കുട്ടികള്‍ക്ക് മുലപ്പാല്‍, തനിക്ക് മൂത്രം; നടുക്കടലില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ അമ്മ ജീവന്‍ ബലിനല്‍കി

By Web TeamFirst Published Sep 18, 2021, 4:33 PM IST
Highlights

കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ അമ്മയുടെ ഓര്‍മ്മയില്‍ ഒരു നാട് തേങ്ങുകയാണ് ഇപ്പോള്‍.

കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ അമ്മയുടെ ഓര്‍മ്മയില്‍ ഒരു നാട് തേങ്ങുകയാണ് ഇപ്പോള്‍. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉല്ലാസയാത്രക്കിടെ അപകടത്തില്‍പെട്ട് നാലു ദിവസം കുടുങ്ങിക്കിടന്ന ഈ അമ്മ ഒപ്പമുണ്ടായിരുന്ന മക്കള്‍ക്ക് മുലപ്പാല്‍ നല്‍കി അവരുടെ ജീവന്‍ രക്ഷിച്ചു. നിര്‍ജലീകരണം കാരണം അവശയായ അവര്‍ മരിച്ചുവെങ്കിലും, മക്കള്‍ രക്ഷപ്പെട്ടു. വെനിസ്വേല സ്വദേശി മരിലി ഷാകോണാണ് നീറുന്ന വേദനയായി മാറിയത്. 

വെനിസ്വേലയിലാണ് സംഭവം. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേയ്ക്ക് ഉല്ലാസയാത്ര പോയതായിരുന്നു വെനിസ്വേല സ്വദേശി മരിലി. അവര്‍ തനിച്ചായിരുന്നില്ല, അവര്‍ക്കൊപ്പം ഭര്‍ത്താവും, അവരുടെ രണ്ട് കുഞ്ഞുമക്കളും, ഒരു പരിചാരികയും മറ്റ് യാത്രികരുമുണ്ടായിരുന്നു. സെപ്റ്റംബര്‍ -3 ന് തോര്‍ എന്ന നൗകയിലായിരുന്നു യാത്ര. ആദ്യമായി കടല്‍ യാത്രപോകുന്നതിന്റെ ആവേശത്തിലായിരുന്നു ആറുവയസ്സുകാരനായ ജോസ് ഡേവിഡും, രണ്ടു വയസ്സുകാരിയായ മരിയയും. എന്നാല്‍ ജനവാസമില്ലാത്ത ദ്വീപിലേക്കുള്ള യാത്രയ്ക്കിടെ, ഒരു വലിയ തിരമാല വന്ന് നൗകയില്‍ അടിക്കുകയും, അത് തകരുകയും ചെയ്തു. 

തീരത്ത് നിന്ന് 70 മൈല്‍ അകലെവച്ച് നൗക രണ്ടായി മുറിയുകയായിരുന്നു. ഭര്‍ത്താവും മറ്റുള്ളവരും എങ്ങോ അപ്രത്യക്ഷമായി. ചുട്ടുപൊള്ളുന്ന വെയിലില്‍ നാല് ദിവസം ബോട്ടിന്റെ മുങ്ങാത്ത ഭാഗത്ത് ആ അമ്മയും മക്കളും മാത്രമായി. അവരുടെ കൈയില്‍ ഭക്ഷണമോ, വെള്ളമോ ഇല്ലായിരുന്നു. ആകെ തകര്‍ന്ന മരിലിയ്ക്ക് എങ്ങനെയും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. നിരാശയായ അവര്‍ നാല് ദിവസം കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താനായി മുലപ്പാല്‍ നല്‍കി. സ്വന്തം ജീവന്‍ പോകാതിരിക്കാനായി മരിലി സ്വന്തം മൂത്രം കുടിക്കുകയും ചെയ്തു. മക്കളെ മുലയൂട്ടാനായിട്ടാണ് അവര്‍ അറ്റകൈയ്ക്ക് അത് ചെയ്തതെന്ന് കോസ്റ്റു ഗാര്‍ഡുകളെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. 

കടലില്‍ നാല് ദിവസം സഹായം കാത്ത് അവര്‍ കിടന്നു.നാലാമത്തെ ദിവസം രക്ഷാസംഘം എത്തി. എന്നാല്‍ അപ്പൊഴേക്കും മരിലി മരിച്ചുകഴിഞ്ഞിരുന്നു. അവളുടെ മാറില്‍ പറ്റിച്ചേര്‍ന്ന് കിടക്കുകയായിരുന്നു രണ്ട് കുട്ടികളും. സംഘം എത്തുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുമ്പായിരിക്കാം അവള്‍ മരിച്ചതെന്ന് അനുമാനിക്കുന്നു. തകര്‍ന്ന ബോട്ടില്‍ അവശേഷിച്ച ഫ്രിഡ്ജിനകത്ത് കയറിയിരുന്നതിനാല്‍ പരിചാരിക രക്ഷപ്പെട്ടു. 

അതേസമയം മരിലിയുടെ ഭര്‍ത്താവ് അടക്കമുള്ള ബോട്ടിലെ മറ്റ് യാത്രികരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് ദിവസമായി വെള്ളം കുടിക്കാതെ നിര്‍ജ്ജലീകരണം സംഭവിക്കുകയും, ആന്തരിക അവയവങ്ങള്‍ തകരുകയും ചെയ്തതാണ് മരിലിയുടെ മരണകാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

 

 

 

click me!