താലിബാന്‍ വീണ്ടും താലിബാനായി; പെണ്‍കുട്ടികളെ  പുറത്താക്കി സെക്കന്‍ഡറി ക്ലാസുകള്‍ തുടങ്ങി

By Web TeamFirst Published Sep 18, 2021, 7:37 PM IST
Highlights

. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. െപണ്‍കുട്ടികള്‍ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ തിട്ടൂരം.

ലോകത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി താലിബാന്‍ തനിസ്വരൂപം കാട്ടുന്നു. തങ്ങള്‍ മാറിയെന്ന് പറഞ്ഞ് ആ്ചകള്‍ക്കു മുമ്പ് അധികാരമാരംഭിച്ച താലിബാന്‍ 1990-കളിലെ ദുര്‍ഭരണത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ് അഫ്ഗാനിസ്താനില്‍നിന്നു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 

ഇന്നാണ് അഫ്ഗാനിസ്താനില്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. െപണ്‍കുട്ടികള്‍ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ തിട്ടൂരം. ആണ്‍കുട്ടികളും ആണ്‍ അധ്യാപകരും മാത്രം മതിയെന്ന താലിബാന്റെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളില്ലാതെ ക്ലാസുകള്‍ ആരംഭിച്ചത്. സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു താലിബാന്റെ പ്രസ്താവന. പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്ന കാര്യം അതില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, ക്ലാസ് തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി.

സ്ത്രീകള്‍ക്കെന്തിന് പ്രത്യേക വകുപ്പെന്ന് താലിബാന്‍

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നിയമപ്രകാരം നിലനിര്‍ത്തും, സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള വേര്‍തിരിവ് അവസാനിപ്പിക്കും, സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ല എന്നതടക്കം ആഴ്ചകള്‍ക്കു മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം താലിബാന്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാത്തില്‍നിന്നും പുറത്തുനിര്‍ത്തുന്ന പഴയ ഭീകരഭരണത്തിലേക്കാണ് അഫ്ഗാനിസ്താന്‍ ഇപ്പോള്‍ മടങ്ങിപ്പോവുന്നത്. 

അഫ്ഗാനിസ്താനിലെ വനിതാകാര്യ വകുപ്പ് വെള്ളിയാഴ്ച താലിബാന്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനു പകരമായി മതശാസനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന 'സദാചാര' വകുപ്പാണ് നിലവില്‍വരുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1996-2001 കാലത്ത് താലിബാന്‍ മതപൊലീസിംഗ് വകുപ്പ് കൊണ്ടുവന്നിരുന്നു. തെരുവുകളില്‍ താലിബാന്‍ പറയുന്ന കര്‍ശന മത-സദാചാര വ്യവസ്ഥകള്‍ നടപ്പാക്കിയിരുന്നത് ഈ വകുപ്പായിരുന്നു. അതാണിപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. 

'ജീവിതം ഇരുളടഞ്ഞുപോയി'

സെക്കന്‍ഡറി ക്ലാസുകള്‍ പുനരാരംഭിക്കുന്നുവെന്ന താലിബാന്റെ പ്രസ്താവന കേട്ട്് സന്തോഷത്തിലായിരുന്നു ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് വീടുകളില്‍ തന്നെ അടച്ചിടപ്പെടുന്നത്. ആണ്‍ കുട്ടികളും പുരുഷ അധ്യാപകരും മാത്രം സ്‌കൂളില്‍ പോയാല്‍ മതിയെന്ന താലിബാന്റെ ശാസന നിലവില്‍ വന്നതോടെ വിദ്യാഭ്യാസത്തിനുള്ള പെണ്‍കുട്ടികളുടെ അവകാശവും അവസരവുമാണ് ഇല്ലാതാവുന്നത്. 

എല്ലാം തകര്‍ന്നെന്ന തോന്നലാണ് ഇപ്പോഴെന്ന് ഒരു സ്‌കൂള്‍ പെണ്‍കുട്ടിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ''ഡോക്ടറാവാനായിരുന്നു എന്റെ ആഗ്രഹം. എല്ലാം ഇല്ലാതായി. ജീവിതം ഇരുളടഞ്ഞതായി.''പെണ്‍കുട്ടി പറയുന്നു. 

രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ''എന്റെ മാതാവ് നിരക്ഷരയായിരുന്നു. അതിനാല്‍, എപ്പോഴും പിതാവും മറ്റുള്ളവരും ഉമ്മയെ പരിഹസിക്കുമായിരുന്നു. എന്റെ മകള്‍ക്ക് ആ അവസ്ഥ വരില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍, അതും ഇല്ലാതാവുകയാണ്. ''ഒരു രക്ഷിതാവിന്റെ വാക്കുകള്‍. 

2201-ല്‍ താലിബാന്‍ അധികാരത്തില്‍നിന്നും പുറത്തായ ശേഷം അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മുമ്പൊന്നുമില്ലാതിരുന്ന പ്രാധാന്യമാണ് ലഭിച്ചത്. സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യത്തില്‍നിന്നും 25 ലക്ഷമായാണ് അന്നുയര്‍ന്നത്. വനിതാ സാക്ഷരതാ നിരക്ക് ഇരട്ടിയായി. ഈ നേട്ടങ്ങള്‍ കൂടുതലും നഗരങ്ങളിലായിരുന്നുവെങ്കിലും മാറ്റം പ്രകടമായിരുന്നു. 

 

click me!