പെൻ​ഗ്വിനുകൾ അന്യ​ഗ്രഹ ജീവികളാണോ? പുതിയ സംശയം പ്രകടിപ്പിച്ച് ഒരുകൂട്ടം ​ഗവേഷകർ, കാരണം...

By Web TeamFirst Published Sep 15, 2021, 2:56 PM IST
Highlights

ഇതിനെ തുടർന്ന്, അറ്റ്ലാന്റിക് സമുദ്രത്തിന് സമീപമുള്ള ഫാക്ലാൻഡ് ദ്വീപുകളിൽ കണ്ടുവരുന്ന ജെന്റൂ പെൻഗ്വിനുകളുടെ ജീവിതരീതികളെ കുറിച്ച് കൂടുതലായി പഠിക്കാൻ ഗവേഷകർ പദ്ധതിയിടുന്നു.

ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പെൻഗ്വിനുകൾ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അവയെ കുറിച്ച് പഠിച്ച ഒരു കൂട്ടം ഗവേഷകർ തീർത്തും ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. പെൻഗ്വിനുകൾ അന്യഗ്രഹ ജീവികളാണെന്ന വിചിത്രവാദമാണ് ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. പെൻഗ്വിനുകളുടെ വിസർജ്യത്തിൽ നിന്ന് കണ്ടെത്തിയ ഒരു രാസവസ്തുവാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേരാൻ അവരെ പ്രേരിപ്പിച്ചത്.  

ബ്രിട്ടനിലെ ഗവേഷകർക്ക് പക്ഷിയുടെ വിസർജ്യത്തിൽ ഫോസ്ഫൈൻ എന്നറിയപ്പെടുന്ന രാസവസ്തുവിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞു. ഇത് വീനസ് ഗ്രഹത്തിൽ കാണപ്പെടുന്ന ഒരു രാസവസ്തുവാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, വീനസിൽ മാത്രം കാണപ്പെടുന്ന ഫോസ്ഫൈൻ 38 മില്ല്യൺ മൈൽ അകലെയുള്ള ഭൂമിയിൽ എങ്ങനെ ഉണ്ടായിയെന്ന് വിശദീകരിക്കാൻ ശാസ്ത്രജ്ഞർ ഇപ്പോഴും പാടുപെടുകയാണ്. ഇത് പെൻഗ്വിനുകളുടെ ഉത്ഭവത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾക്ക് ഇടനൽകുന്നു. ഇതിനെ തുടർന്ന്, അറ്റ്ലാന്റിക് സമുദ്രത്തിന് സമീപമുള്ള ഫാക്ലാൻഡ് ദ്വീപുകളിൽ കണ്ടുവരുന്ന ജെന്റൂ പെൻഗ്വിനുകളുടെ ജീവിതരീതികളെ കുറിച്ച് കൂടുതലായി പഠിക്കാൻ ഗവേഷകർ പദ്ധതിയിടുന്നു.

“ഫോസ്ഫൈൻ കണ്ടെത്തൽ സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ ഇതിൽ നിന്ന് എന്ത് അനുമാനിക്കാമെന്നത് ഇപ്പോൾ പറയാനാകില്ല. പെൻഗ്വിനിന്റെ ശരീരത്തിലുള്ള ചില  ബാക്ടീരിയകളാണ് രാസവസ്തു ഉല്പാദിപ്പിക്കുന്നത്. തടാകത്തിലെ ചെളിയിലും, പെൻഗ്വിനുകളുടെ കുടലിലും അവ കാണപ്പെടുന്നു" ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡോക്ടർ ഡേവ് ക്ലെമന്റ്സ് പറഞ്ഞു. ഒരു  പ്രതിരോധമാർഗ്ഗമായിട്ടോ, അല്ലെങ്കിൽ മറ്റ് ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കേണ്ടിവരുമ്പോഴോ ആണ് ഈ രാസവസ്തു ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയോട് സമാനമായ അന്തരീക്ഷമാണ് വീനസിലുള്ളത്. കഴിഞ്ഞ വർഷം വീനസിന് ചുറ്റുമുള്ള വാതക പാളികളിൽ രാസവസ്തുക്കളുടെ അംശം ഗവേഷകർ കണ്ടെത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കുന്നതിന് മുന്നോടിയായിട്ടാണ് പെൻഗ്വിനുകളെയും ഫോസ്ഫൈനെയും കുറിച്ചുള്ള പഠനം നടക്കുന്നത്. ഡിസംബർ 18 ന് ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ഈ കൂറ്റൻ ദൂരദർശിനി വിക്ഷേപിക്കുക. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ), കനേഡിയൻ സ്പേസ് ഏജൻസി (സിഎസ്എ) എന്നിവരുടെ സഹകരണ പദ്ധതിയാണിത്. നാസയുടെ അഭിപ്രായത്തിൽ, ഈ ദൂരദർശിനിക്ക് മറ്റ് ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയും. വരും വർഷങ്ങളിൽ ബഹിരാകാശത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിന് ഈ ദൂരദർശിനി വളരെ ഉപയോഗപ്രദമാകും.  

click me!