'ഫയറിംഗ് സ്ക്വാഡിനെ നോക്കി ഫ്ലൈയിംഗ് കിസ് അടിച്ച ചാരസുന്ദരി' - മാതാ ഹരിയുടെ നിഗൂഢജീവിതം

By Web TeamFirst Published Oct 15, 2019, 4:42 PM IST
Highlights

ഫയറിങ്ങ് സ്‌ക്വാഡിലെ സൈനികർ തങ്ങളുടെ തോക്കുകൾ ഒന്നൊന്നായി ലോഡുചെയ്തു. തോക്കുകൾ ഉയർത്തി തന്റെ നേർക്ക് ഉന്നം പിടിച്ചു നിന്ന ആ ഫയറിംഗ് സ്‌ക്വാഡിന്റെ നേർക്ക് അവൾ തന്റെ അന്ത്യചുംബനങ്ങൾ പറത്തിവിട്ടു. 

" എന്നെ നിങ്ങൾ ഒരു വേശ്യയെന്ന് വിളിച്ചാൽ ഞാനത് വേണമെങ്കിൽ സമ്മതിക്കും.  പക്ഷേ, ഞാൻ ഒരിക്കലും 'സ്പൈ' അല്ല. ഞാൻ എന്നും ജീവിച്ചിട്ടുള്ളത്, പ്രണയത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണ്.." - മാതാ ഹരി 

ഇന്ന് ഒക്ടോബർ 15  : മാതാ ഹരി വധശിക്ഷക്ക് വിധേയയാക്കപ്പെട്ട ദിവസമാണ്. ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിൽ നിറഞ്ഞചിരിയോടെ നിന്നുകൊണ്ട് സ്വന്തം മരണത്തെ സ്വാഗതം ചെയ്ത നാൾ..! ആരാണ് മാതാ ഹരി..? പൗരസ്ത്യ നൃത്തത്തിൽ അഗ്രഗണ്യ..? സമൂഹത്തിന്റെ ഉന്നതസ്ഥാനീയർക്ക് പ്രണയം പകർന്നു നൽകിയിരുന്ന അഭിസാരിക..? അതോ ഈ നൂറ്റാണ്ടുകണ്ട  ഏറ്റവും വലിയ ചാരവനിതയോ..? 

1876 ഓഗസ്റ്റ് 7-ന് നെതർലാൻഡ്‌സിലെ തൊപ്പിക്കച്ചവടക്കാരനായിരുന്ന ആദം സെല്ലേയ്ക്ക്  മാർഗരീറ്റ എന്ന പേരിൽ ഒരു മകൾ ജനിക്കുന്നത്. എണ്ണക്കച്ചവടത്തിൽ നിക്ഷേപങ്ങളുണ്ടായിരുന്ന ആദം തന്റെ മക്കളുടെ ബാല്യകാലത്ത് ഒന്നിനും ഒരു കുറവും വരുത്തിയില്ല. 1889 ആയപ്പോഴേക്കും ആദം പാപ്പർസ്യൂട്ടടിച്ചു. പിന്നാലെ ഭാര്യയുമായി തെറ്റി, വിവാഹമോചിതനുമായി. രണ്ടുവർഷത്തിനുള്ളിൽ മാർഗരീറ്റയുടെ അമ്മ അസുഖബാധിതയായി മരണപ്പെടുന്നു. അധ്യാപികയാകാൻ വേണ്ടിയുള്ള പരിശീലനത്തിനായി ഹോസ്റ്റലിൽ ചേർക്കപ്പെടുന്ന മാർഗരീത്ത തന്റെ പതിനാലാമത്തെ വയസ്സിൽ അവിടത്തെ വിവാഹിതനായ ഹെഡ് മാസ്റ്ററുമായി അടുക്കുന്നു. അവർ തമ്മിലുള്ള ബന്ധം ഗാഢമാകുന്നതോടെ, അവളെ ട്രെയിനിങ്ങ് കോളേജ് അധികൃതർ കോളേജിൽ നിന്ന് പുറത്താക്കുന്നു. പിന്നീട്, സാമ്പത്തികമായ സ്വയംപര്യാപ്തത തേടി അവൾ  പല തൊഴിലുകളും അന്വേഷിച്ചു എങ്കിലും ഒന്നിലും ഉറച്ചു നിൽക്കാനായില്ല. 

തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് മാർഗരീറ്റ  പത്രത്തിൽ ഒരു വിവാഹപ്പരസ്യം കാണുന്നത് - റുഡോൾഫ് മക്ലോയിഡ് എന്ന സുഭഗനും സമ്പന്നനുമായ ഒരു ഡച്ച് കൊളോണിയൽ ആർമി ക്യാപ്റ്റൻ സുന്ദരിയും യൗവ്വനയുക്തയുമായ വധുവിനെ അന്വേഷിക്കുന്നു. അവൾ തന്നെ മുൻകൈയെടുത്ത് ആ വിവാഹം നടത്തുന്നു. ഭർത്താവിനൊപ്പം തന്റെ ജീവിതം ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലേക്ക് പറിച്ചുനടുന്നു. അവിടെ വെച്ച് അവർക്ക് രണ്ടു കുഞ്ഞുങ്ങളുണ്ടാകുന്നു. എന്നാൽ, ആ ദാമ്പത്യം മാർഗരീറ്റയ്ക്ക്  സമ്മാനിച്ചത് സങ്കടങ്ങളും വേദനകളും മാത്രമാണ്. റുഡോൾഫ് ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. ദിവസവും മൂക്കറ്റം കുടിച്ചു വന്ന് അയാൾ മാർഗരീറ്റയെ തല്ലുമായിരുന്നു. ജീവിതം സമ്മാനിച്ച നിരാശയിൽ നിന്ന് കരകയറാൻ വേണ്ടി മാർഗരീറ്റ വന്നുപെട്ട നാടിൻറെ, ഇന്തോനേഷ്യയുടെ സംസ്കാരത്തെ അടുത്തറിയാൻ ശ്രമിച്ചു. അവിടത്തെ കലകൾ അഭ്യസിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച. അങ്ങനെ അവിടത്തെ തനതു നൃത്തരൂപങ്ങളിൽ അവൾ പയറ്റിത്തെളിഞ്ഞു. 

ആ വിവാഹം പതുക്കെപ്പതുക്കെ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ 1902-ൽ നെതർലാൻഡ്‌സിലേക്ക് തിരികെച്ചെന്ന് അധികം താമസിയാതെ തന്നെ, 1902-ൽ അവർ വിവാഹമോചിതരായി.  വിവാഹമോചനം മാർഗരീറ്റയെ സ്വതന്ത്രയാക്കി. അവൾ പാരീസിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെ പലപല തൊഴിലുകളിലും അവൾ വ്യാപൃതയായി. തുടക്കത്തിൽ സർക്കസിലെ അശ്വാരൂഢയായി, പിന്നെ ചിത്രകാരന്മാരുടെ മോഡലായി, പിന്നെ നൃത്തവേദികളിൽ സജീവമായി. ഇന്തോനേഷ്യയിൽ വെച്ച് പഠിച്ചെടുത്ത ഓറിയന്റൽ നൃത്തരൂപങ്ങൾ മാർഗരീറ്റയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കി. ഏറെ നിഗൂഢമായ ഒരു നൃത്തരീതി പിന്തുടർന്നുപോന്ന അവൾ അതിനൊപ്പിച്ചുള്ള നിഗൂഢത പേരിലും നിലനിർത്തി. പേരിനെ ഒന്ന് പരിഷ്കരിച്ച് 'മാതാ ഹരി' എന്നാക്കി. മലായ് ഭാഷയിൽ ആ വാക്കിന്, 'സൂര്യോദയം'  എന്നായിരുന്നു അർത്ഥം. 

