ഇന്ത്യയുടെ കൊടുംശത്രു; താലിബാന്റെ മണ്ണില്‍ കൊല്ലപ്പെട്ട പാക് താലിബാന്‍ നേതാവ് ആരാണ്?

Web Desk   | Asianet News
Published : Jan 12, 2022, 05:33 PM ISTUpdated : Jan 13, 2022, 12:33 PM IST
ഇന്ത്യയുടെ കൊടുംശത്രു; താലിബാന്റെ മണ്ണില്‍  കൊല്ലപ്പെട്ട പാക് താലിബാന്‍ നേതാവ് ആരാണ്?

Synopsis

പാക് സൈന്യം വര്‍ഷങ്ങളായി തിരയുന്ന കൊടും ഭീകരന്‍. അതിനപ്പുറം ഖാലിദ് ബാള്‍ട്ടി ആരായിരുന്നു? 

സര്‍ക്കാറുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍നിന്നും പാക് താലിബാന്‍ പിന്‍മാറിയതിനിടെ, പാക് താലിബാന്റെ ഉന്നത നേതാവ് അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു. മുന്‍ കമാണ്ടറും ഔദ്യോഗിക വക്താവുമായ മുഹമ്മദ് ഖുറെസാനി എന്ന ഖാലിദ് ബാള്‍ട്ടി പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാന്‍ പ്രദേശത്തുവെച്ച് വെടിയേറ്റ് മരിച്ചതായി പാക് സൈനിക വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. കിഴക്കന്‍ അഫ്ഗാനിസ്താനിലെ നന്‍ഗറാര്‍ പ്രവിശ്യയില്‍വെച്ച് ഇയാളെ സായുധ സംഘം വെടിവെച്ചുകൊന്നതായാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇങ്ങനെയൊരു സംഭവം അഫ്ഗാനിസ്താനില്‍ നടന്നിട്ടില്ലെന്നാണ് അഫ്ഗാന്‍ താലിബാന്‍ പറയുന്നത്. ഖാലിദ് ബാള്‍ട്ടി ഇപ്പോഴും ജീവനോടെയുണ്ടെന്ന് പാക് താലിബാനും പ്രസ്താവനയില്‍ അറിയിച്ചു. പക്ഷേ, ഇയാളുടെ കൊലപാതക വാര്‍ത്ത സത്യമാണെന്നാണ് പാക് സൈന്യം ആവര്‍ത്തിക്കുന്നത്. 

ഏഴ് വര്‍ഷം മുമ്പ് പാക് താലിബാന്റെ ശക്തികേന്ദ്രമായ വസീറിസ്താനില്‍ പാക്കിസ്താന്‍ സൈന്യം നടത്തിയ കനത്ത ആക്രമണത്തിനിടെ അനുയായികള്‍ക്കൊപ്പം അഫ്ഗാനിസ്താനിലേക്ക് കടന്ന ഇയാള്‍ അവിടെ അറസ്റ്റിലായിരുന്നു. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാള്‍ അടക്കമുള്ള പാക് താലിബാന്‍ നേതാക്കെള മോചിപ്പിച്ചിരുന്നു. അതിനുശേഷം, വെടിനിര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത് ഖാലിദ് ബാള്‍ട്ടി ആയിരുന്നു. പാക് താലിബാന്റെ ഔദ്യോഗിക വക്താവായി തുടരുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതായി പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 

