
ആധുനിക വൈദ്യശാസ്ത്രം ക്ലോറോഫോമും മറ്റ് അനസ്തേഷ്യ മരുന്നുകളും കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ്, കഠിനമായ ശസ്ത്രക്രിയാ വേദനകളിൽ നിന്ന് രക്ഷനേടാൻ പൗരാണിക ചൈന രോഗികളെ സഹായിച്ചിരുന്നത് മാരകമായ ഒരു വിഷച്ചെടിയിലൂടെയായിരുന്നു! പതിനാലാം നൂറ്റാണ്ടിലെ മിങ് രാജവംശ കാലത്തെ പ്രശസ്ത സർജൻ ഷിയാ ക്വാന്‍റെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ ശസ്ത്രക്രിയാ ഉപകരണങ്ങളാണ് ഇപ്പോൾ ഈ അത്ഭുത സത്യം വെളിപ്പെടുത്തിയത്. 'വുൾഫ്സ്ബെയ്ൻ' എന്ന കടുംവിഷമുള്ള സസ്യത്തിലെ രാസവസ്തുക്കൾ കൃത്യമായ അളവിൽ സംയോജിപ്പിച്ച്, 'വിഷത്തെ മരുന്നാക്കി മാറ്റിയ' പൗരാണിക ചൈനീസ് ശാസ്ത്രജ്ഞരുടെ അസാധാരണ ബുദ്ധി വൈഭവത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുതിയ കണ്ടെത്തൽ.
ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഷാവോ കോങ്‌കാങ് (Zhao Congcang) പറയുന്നതനുസരിച്ച്, നാഡീകോശങ്ങളിലെ സോഡിയം, അയോൺ ചാനലുകളെയാണ് ഈ രാസവസ്തു സ്വാധീനിക്കുന്നത്. ഇത് നാഡികളെ ഉത്തേജിപ്പിക്കുകയും തുടർന്ന് താത്കാലികമായി അവയുടെ പ്രവർത്തനം മന്ദീപിപ്പിക്കുകയും ചെയ്യും. ഇത് രോഗിയുടെ ശരീരത്തിൽ പ്രയോഗിക്കുമ്പോൾ ആദ്യം ചെറിയൊരു ചൂടും തരിപ്പും അനുഭവപ്പെടുന്നു. തുടർന്ന് വേദന അറിയാത്ത അവസ്ഥയിലേക്ക് രോഗി മാറുന്നു. സാധാരണയായി രോഗികൾക്ക് ഈ മരുന്ന് വൈനിനൊപ്പം കുടിക്കാൻ നൽകുകയാണ് ചെയ്യാറുള്ളത്. ഇതുകൂടാതെ ശസ്ത്രക്രിയ നടത്തുന്ന ഭാഗത്ത് നേരിട്ട് പുരട്ടാവുന്ന തരത്തിലുള്ള മരുന്നുകളും അക്കാലത്ത് ചൈനീസ് വൈദ്യന്മാർ ഉപയോഗിച്ചിരുന്നു.
വിഷാംശം കുറച്ചെടുത്ത ഇത്തരം സസ്യങ്ങൾ പൊടിയായോ കുഴമ്പ് രൂപത്തിലോ ആണ് അക്കാലത്തെ വൈദ്യന്മാർ ശസ്ത്രക്രിയക്കായി ഉപയോഗിച്ചിരുന്നത്. മരുന്നിന്‍റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തിയിരുന്നു. വിഷത്തെ മരുന്നായി മാറ്റുന്ന ഈ രീതി അക്കാലത്തെ ചൈനീസ് വൈദ്യശാസ്ത്രത്തിന്‍റെ വലിയൊരു നേട്ടമായി കണക്കാക്കാം. എങ്കിലും ഇതിന്‍റെ അളവ് ഒരല്പം കൂടിയാൽ പോലും രോഗിയുടെ ജീവന് തന്നെ അപകടമാണ്. ഈ രാസവസ്തുവിന്‍റെ കേവലം 1 മുതൽ 2 മില്ലിഗ്രാം വരെയുള്ള അളവ് മനുഷ്യനെ മരണത്തിലേക്ക് നയിക്കാൻ പര്യാപ്തമാണ്. അളവ് തെറ്റുകയോ രക്തത്തിൽ കലരുകയോ ചെയ്താൽ അത് രോഗികളുടെ ചുണ്ടുകളിലും വായിലും തരിപ്പ്, അമിതമായി ഉമിനീരൊഴുക്കുക, ഓക്കാനം, ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവ ഉണ്ടാകാം. കടുത്ത വിഷബാധ മരണത്തിന് വരെ കാരണമായേക്കാം.
എന്നാൽ, അക്കാലത്തെ വൈദ്യന്മാർക്ക് ഈ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിനാഗിരിയിൽ തിളപ്പിക്കുക, ബ്ലാക്ക് ബീൻസിൽ കുതിർക്കുക, ചെറുപയർ ഉപയോഗിച്ച് വിഷാംശം കളയുക, സസ്യത്തിന്‍റെ പുറംതൊലി മാറ്റുക തുടങ്ങി നിരവധി ശുദ്ധീകരണ രീതികൾ അവർ സ്വീകരിച്ചിരുന്നു. ഇന്നത്തെ ആധുനിക കുത്തിവെപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് വേഗത കുറവാണെങ്കിലും, അന്നത്തെ കാലഘട്ടത്തിൽ വേദന കുറയ്ക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗമായിരുന്നു ഇത്. ചരിത്രരേഖകൾ പ്രകാരം ക്വിങ് രാജവംശത്തിന്‍റെ കാലം വരെ, അതായത് നൂറ്റാണ്ടുകളോളം ഈ രീതി തുടർന്നുപോന്നിരുന്നു. കൂടാതെ വുൾഫ്സ്ബെയ്ൻ മാത്രമല്ല, മറ്റ് ചില പരമ്പരാഗത സസ്യങ്ങളും അനസ്തേഷ്യക്കായി ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകർ പറയുന്നു. പ്രശസ്ത ചൈനീസ് വൈദ്യനായിരുന്ന ലി ഷിഷെൻ (Li Shizhen) തന്‍റെ 'കംപെൻഡിയം ഓഫ് മെറ്റീരിയ മെഡിക്ക' (Compendium of Materia Medica) എന്ന പുസ്തകത്തിൽ ഉമ്മത്തിൻ പൂക്കളുടെ (mandala flowers) അനസ്തേഷ്യ ഗുണങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആധുനിക അനസ്തേഷ്യ രീതികൾ ചൈനയിൽ പ്രചാരത്തിലാകുന്നത്. എങ്കിലും പുരാതന ചൈനീസ് ഹെർബൽ രീതികളെക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും തുടരുന്നുണ്ട്. വേദന സംഹാരികളുടെ ആധുനിക നിർമ്മാണത്തിന് ഇവയിൽ നിന്നും പുതിയ അറിവുകൾ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.