
ഇന്ത്യയെ കുറിച്ച് മിക്കവാറും വിദേശികൾ ഉയർത്തുന്ന വിമർശനമാണ് ഇന്ത്യയിലെ മാലിന്യം വലിച്ചെറിയുന്ന പതിവ്. ഇപ്പോഴിതാ ഒരു സെർബിയൻ പൗരൻ വെറും 15 സെക്കൻഡിനുള്ളിൽ ഇന്ത്യയിൽ റോഡരികിലിട്ടിരിക്കുന്ന മാലിന്യം മാറ്റുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ചില സ്ഥലങ്ങളെല്ലാം എങ്ങനെയാണ് എന്ന കാര്യത്തിൽ വലിയ ചർച്ചയ്ക്ക് തന്നെ ഈ വീഡിയോ തുടക്കം കുറിച്ചു.
@4cleanindia എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിന്റെ മുന്നിലായി ഇട്ടിരിക്കുന്ന മാലിന്യമാണ് കാണുന്നത്. ഇത് ഒരു മാസമെങ്കിലുമായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യമാണ് എന്നാണ് യുവാവ് പറയുന്നത്.
'എന്റെ വീടിന്റെ പുറത്താണല്ലോ ഇത്, അതുകൊണ്ട് തന്നെ കുഴപ്പമില്ല. ശരിയല്ലേ? ഇത് പൂർത്തിയാക്കാൻ ഏകദേശം 15 സെക്കൻഡാണ് എടുത്തത്. ഒരു ബാഗ് മാലിന്യം. ഒരു മാസമായിട്ട് ഇത് അവിടെയുണ്ട്' എന്നും യുവാവ് വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. വീഡിയോയിൽ കാണുന്നത് യുവാവ് ഒരു വീടിന്റെ ഗേറ്റിന് മുന്നിലായി റോഡരികിൽ ഇട്ടിരിക്കുന്ന മാലിന്യം മാറ്റി ആ സ്ഥലം വൃത്തിയാക്കുന്നതാണ്.
'എന്റെ വീടിന് പുറത്താണെങ്കിൽ, അത് എന്റെ പ്രശ്നമല്ല! ഇതാണ് ഇന്ത്യയിലെ മിക്ക ആളുകളുടെയും മനോഭാവം, അത് മാറിക്കഴിഞ്ഞാൽ തന്നെ ഇവിടെ മാറ്റങ്ങൾ സംഭവിക്കും. പരസ്പരം കുറ്റപ്പെടുത്തുന്നതും വിരൽചൂണ്ടുന്നതും നിർത്തുക, നടപടി കൈക്കൊള്ളുക. അപ്പോൾ നിങ്ങൾക്കതിന്റെ വ്യത്യാസം കാണാൻ കഴിയും' എന്നും യുവാവ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
1.2 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിലും പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെ കുറിച്ചും മറ്റും ചർച്ചകൾ ഉയരാൻ ഇത് കാരണമായി. ഇത് ഇന്ത്യക്കാർക്ക് നാണക്കേടാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.