പാക് താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ അഫ്ഗാനിസ്താനിലെ താലിബാന്റെ പിന്തുണയുണ്ടായിരുന്നുവെങ്കിലും അടുത്തിടെ കാര്യങ്ങള്‍ മാറിയിരുന്നു. ലോകം മുഴുവന്‍ അഫ്ഗാന്‍ താലിബാനെ ഒറ്റപ്പെടുത്തിയ സമയത്ത് അവരെ മുഖ്യമായും പിന്തുണച്ചത് പാക്കിസ്താന്‍ ആയിരുന്നു. തുടര്‍ന്ന്, താലിബാനും പാക് സര്‍ക്കാറും തമ്മില്‍ അടുത്ത ബന്ധമുണ്ടായി. ഈ അവസരം ഉപയോഗിച്ച്, തങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന പാക് താലിബാനെ ഒതുക്കാനുള്ള നീക്കങ്ങള്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ ആരംഭിച്ചു. അഫ്ഗാന്‍ താലിബാനെ മധ്യസ്ഥരായി ഉപയോഗിച്ച് വെടിനിര്‍ത്തല്‍ നടത്താനായിരുന്നു ആദ്യം ശ്രമം. എന്നാല്‍, കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് പാക് താലിബാന്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്നും ഡിസംബര്‍ പത്തിന് ഏകപക്ഷീയമായി പിന്‍മാറി. തുടര്‍ന്ന് പാക് താലിബാനെ അനുനയിപ്പിക്കാന്‍ അഫ്ഗാന്‍ താലിബാന്‍ രംഗത്തുവന്നിരുന്നുവെങ്കിലും അവര്‍ തയ്യാറായില്ല. അതിനുശേഷം ഇരു താലിബാന്‍ നേതാക്കളുമായി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ഖാലിദ് ബാള്‍ട്ടിയുടെ കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. 

 

 

ആരാണ് ഖാലിദ് ബാള്‍ട്ടി

തെഹ്‌രീകെ താലിബാന്‍ പാക്കിസ്താന്‍ (ടി ടി പി) പാക്കിസ്താന്റെ മണ്ണില്‍ നടത്തിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു നിലവില്‍ വക്താവായി തുടരുന്ന ഖാലിദ് ബാള്‍ട്ടി.  ജില്‍ജിത് ബാള്‍ട്ടിസ്താന്‍ സ്വദേശിയായ ഈ അമ്പതുകാരന്‍ വര്‍ഷങ്ങളായി പാക് താലിബാന്റെ കമാന്‍ഡറായിരുന്നു. ഇന്ത്യുട കടുത്ത വിരോധിയായിരുന്നു ഖാലിദ്. പാക്കിസ്താന്‍ പിടിച്ചെടുത്ത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കണമെന്ന് പലവട്ടം ഇയാള്‍ പറഞ്ഞിട്ടുണ്ട്. 

2007-ലാണ് പാക് താലിബാന്റെ ആദ്യരൂപമായ തെഹ്‌രീകെ നിഫാസ് ശരീഅത്തി മുഹമ്മദിയില്‍ ഇയാള്‍ ചേര്‍ന്നത്. അതിനുശേഷം പാക് താലിബാന്റെ സ്ഥാപക നേതാവായ മുല്ലാ ഫസലുല്ലയുടെ വലം കൈയായി ഇയാള്‍ മാറി. പിന്നീട്, എല്ലാ തലത്തിലുമുള്ള പാക് താലിബാന്‍ ഭീകരരുമായും ഇയാള്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.  2014-ല്‍ ഇയാള്‍ പാക് താലിബാന്റെ മാധ്യമവിഭാഗം തലവനായി.  പാക് താലിബാന്റെ ്രപചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇയാളായിരുന്നു. 

ഖൈബര്‍ പക്തൂണ്‍ഖ്വായിലെ മിറംഷാ പട്ടണം കേന്ദ്രീകരിച്ചാണ് ഇയാള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇവിടെ പാക് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്കിടയിലാണ് ഖാലിദ് അഫ്ഗാനിസ്താനിലേക്ക് കടന്നതും 2015-ല്‍ അവിടെ വെച്ച് അറസ്റ്റിലായതും. തുടര്‍ന്ന് ഇയാള്‍ അതീവ സുരക്ഷയുള്ള ബഗ്‌റാം ജയിലില്‍ തടവുകാരനായിരുന്നു. പിന്നീടാണ്, താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ ഇയാള്‍ അടക്കമുള്ള പാക് താലിബാന്‍ തടവുകാര്‍ ജയില്‍ മോചിതരായത്. 

ആരാണ് തെഹ്രീകെ താലിബാന്‍ പാക്കിസ്താന്‍? 

അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്ത താലിബാനില്‍നിന്നും വേറിട്ടാണ് തെഹ്രീകെ താലിബാന്‍ പാക്കിസ്താന്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്താനില്‍ അധികാരം പിടിച്ചടക്കുകയാണ് അവരുടെ ലക്ഷ്യം. അഫ്ഗാന്‍ മാതൃകയില്‍ പാക്് ഭരണം പിടിച്ചടക്കി ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലളവിനിടെ ഇവര്‍ ആയിരക്കണക്കിന് പാക് സൈനികരെ കൊന്നൊടുക്കുകയും സിവിലിയന്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. അതിനിടെ, പല തവണ പാക്കിസ്താന്റെ വലിയ പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കുകയും ചെയ്തു. 

വടക്കു പടിഞ്ഞാറന്‍ മേഖലയിലെ സ്വാത് താഴ്വര വര്‍ഷങ്ങളോളം ഇവരുടെ പിടിയിലായിരുന്നു. അമേരിക്കയുടെ സഹായത്തോടെ പാക് സൈന്യം നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയാണ് അന്ന് സ്വാത് താഴ്വര പിടിച്ചടക്കിയത്. ആയിരക്കണക്കിന് സിവിലിയന്‍മാര്‍ അടക്കം കൊല്ലപ്പെട്ട സ്വാത് യുദ്ധത്തിനു ശേഷവും പാക് താലിബാന്‍ മറ്റിടങ്ങളില്‍ ശക്തമായി തുടരുകയാണ്. നോബല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായിയെ കൊല ചെയ്യാന്‍ ശ്രമിച്ചതടക്കം അനേകം കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ഉള്ളത്. 


താലിബാന്‍ വെടി നിര്‍ത്തല്‍ നിര്‍ത്തിയത് എന്തിന്?  

അതിനിടെ, അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ പിന്‍മാറ്റമുണ്ടാവുകയും ആ ഒഴിവില്‍ താലിബാന്‍ ഭരണകൂടത്തെ കടപുഴക്കുകയും ചെയ്തു. ഇത് പാക് താലിബാന് വലിയ പ്രചോദമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒതുങ്ങിപ്പോയ പാക് താലിബാന്‍ ഇതിനുശേഷം ഏകോപിക്കുകയും സര്‍ക്കാറിനെതിരെ ആക്രമണം കടുപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്താനിലേതുപോലെ പാക് ഭരണം പിടിച്ചടക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പാക് സൈന്യത്തിനെതിരെ ആക്രമണം കടുത്ത സാഹചര്യത്തിലാണ് അഫ്ഗാനിസ്താനിലെ താലിബാന്റെ സഹായത്തോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഒരു മാസം ആവുമ്പോള്‍ തന്നെ കരാര്‍ പാലിക്കില്ലെന്ന് വ്യക്തമാക്കി വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കയാണ് പാക് താലിബാന്‍. 

കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് പാക് താലിബാന്‍ ഇപ്പോള്‍ വെടിനിര്‍ത്തലില്‍നിന്നും പിന്‍വാങ്ങിയത്. 100 താലിബാന്‍ തടവുകാരെ മോചിപ്പിക്കുക, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥ സംഘത്തെ നിയോഗിക്കുക എന്നീ കാര്യങ്ങളായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് താലിബാന്‍ കുറ്റപ്പെടുത്തുന്നത്. അതോടൊപ്പം, വെടിനിര്‍ത്തലിന്റെ മറവിലും പാക് സൈന്യം തങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്നും താലിബാന്‍ ഇതിനു കാരണമായി പറയുന്നു. എന്നാല്‍, പാക് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

പാക് താലിബാന്റെ ലക്ഷ്യം എന്താണ്? 

അഫ്ഗാന്‍ മാതൃക പിന്തുടര്‍ന്ന് സായുധ പോരാട്ടത്തിലൂടെ പാക് മേഖലകള്‍ പിടിച്ചടക്കി പതിയെ സര്‍ക്കാറിനെ താഴെയിറക്കുകയാണ് പാക് താലിബാന്റെ ലക്ഷ്യം. പുതിയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് പാക് താലിബാന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്താനിലെ താലിബാന്റെ സഹായം തങ്ങള്‍ക്ക് ലഭിക്കുമെന്നും ആ സഹായത്തോടെ പാക്കിസ്താന്‍ പിടിക്കാനാവുമെന്നുമാണ് പാക് താലിബാന്‍ കരുതുന്നത്. 