തന്റെ ശരീരത്തിന്റെ മാദകമായ സൗന്ദര്യം മാതാ ഹരി പരമാവധി പ്രയോജനപ്പെടുത്തി. ജാവനീസ് നൃത്തത്തിൽ അവൾ രതിയുടെ വന്യഭാവങ്ങൾ പടർത്തി. ചുവടുകൾക്കിടെ ദേഹത്ത് ചുറ്റിപ്പിണഞ്ഞിട്ടിരുന്ന ഉത്തരീയങ്ങൾ അറിയാത്തമട്ടിൽ എന്നോണം അഴിഞ്ഞുപാറി, ആ സുന്ദരദേഹം അനാവൃതമാകുക അവതരണങ്ങളിൽ  നിത്യസംഭവമായി. അതോടെ അവളുടെ പരിപാടികൾക്ക് ജനം തിക്കും തിരക്കുമായി. വളരെ പെട്ടെന്നുതന്നെ പാരീസിൽ 'മാതാ ഹരി' ഒരു ഡാൻസിങ്ങ് സെൻസേഷനായി മാറി. മനഃപൂർവം തന്നെ ലൈംഗികതയുടെ അതിപ്രസരമുള്ല ഫോട്ടോഷൂട്ടുകൾ സംഘടിപ്പിക്കപ്പെട്ടു. അർദ്ധനഗ്നമായ പല പോസുകളിലുമുള്ള  അവളുടെ ചിത്രങ്ങൾ നാട്ടിലെങ്ങും പ്രചരിച്ചു. ആരെയും മയക്കുന്ന സർപ്പസൗന്ദര്യമായിരുന്നു മാതാഹാരിയുടേത്. 

അധികം താമസിയാതെ തന്നെ, അവൾ സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലുള്ളവർക്ക് പണം സ്വീകരിച്ചുകൊണ്ട് രതിയിലേർപ്പെടാവുന്ന ഒരു വിഐപി അഭിസാരികയായി അറിയപ്പെട്ടുതുടങ്ങി. യൂറോപ്പിലെ പല രാഷ്ട്രീയക്കാർക്കും, പട്ടാളത്തിലെ ഉന്നതറാങ്കുകളിൽ ഉള്ളവർക്കും മാതാ ഹരി തന്നെ 
മതി എന്ന അവസ്ഥയാകുന്നു. അവർക്കിടയിൽ അവളുടെ സ്വാധീനവും ഏറിവരുന്നു. ആ വിവാദനായികയുടെ മായികവലയത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞനായ ജൂൾസ് കാംപോണും, ജർമനിയിലെ രാജകുമാരനും ഒക്കെ ഉൾപ്പെട്ടു. 

എന്നാൽ, കാലം അശ്വവേഗത്തിൽ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഒപ്പം മാതാ ഹരിയുടെ യൗവ്വനവും ക്ഷയിച്ചുകൊണ്ടിരുന്നു. എന്നിട്ടും, തന്റെ സ്നേഹിതർക്ക് പ്രണയം പകർന്നു നൽകാനായി അവൾ യൂറോപ്പിലെ രാജ്യങ്ങൾതോറും പറന്നുനടന്നു. അത്, ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു. രാജ്യങ്ങൾക്കിടയിൽ കടുത്ത ശത്രുത തുടങ്ങിയ കാലം. അതിനിടെ ജർമ്മനിയിൽ നിന്ന് പാരീസിലേക്ക് പോകാൻ ശ്രമിച്ച മാതാഹരിയെ ജർമ്മൻ സൈനികർ തടഞ്ഞു നിർത്തി. അവരുടെ പക്കലുണ്ടായിരുന്ന വിലപ്പെട്ട ആഭരണങ്ങളും പണവും മറ്റും കവർന്നെടുത്തു. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടു ചെന്ന അവർ തന്റെ ജന്മനാടും, യുദ്ധത്തിൽ നിഷ്പക്ഷരായ നിന്ന രാജ്യവുമായ നെതർലാൻഡ്‌സിലേക്ക് ചെന്നു. അവിടെ, പഴയ മാതാഹരിയുടെ ഒരു പഴയ ഇഷ്ടക്കാരൻ തന്റെ മാളികളിൽ ഒന്നിൽ അവളെ കുടിയിരുത്തി. 

