ഇന്ത്യയുടെ മിസൈൽമാൻ സ്വപ്നം കണ്ട 2020-ൽ നിന്ന് എത്ര അകലെയാണ് നാം..?

By Web TeamFirst Published Oct 15, 2019, 1:05 PM IST
Highlights

ഇന്ന് ഇന്ത്യയുടെ മിസൈൽമാൻ, ജനങ്ങളുടെ പ്രസിഡണ്ട്, എപിജെ കലാമിന്റെ ജന്മദിനമാണ്. നൈപുണ്യവികസനം എന്ന സങ്കല്പത്തെപ്പറ്റി ആദ്യമായി നമ്മോടു പറഞ്ഞ എപിജെയെ ഓർക്കുമ്പോൾ 

ഇന്ന് ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ്. 

1931-ൽ തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അബ്ദുൽ കലാം ജനിക്കുന്നത്. മുഴുവൻ പേര് അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം. അച്ഛൻ ജൈനുലാബ്ദീൻ സ്ഥലത്തെ പള്ളിയിലെ ഇമാം ആയിരുന്നു. സ്വന്തമായി ഒരു ബോട്ടുമുണ്ടായിരുന്നു അച്ഛന്. അമ്മ ആഷിയമ്മ ഗൃഹസ്ഥയായിരുന്നു. ജൈനുലാബ്ദീന്റെ ബോട്ടായിരുന്നു അന്ന് രാമേശ്വരത്തിനും ധനുഷ്കോടിക്കുമിടയിലെ ഏക സഞ്ചാരമാർഗ്ഗം. സ്‌കൂളിൽ ശരാശരിക്കാരനായിരുന്നു കലാമെങ്കിലും സ്ഥിരോത്സാഹിയായ ആ കുട്ടിക്ക് ശോഭനമായൊരു ഭാവിയുണ്ടെന്ന് അന്ന് സ്‌കൂളിലെ അധ്യാപകർ അവനോട് പറഞ്ഞിരുന്നു. സ്‌കൂൾ പഠനം കഴിഞ്ഞ്, സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദവും നേടിയിട്ടാണ്, കലാം എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങ് പഠിക്കാൻ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ചേരുന്നത്.  

