ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്...

By Web TeamFirst Published Apr 9, 2020, 5:31 PM IST
Highlights

പ്രൊഫ. എസ്. ശിവദാസ് എഴുതുന്ന പരമ്പര കൊവിഡ് കാലം - 2

വൈറസുകൾ തന്നെ പ്രകൃതിയിൽ അനേക ദശലക്ഷം ഉണ്ടാകണം. അയ്യായിരത്തിലേറെ ജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 1500 ഓളം നമുക്ക് രോഗമുണ്ടാക്കുന്നവയാണ്. അവയുമായി ഇടപഴകിത്തന്നെ വിജയകരമായി ജീവിക്കാൻ നാം പഠിക്കണം. നിരാശരാകുന്നതിലെന്തർത്ഥം?

 

വൈറസുകൾ എന്നു കേൾക്കുമ്പോൾ തന്നെ ഞാനൊരു കഥയോർക്കും. വർഷം 1962. ഞാൻ കോട്ടയം സി.എം.എസ് കോളജിൽ പഠിപ്പിക്കാൻ തുടങ്ങിയ കാലം. എം.എസ്.സി രണ്ടാം വർഷക്കാർക്ക് മാംസ്യങ്ങളുടെ (പ്രോട്ടീനുകളുടെ) ഘടന പഠിപ്പിക്കുന്ന ചുമതല എന്റെ തലയിൽ വന്നു. ഏറ്റവും പുതിയ കണ്ടെത്തലുകളാണ് പഠിപ്പിക്കേണ്ടത്. ഞങ്ങൾ എം.എസ്.സി -ക്കു പഠിച്ചിട്ടില്ലാത്ത വിഷയം. അതും പറഞ്ഞ് പഠിപ്പിക്കാതെ പറ്റുമോ? അക്കാലത്ത് ഇന്റർനെറ്റൊന്നുമില്ല. ഭാഗ്യത്തിന് ഏറ്റവും പുതിയ കണ്ടെത്തലുകൾ സചിത്രം വിവരിക്കുന്ന ഒരു റഫറൻസ് ഗ്രന്ഥം ആയിടെ ഡിപ്പാർട്ട്മെന്റിൽ വാങ്ങിയിരുന്നു. അതെടുത്ത് കുത്തിയിരുന്നു തനിയെ വായിച്ചു പഠിച്ചു. മറ്റാരോടും സംശയം ചോദിക്കാനുമില്ലായിരുന്നു. അങ്ങനെ പഠിച്ച് ഒരു ദിവസം ഞാൻ ക്ലാസെടുക്കുകയായിരുന്നു. 

1935 -ൽ വെൻഡൽ സ്റ്റാൻലി എന്ന ശാസ്ത്രജ്ഞൻ ഒരു പ്രോട്ടീന്റെ പരലുകൾ വേർതിരിച്ചെടുത്ത കഥ പറഞ്ഞു. പരലുകൾ (crystals) എന്നു പറഞ്ഞാൽ നിർജ്ജീവമായ ഒരു പദാർത്ഥം ആണല്ലോ. പക്ഷേ, അത് പുകയിലച്ചെടിയുടെ ഉള്ളിലെത്തിയാൽ കോശങ്ങളിൽ കടന്നു കൂടിയാൽ, വളരും. പെരുകും. പെട്ടെന്ന് ജീവൻ വച്ച് പുകയിലച്ചെടിയുടെ കോശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് തന്റെ വളർച്ചയ്ക്കും പെരുകലിനും ഉപയോഗിക്കും. അപ്പോൾ പുകയിലച്ചെടിക്ക് മൊസൈക് രോഗം വരും. ആ പരലുകൾ ആ സാംക്രമിക രോഗം പകർത്താൻ കഴിയുന്നവയുമാണ്. എന്ന് സ്റ്റാൻലി തന്നെ കണ്ടെത്തിയിരുന്നു. അതൊരു വൈറസ് ആണെന്ന്. ടുബാക്കോ മൊസൈക് വൈറസ് എന്ന് പേര്.
അത്രയും പഠിപ്പിച്ചത് കേട്ട് കുട്ടികൾ അത്ഭുതപ്പെട്ടു. ''സാർ, സ്റ്റാൻലി വേർതിരിച്ചെടുത്ത പരലുകൾക്ക് ജീവനുണ്ടോ, ഉണ്ടായിരുന്നോ?"
''ഇല്ല. പുകയിലച്ചെടിയുടെ കോശങ്ങളിൽ കയറിപ്പറ്റിയാൽ ആ സൂക്ഷ്മകണങ്ങൾക്ക് ജീവൻ വയ്ക്കും. അവ സജീവമാകും.''
''നിർജ്ജീവവസ്തുക്കൾ പെട്ടെന്നു സജീവമാകുമോ!''
''ഉവ്വ്''