ഇതിനായി അഫ്ഗാനിസ്താനില്‍ തന്നെയുള്ള അല്‍ ഖാഇദ, ഐസിസ് എന്നീ സംഘങ്ങളുടെ സഹായവും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് അവരുടെ ധാരണ. അഫ്ഗാനിസ്താനിലെ താലിബാന്‍ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും പഴയതുപോലെ ഇടപെടില്ലെന്നും പാക് താലിബാന്‍ കരുതുന്നു. ഇംറാനെതിരെ രൂപം കൊണ്ട യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണയോടെ രാഷ്ട്രീയമായ ദുര്‍ബലമായ പാക്കിസ്താന്‍ സര്‍ക്കാറിനെ മറിച്ചിടാനാണ് ഇപ്പോള്‍ അവരുടെ ശ്രമം. 

അതിന്റെ ഭാഗമായാണ് വെടിനിര്‍ത്തലില്‍നിന്നുള്ള പിന്‍മാറ്റം എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.  പാക്കിസ്താനിലെ ഈ സംഭവവികാസങ്ങള്‍ അയല്‍രാജ്യങ്ങള്‍ കരുതലോടെയാണ് കാണുന്നത്. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഈ മേഖലയ്ക്കു തന്നെയും ഭീഷണിയാണ് പാക് താലിബാന്റെ ശ്രമങ്ങള്‍ എന്നാണ് വിലയിരുത്തല്‍. 

ഇംറാന്‍ ഖാന്റെ അഫ്ഗാന്‍ നയത്തിനുപിന്നിലെന്ത്?  

ഈ ഭീഷണി മുന്‍കൂട്ടിക്കണ്ടാണ്, അഫ്ഗാനിസ്താനിലെ താലിബാനോടുള്ള പഴയ നിലപാട് ഇംറാന്‍ സര്‍ക്കാര്‍ മാറ്റിയതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതോടെ ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ താലിബാന്‍ വിരുദ്ധ സമീപനം സ്വീകരിച്ചപ്പോള്‍ ഇംറാന്‍ സര്‍ക്കാറാണ് അവര്‍ക്ക് അനുകൂലമായി നിന്നത്. 

തുടക്കം മുതല്‍ താലിബാനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചത്. ലോകരാജ്യങ്ങള്‍ എതിര്‍നിലപാട് സ്വീകരിച്ചപ്പോള്‍ അഫ്ഗാന്‍ താലിബാനെ സഹായിക്കാന്‍ പാക് സര്‍ക്കാര്‍ ആദ്യമേ മുന്നിട്ടിറങ്ങി. അഫ്ഗാന്‍ താലിബാനുമായി നല്ല ബന്ധം പുലര്‍ത്താനും ഇതുവഴി ഇംറാന്‍ സര്‍ക്കാറിന് കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയായാണ് അവരെ ഉപയോഗിച്ച് ഇംറാന്‍ പാക് താലിബാനെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചത്. 

പാക് താലിബാന് അഫ്ഗാനിസ്താനില്‍നിന്നുള്ള പിന്തുണ ഇല്ലാതാക്കാനും അതുവഴി അവരെ ഒറ്റപ്പെടുത്താനും തങ്ങള്‍ക്ക് കഴിയുമെന്നാണ് പാക് സര്‍ക്കാറിന്റെ വിശ്വാസം. ഇതു മുന്‍കൂട്ടിക്കണ്ടാണ് വെടിനിര്‍ത്തല്‍ കരാറില്‍നിന്നും പാക് താലിബാന്‍ പിന്‍മാറിയതെന്നു കരുതുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഗർഭിണിയായ കൗമാരക്കാരിയും ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ട അപകടം, കുറ്റക്കാരനായ ഇന്ത്യക്കാരനെ നടുകടത്തുമെന്ന് യുഎസ്
'അവൻ സുന്ദരിമാരെ കണ്ടിട്ടില്ല'; ദില്ലി മെട്രോയിൽ വച്ച് തന്നെ കയറിപ്പിടിച്ച കൗമാരക്കാരനെ അവന്‍റെ അമ്മ ന്യായീകരിച്ചു; യുഎസ് യുവതി