യുദ്ധം കഴിയും വരെ ഒന്നടങ്ങിയിരിക്കാൻ എന്നിട്ടും മാതാഹരിക്ക് തോന്നിയില്ല. തന്റെ കാമുകരുമായി സന്ധിക്കാൻ വേണ്ടി അവൾ ഇംഗ്ളണ്ട് വഴി പാരീസിലേക്ക് ചെന്നു. അപ്പോഴേക്കും ബ്രിട്ടീഷ് രഹസ്യപ്പോലീസിന്റെ സംശയദൃഷ്ടി മാതാഹരിക്കുമേൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ഒരു ജർമ്മൻ ചാരയാണ് എന്ന സംശയത്തിന്റെ പുറത്ത് നിരന്തര നിരീക്ഷണത്തിന്റെ നിഴലിലായി മാതാഹരി. 

പാരീസിൽ ചിലവിട്ട അല്പസമയം കൊണ്ടുതന്നെ, യുദ്ധത്തിൽ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട ഒരു റഷ്യൻ ക്യാപ്റ്റനായി മാതാ ഹരി പ്രണയത്തിലാകുന്നുണ്ട്. ആ ഓഫീസറുമായുള്ള സമാഗമങ്ങൾക്കായി ആശുപത്രിയിൽ ചെന്ന സമയത്താണ്, ബ്രിട്ടീഷ് രഹസ്യപ്പോലീസിൽ നിന്നുള്ള നിർദേശപ്രകാരം മാതാഹാരിയെ പിന്തുടർന്നുചെന്ന ഫ്രഞ്ച് രഹസ്യപ്പോലീസിലെ ഒരു ഓഫീസർ അവളെ തടഞ്ഞു നിർത്തുന്നത്. അയാൾ മാതാഹാരിയെ ഫ്രാൻസിനുവേണ്ടി ചാരവൃത്തി നടത്താൻ നിർബന്ധിച്ചു. പകരമായി നല്ലൊരു തുക വാഗ്ദാനം ചെയ്തതോടെ മാതാഹരി അതിനും തയ്യാറായി. ആ പണവും വാങ്ങി, തന്റെ റഷ്യൻ കാമുകനോടൊപ്പം സ്വസ്ഥമായ ഒരു കുടുംബ ജീവിതം: അതായിരുന്നു മാതാഹരിയുടെ മനസ്സിൽ. 

അങ്ങനെ ആ ഫ്രഞ്ച് രഹസ്യപ്പോലീസുദ്യോഗസ്ഥനിൽ നിന്ന് ദൗത്യമേറ്റെടുത്ത്, ജർമ്മൻ സൈനികരിൽ നിന്ന് രഹസ്യങ്ങൾ ചോർത്താനുറപ്പിച്ച് മാതാ ഹരി യൂറോപ്പിലൂടെ സഞ്ചാരം തുടങ്ങി. ഇംഗ്ളണ്ടിൽ വെച്ച് അവൾ പിടിയിലാകുന്നു. ചോദ്യം ചെയ്യലിനിടെ തന്റെ ഫ്രഞ്ച് കണക്ഷൻ മാതാ ഹരി വെളിപ്പെടുത്തുന്നുണ്ടെങ്കിലും , ആ ഉദ്യോഗസ്ഥൻ അതെല്ലാം നിഷേധിക്കുന്നു. ഒടുവിൽ അവൾ മാഡ്രിഡിൽ കുടുങ്ങിപ്പോകുന്നു. അവസാനത്തെ കച്ചിത്തുരുമ്പ് എന്ന നിലയ്ക്കാണ് അവിടെ വെച്ച് മാതാ ഹരി മാഡ്രിഡിലെ ജർമ്മൻ അറ്റാഷെയെ വശത്താക്കുന്നത്. ഈ അറ്റാഷെ, താൻ പരിചയപ്പെട്ട ഫ്രഞ്ച് ചാരവനിതയെപ്പറ്റി തന്റെ മേധാവികൾക്ക് കൈമാറിയ വിവരം ഫ്രഞ്ച് രഹസ്യപൊലീസ് പിടിച്ചെടുക്കുന്നു. അത് ജർമ്മൻ സേന, ഫ്രഞ്ച് രഹസ്യപൊലീസ് പിരിച്ചെടുക്കാൻ വേണ്ടി മനപ്പൂർവം കൈമാറിയ ഒരു കോഡ് സന്ദേശമായിരുന്നു എന്നത് വേറെ കാര്യം. 

