പെല്ലറ്റുകള്‍ പതിച്ചത് സ്ത്രീകളുടെ മുഖത്തും സ്‍തനങ്ങളിലും തുടകളിലും, ഇറാനിലെ ഡോക്ടര്‍മാര്‍

By Web TeamFirst Published Dec 9, 2022, 12:29 PM IST
Highlights

'ഇരുപതുകളുടെ തുടക്കത്തില്‍ ഉള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ചികിത്സിച്ചിരുന്നു. അവളുടെ ജനനേന്ദ്രിയത്തില്‍ രണ്ട് പെല്ലറ്റുകളാണ് തറച്ചു കയറിയിരുന്നത്. അവളുടെ തുടയ്ക്കുള്ളില്‍ മറ്റ് പത്ത് പെല്ലറ്റുകളുമുണ്ടായിരുന്നു.'

കുറേ നാളുകളായി ഇറാനില്‍ വലിയ തരത്തിലുള്ള പ്രക്ഷോഭം നടക്കുകയാണ്. സര്‍ക്കാരിനും മത പൊലീസിനും എതിരായ പുതിയ സമരത്തിന് തുടക്കം കുറിച്ചത് സ്ത്രീകളാണ്. സമരമുഖത്തും ഏറിയ പങ്കും സ്ത്രീകളായിരുന്നു. ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് മത പൊലീസ് അറസ്റ്റ് ചെയ്ത 22 -കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. 

ഇതേ തുടര്‍ന്ന് നിരവധി പ്രതിഷേധക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇപ്പോഴിതാ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത് ഇറാനിലെ സുരക്ഷാസേന സ്ത്രീകളുടെ മുഖം, സ്‍തനങ്ങള്‍, തുട എന്നിവിടങ്ങളിലേക്കാണ് വെടിയുതിര്‍ത്തത് എന്നാണ്. അത് സ്ത്രീകളായതിനാല്‍ മനപ്പൂര്‍വം ചെയ്‍തതാണ് എന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതായും ഗാര്‍ഡിയന്‍ എഴുതുന്നു. പത്തോളം ഡോക്ടര്‍മാരോടാണ് സംസാരിച്ചത്. 

തൊട്ടടുത്ത് നിന്നും സ്ത്രീകളുടെ ശരീരത്തിലെ അവയവങ്ങള്‍ ടാര്‍ഗറ്റ് ചെയ്‍തുകൊണ്ടാണ് വെടിയുതിര്‍ക്കപ്പെട്ടത് എന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പരിക്കുകള്‍ ചികിത്സിച്ച ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ഗാര്‍ഡിയന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പുരുഷന്മാരുടെ കാലുകളിലും പിന്‍ഭാഗത്തുമാണ് മിക്കവാറും വെടിയേറ്റിരിക്കുന്നത്. 

'ഇരുപതുകളുടെ തുടക്കത്തില്‍ ഉള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ചികിത്സിച്ചിരുന്നു. അവളുടെ ജനനേന്ദ്രിയത്തില്‍ രണ്ട് പെല്ലറ്റുകളാണ് തറച്ചു കയറിയിരുന്നത്. അവളുടെ തുടയ്ക്കുള്ളില്‍ മറ്റ് പത്ത് പെല്ലറ്റുകളുമുണ്ടായിരുന്നു. ആ പത്ത് പെല്ലറ്റുകളും എളുപ്പത്തില്‍ നീക്കം ചെയ്‍തു. എന്നാല്‍, മറ്റ് രണ്ട് പെല്ലറ്റുകള്‍ നീക്കം ചെയ്യുക കഠിനമായിരുന്നു. കാരണം അവ അവളുടെ ഗര്‍ഭപാത്രത്തിനും യോനിക്കും ഇടയില്‍ നുഴഞ്ഞു കയറിയിരുന്നു' എന്ന് ഒരു ഡോക്ടര്‍ പറഞ്ഞതായും ഗാര്‍ഡിയന്‍ എഴുതുന്നു. സ്ത്രീകളെയും പുരുഷന്മാരേയും വ്യത്യസ്തമായാണ് അവര്‍ നേരിട്ടത് എന്നും മധ്യ ഇസ്‌ഫഹാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ഫിസിഷ്യൻ പറഞ്ഞതായും ഗാര്‍ഡിയന്‍ എഴുതുന്നു. 

പ്രധാന അവയവങ്ങൾക്ക് കേടുപാടുകൾ ഇല്ലാതിരിക്കാന്‍ കാലുകളിലും പാദങ്ങളിലും ആയുധങ്ങൾ പ്രയോഗിക്കുന്നത് പോലെയുള്ള രീതികൾ ഒന്നും തന്നെ സുരക്ഷാസേന അവലംബിച്ചില്ല എന്നും പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി. 

click me!