ഇന്ത്യൻ എയർഫോഴ്‌സിന്റെ യൂണിഫോമിനോട് അടക്കാനാവാത്ത ആരാധനയുണ്ടായിരുന്നു കലാമിന്. ഫൈറ്റർ പൈലറ്റായി സേനയിൽ ചേരാൻ വേണ്ടി പരീക്ഷയെഴുതിയെങ്കിലും, തലനാരിഴയ്ക്ക് അവസരം നഷ്ടപ്പെട്ടു. അതിനു ശേഷമാണ് DRDOയുടെ എയ്റോനോട്ടിക്കൽ വിങ്ങിൽ ചേരുന്നത്. അക്കാലത്ത് അദ്ദേഹം സ്വന്തമായി ഒരു ഹോവർക്രാഫ്റ്റ് ഡിസൈൻ ചെയ്യുന്നുണ്ട്. താമസിയാതെ വിക്രം സാരാഭായി രൂപീകരിച്ച, ISROയുടെ പൂർവരൂപമായ INCOSPAR-ന്റെ ഭാഗമായി കുറച്ചുകാലം പ്രവർത്തിക്കുന്നു കലാം. ഇസ്രോ രൂപീകരിച്ചപ്പോൾ അവിടെ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ പ്രോജക്ടിന്റെ തലവനായി കലാമിനെ നിയമിക്കുന്നു. അറുപതുകളിൽ നാസയിൽ സന്ദർശനത്തിന് പോയി തിരിച്ചുവന്ന ശേഷമുള്ള കാലം കലാം ചെലവിട്ടത് PSLVയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ്. പൊഖ്‌റാനിലെ രണ്ടാമത്തെ അണുവിസ്ഫോടന പരീക്ഷണം നടന്നത് കലാമിന്റെ കാർമ്മികത്വത്തിലാണ്. 1998-ൽ സോമ രാജു  എന്ന ഒരു കാർഡിയോളജിസ്റ്റുമായി ചേർന്നുകൊണ്ട് കലാം ഒരു സ്റ്റെന്റ്  വികസിപ്പിച്ചെടുത്തിട്ടുണ്ട്.  'കലാം-രാജു സ്റ്റെന്റ്' എന്നാണ്അതിന്നും അറിയപ്പെടുന്നത്.  കെ ആർ നാരായണന് ശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി കലാമിനെ ഇരുമുന്നണികളും ഏകകണ്ഠമായാണ് നിർദേശിക്കുന്നത്. പ്രസിഡന്റ് കാലാവധി കഴിഞ്ഞ ശേഷവും IIM ഷില്ലോങ്ങിൽ വിസിറ്റിങ്ങ് പ്രൊഫസറുടെ റോളിൽ അദ്ദേഹം സജീവസാന്നിധ്യമായി തുടർന്നിരുന്നു. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാൾക്ക്,  പ്രസിഡന്റുപദവി അലങ്കരിച്ച ഏറ്റവും പ്രതിഭാധനനായ ആ ഭാരതീയന് ഒരു സ്വപ്നമുണ്ടായിരുന്നു. അദ്ദേഹം അതിനെ, വിഷൻ 2020  എന്നുപേരിട്ടു വിളിച്ചു. 2012 -ൽ അദ്ദേഹം അതിനുവേണ്ട ഒരു കരടുരേഖയും തയ്യാറാക്കി. ഒറ്റയ്ക്കായിരുന്നില്ല. നമ്മുടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള, ടെക്‌നോളജി ഇൻഫർമേഷൻ, ഫോർകാസ്റ്റിങ്ങ്  ആൻഡ് അസ്സെസ്സ്‌മെന്റ് കൗൺസിൽ(TIFAC) എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ കാർമികത്വത്തിൽ കലാം ചെയർമാനായി, വിവിധമേഖലകളിൽ 500  വിദഗ്ധരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പഠനങ്ങൾ നടത്തി. അതിന്റെ കണ്ടെത്തലുകൾ, ഡോ. എപിജെ അബ്ദുൽ കലാമും വൈ എസ്‌ രാജനും ചേർന്നെഴുതിയ, ഇന്ത്യ 2020 : എ വിഷൻ ഫോർ ദ  ന്യൂ മില്ലേനിയം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. 

 

 

അദ്ദേഹത്തിന്റെ പ്ലാനിന്റെ രത്നച്ചുരുക്കം ഇതായിരുന്നു. നമ്മുടെ രാജ്യത്തെ ഒരു വികസിത രാജ്യമാക്കി മാറ്റുക. അഞ്ചു മേഖലകളിൽ നമ്മൾ പരമാവധി വികസനം നേടണം. നമ്മുടെ പ്രകൃതി വിഭവങ്ങളും, വിദഗ്ദ്ധ തൊഴിൽ സേനയും ഒന്നിപ്പിച്ച് നമുക്ക് നമ്മുടെ ജിഡിപി  ഇരട്ടിയെങ്കിലും ആക്കണം. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് 2020  ആവുമ്പോഴേക്കുമെങ്കിലും എത്തണം. 

കലാം സ്വപ്നം കണ്ട 2020 -ലെ  ഇന്ത്യ 

പല മേഖലകളിലും കാര്യമായ വികസനം കൊണ്ടുവരാനുള്ള പദ്ധതികൾ കലാം വിഭാവനം ചെയ്തിരുന്നു. അവയിൽ കൃഷി, ഭക്ഷ്യോത്പന്നങ്ങൾ, ഇൻഫ്രാ സ്ട്രക്ച്ചർ, വിദ്യുച്ഛക്തി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, കമ്യൂണിക്കേഷൻ, ഡിഫൻസ്, വിശ്വാസം എന്നിങ്ങനെ പല മേഖലകളും ഉൾപ്പെട്ടിരുന്നു. ദാരിദ്ര്യവും, അസാക്ഷരതയും കുറച്ചു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന് മാധ്യമങ്ങളുടെയും, സമൂഹത്തിന്റെയും, സാമൂഹ്യമാധ്യമങ്ങളുടെയും ഒക്കെ സഹായം പ്രതീക്ഷിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തി, വിപണിമൂല്യം കൂട്ടി, ഇന്ത്യൻ കറൻസിയുടെ നിരക്കുയർത്താൻ അദ്ദേഹം ആഗ്രഹിച്ചു. 