എന്തായാലും, ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികൾക്ക് കനത്ത തിരിച്ചടികൾ ഏൽക്കുകയും അവർ അതിന് ബലിയാടാക്കാൻ ആരെയെങ്കിലും നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് മാതാ ഹരി തന്റെ പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ട് പാരീസിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ തന്നെ ജോലിയേൽപ്പിച്ച ഫ്രഞ്ചുചാരനെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. എന്നാൽ, തന്റെ പ്രവൃത്തികളെപ്പറ്റി വീരസ്യം പറയുന്ന അവളുടെ സ്വഭാവം തന്നെ, ഫ്രഞ്ച് രഹസ്യപ്പോലീസിന്റെ ചോദ്യം ചെയ്യൽ വേളയിൽ മാതാഹാരിക്ക് വിനയായി. അവൾ പറഞ്ഞ കഥകളിൽ ആകെ വൈരുദ്ധ്യം പ്രകടമായിരുന്നു. ഒടുവിൽ ജർമ്മൻ സൈന്യത്തിൽ നിന്നും പണം സ്വീകരിച്ചിരുന്നു എന്ന് അവർക്കുമുന്നിൽ  മാതാ ഹരിയ്ക്ക് വെളിപ്പെടുത്തേണ്ടി വരുന്നു. 

മാതാഹാരിയുടെ കേസ് കോടതിയിൽ വിചാരണയ്ക്ക് വരുന്നു. നാല്പതു മിനിറ്റ് നീണ്ടു നിന്ന വിചാരണയിൽ എന്നിട്ടും അവളുടെ മേൽ ചാർത്തപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടു. അവൾ മാതാ ഹരി കുറ്റക്കാരി എന്ന് വിധിക്കപ്പെടുന്നു. 

" ഈ സ്ത്രീ ചെയ്തിരിക്കുന്ന കുറ്റങ്ങൾ അവിശ്വസനീയമാം വിധം ഗുരുതരമാണ്. ഇത് ഒരു പക്ഷേ, ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ചാരവനിതാ ഇവരാകും.."  - പ്രോസിക്യൂട്ടർ വാദിച്ചു. 

1917 ഒക്ടോബർ 15-ന്, അന്നുവരെ പാരീസിന്റെ പാതിരകളെ പുളകം കൊള്ളിച്ചിരുന്ന മാതാഹാരി എന്ന പൗരസ്ത്യ നർത്തകി, സമൂഹത്തിന്റെ ഉന്നതങ്ങളിലെ പലർക്കും വേണ്ടപ്പെട്ടവർ, ഒരു കുറ്റവാളിയുടെ പരിവേഷത്തിൽ വിൻസെൻസസിലെ പുൽമേടുകളിൽ ഒന്നിലേക്ക് ആനയിക്കപ്പെട്ടു. അവിടെ, വധശിക്ഷ നടപ്പിലാക്കുന്ന നിലപാടുതറക്കു മുന്നിൽ,  അവളെയും കാത്ത് ഫയറിങ്ങ് സ്‌ക്വാഡ് തയ്യാറായിരുന്നു. 

എന്നാൽ അവരെ എല്ലാം അമ്പരപ്പിച്ചുകൊണ്ട് മാതാ ഹരി അവിടെയും തന്റെ ചങ്കുറപ്പ് തെളിയിച്ചു. അതെ, മരണത്തിലും അവർ വ്യത്യസ്തയായിരുന്നു. ഫയറിങ്ങ് സ്‌ക്വാഡിലെ സൈനികർ തങ്ങളുടെ തോക്കുകൾ ഒന്നൊന്നായി ലോഡുചെയ്തു. തോക്കുകൾ ഉയർത്തി തന്റെ നേർക്ക് ഉന്നം പിടിച്ചു നിന്ന ആ ഫയറിംഗ് സ്‌ക്വാഡിന്റെ നേർക്ക് അവൾ തന്റെ അന്ത്യചുംബനങ്ങൾ പറത്തിവിട്ടു. മരണസന്ദേശവും പേറി വന്ന പരശ്ശതം വെടിയുണ്ടകൾ മാതാഹരിയുടെ മാറിടം തുളച്ചു കയറി. 

മാതാഹരി കൊല്ലപ്പെട്ടു.! . 

click me!