ടോ എന്നറിയാൻ ഒരു കണ്ണാടി നൽകിയുമൊക്കെയായിരുന്നു പരീക്ഷണം നടത്തിയിരുന്നത്.
ശാസ്ത്രജ്ഞർ പഠനത്തിനായി cleaner wrasse മത്സ്യത്തെയാണ് തെരഞ്ഞെടുത്തത്. കണ്ണാടിയിൽ സ്വയം കണ്ടശേഷം അടയാളം വച്ച മത്സ്യം അത് നീക്കം ചെയ്യാൻ ശ്രമിച്ചു എന്നാണ് പഠനം പറയുന്നത്. 2019 -ലെ ആദ്യ പഠനത്തിന് ശേഷം, ഇങ്ങനെ ഒരു ചെറിയ ശതമാനത്തിൽ നടത്തിയ പഠനം ആധികാരികമല്ല എന്ന രീതിയിൽ വിവാദങ്ങളുയർന്നിരുന്നു. കൂടാതെ അത് സ്വയം തിരിച്ചറിയുന്നത് കൊണ്ടല്ല ആ അടയാളം മായ്ക്കാൻ ശ്രമിച്ചത്, മറിച്ച് ആ അടയാളം അതിന്റെ ശരീരത്തിലുണ്ടാക്കിയ അസ്വസ്ഥതയെ തുടർന്നാണ് എന്നും വിമർശകർ പറയുകയുണ്ടായി.
എന്നാൽ, പുതുതായി പുറത്തിറക്കിയ പഠനം, ആ വിമർശനത്തെ ചെറുക്കാൻ ശ്രമിക്കുന്നതാണ്. അതിനായി വലിയ സാമ്പിൾ ഉപയോഗിച്ചു. ശരീരത്തിൽ അസ്വസ്ഥതയുണ്ടാക്കാത്ത വിധത്തിലുള്ള സാങ്കേതികത ഉപയോഗിച്ച് അടയാളം വച്ചു. നേരത്തെ മൂന്ന് മില്ലിമീറ്റർ ആഴത്തിലാണ് അടയാളം ഇഞ്ചക്ട് ചെയ്‍തതെങ്കിൽ ഈ പുതിയ പഠനത്തിൽ അത് ഒരു മില്ലിമീറ്ററായി.
പുതിയ പഠനത്തില്‍, മത്സ്യങ്ങൾ കണ്ണാടിയിൽ തങ്ങളെ കാണുമ്പോൾ ആ അടയാളം മായ്ക്കാനുള്ള ശ്രമം നടത്തുന്നതായും കാണപ്പെട്ടു. തങ്ങളുടെ ശരീരത്തിൽ അടയാളം കാണുമ്പോഴുള്ള ബുദ്ധിമുട്ട് തന്നെയാണ് മത്സ്യത്തെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. അല്ലാതെ ശാരീരികമായ അസ്വസ്ഥതകളല്ല എന്നും.
ഒസാക്ക സിറ്റി യൂണിവേഴ്‌സിറ്റിയിലെ സംഘം തങ്ങളുടെ രണ്ടാമത്തെ പഠനം തുടരാൻ ഒരുങ്ങുകയാണ്. അത് മത്സ്യങ്ങൾ എങ്ങനെയാണ് കണ്ണാടിയിൽ സ്വയം തിരിച്ചറിയുന്നത്, മനുഷ്യർ ചെയ്യുന്നതുപോലെ മുഖം കൊണ്ട് അവയ്ക്കും സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന തരത്തിലുള്ള കൂടുതൽ രസകരമായ ചോദ്യത്തെ മുൻ നിർത്തിയാണ് പുതിയ പഠനം എന്നാണ് വിവരം. ഏതായാലും, മനുഷ്യനും കുരങ്ങുകൾക്കും മാത്രമല്ല, മത്സ്യത്തിനും താനാരാണ് എന്നതിനെ കുറിച്ച് വളരെ നല്ല ബോധമുണ്ട് എന്ന് തന്നെയാണ് ഒസാക്ക യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഈ പഠനം അടിവരയിടുന്നത്.