അദ്ദേഹത്തിന്റെ വിഷൻ 2020 യുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയായിരുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ജീവിതസൗകര്യങ്ങളിൽ ഉള്ള വൈരുദ്ധ്യം കുറയ്ക്കുക. 
വൈദ്യുതി, വെള്ളം എന്നിങ്ങനെയുള്ള വിഭവങ്ങൾ ഒരേ നിരക്കിൽ ഗ്രാമനഗര ഭേദമില്ലാതെ ലഭ്യമാക്കുക. കൃഷി, വ്യവസായം, സേവനം - ഈ മൂന്നു രംഗങ്ങളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക. ജനങ്ങളിൽ സദ്ഗുണങ്ങൾ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസം അർഹിക്കുന്ന ഒരു വിദ്യാർത്ഥിക്കുപോലും നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പിക്കുക. സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവര്ക്കും പഠിക്കാനുള്ള അവസരം ലഭ്യമാക്കുക. ഏവർക്കും ഏറ്റവും മികച്ച വൈദ്യസേവനങ്ങൾ ലഭ്യമാക്കുക. ദാരിദ്ര്യത്തെ തുടച്ചുനീക്കുക, ഭീകരവാദത്തെ ഇല്ലായ്മചെയ്യുക.സുസ്ഥിരമായ വികസനം കൊണ്ടുവരിക. ഇന്ത്യയെ ഏതൊരാൾക്കും വന്നു താമസിക്കാൻ തോന്നുന്ന ഒരിടമാക്കി മാറ്റുക, സ്പിരിച്വൽ ടൂറിസം പ്രോത്സാഹിപ്പിക്കുക. അങ്ങനെ വ്യക്തമായ കാഴ്ചപ്പാടുകളും പദ്ധതികളും എല്ലാ വിഷയങ്ങളിലും അദ്ദേഹം തയ്യാറാക്കിയിരുന്നു. 

ഓർത്തിരിക്കാതെ ഉണ്ടായ കലാമിന്റെ വേർപാട് 

 പണി പാതിവഴി എത്തി നിൽക്കെ, 2015   ജൂലൈ 27 -ന്  ഡോ . എപിജെ അബ്ദുൽ കലാം എന്ന ക്രാന്തദർശി, ഒരു ക്‌ളാസ് മുറിയിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഹൃദയം നിലച്ച്‌  മരിച്ചുപോയി.   അദ്ദേഹത്തിന്റെ അവിചാരിതമായ വിയോഗത്തിനുശേഷം വിഷനറീസ് ഓർഗനൈസേഷൻ ഇൻ സർവീസ് റ്റു സൊസൈറ്റി എന്ന സംഘടനയും 'ലെറ്റസ്‌ കംപ്ലീറ്റ് ഹിസ് വിഷൻ 2020' എന്ന നെറ്റ് വർക്കിങ്ങ് വെബ്‌സൈറ്റും ഒക്കെ ചേർന്നുകൊണ്ട് ആ വിഷൻ യാഥാർഥ്യമാക്കാനുള്ള  തുടർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കലാമിനെപ്പോലെ വിഹഗവീക്ഷണമുള്ള, ദീർഘദർശിയായ ഒരു നേതാവിന്റെ അഭാവം അതിന്റെ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിന് തടസ്സമാവുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.  

2020  ഇതാ ഇങ്ങു പടിവാതിൽക്കൽ എത്തി. നമ്മളോ..? വികസനത്തിൽ നിന്നും എത്ര ദൂരെയാണ് നമ്മൾ.. ? ഇങ്ങനെ ഒരു ചോദ്യം വരുമെന്ന് നേരത്തെ കണ്ടുകൊണ്ടാവണം, പ്രധാനമന്ത്രി മോഡി രണ്ടുകൊല്ലത്തേക്ക് നീട്ടിച്ചോദിച്ചിട്ടുണ്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ. 2022  ആണ്  അദ്ദേഹത്തിന്റെ ടാർഗറ്റ്. കലാം സ്വപ്നം കണ്ട വികസനം നമ്മിൽ നിന്നും എത്ര ദൂരെയാണ്? കാത്തിരുന്നു കാണുക തന്നെ 

click me!