പെട്ടെന്ന് മിടുക്കനായൊരു കുട്ടി എഴുന്നേറ്റു നിന്നു ചോദിച്ചു: ''സാർ, വൈറസുകൾക്ക് ശരിക്കും ജീവനുണ്ടോ?''
''ജീവനുണ്ടോ?'' ഞാൻ ചിരിച്ചുകൊണ്ട് എന്നോടുതന്നെ ചോദിച്ചുപോയി. അക്കാലത്ത് കെമിസ്ട്രി എം.എസ്.സി ക്ലാസിൽ വരുന്ന കുട്ടികൾ അതിബുദ്ധിമാന്മാരായിരുന്നു. അവരൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിൽപോയി വലിയ നിലകളിലെത്തുന്നവരായിരുന്നു. ബുദ്ധിപൂർവ്വം സംശയങ്ങൾ ചോദിക്കുന്ന അവരോടു സൂത്രമൊന്നും പറ്റില്ല. അതിനാൽ ഞാൻ പറഞ്ഞു.
''ടുബാക്കോ മൊസൈക് വൈറസ് പ്രോട്ടീൻ വെളിയിൽ ഇരിക്കുമ്പോൾ ജീവന്റെ ലക്ഷണമൊന്നും കാണിക്കില്ല. തിന്നുകയില്ല. പെരുകുകയില്ല.. പക്ഷേ, പുകയിലച്ചെടിയുടെ കോശങ്ങൾക്കുള്ളിലെത്തിയാൽ അതിനുള്ളിലെ ഭരണം പിടിച്ചടക്കും. പെരുകും. ''
'' സാർ, ശരിക്കുമൊരു ആക്രമണം ആണല്ലോ. കൈയേറ്റം, പിടിച്ചടക്കൽ. ''
'' അതെ, വൈറസുകൾ ബാക്ടീരിയങ്ങളേക്കാൾ സൂക്ഷ്മമായ കണങ്ങളാണ്. അണുക്കളാണെന്നും പറയാം. കണ്ണുകൊണ്ട് കാണാൻ പറ്റില്ല. സാധാരണ മൈക്രോസ്കോപ്പിലൂടെയും കാണാനാവില്ല. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കാണാം. 10 അല്ലെങ്കിൽ 20 മുതൽ 200 നാനോമീറ്റർ വരെ വ്യാസമുള്ള സൂക്ഷ്മാണുക്കൾ.
(1 nanometer=10-9 m)

അത്രയും ഞാൻ വിവരിച്ചപ്പോൾ മറ്റൊരു കുട്ടി ഒരു കള്ളച്ചിരിയോടെ പറഞ്ഞു:
''സാർ, ഞങ്ങളുടെ ചോദ്യത്തിന് ശരിക്കും ഉത്തരം പറഞ്ഞില്ല. വൈറസുകൾക്ക് ജീവനുണ്ടോ? അവ ശരിക്കും ജീവികളാണോ? ആണെങ്കിൽ പിന്നെയങ്ങനെ അതിഥികോശങ്ങൾക്ക് വെളിയിൽ നിർജ്ജീവമായിട്ടിരിക്കുന്നു?''
''നിങ്ങൾക്ക് സ്വന്തം നിഗമനത്തിലെത്താം. ജീവനുള്ളവയ്ക്കും ജീവനില്ലാത്തവയ്ക്കും ഇടയിലെ വേലിയിലിരിക്കുന്ന വിരുതന്മാരാണു വൈറസുകൾ എന്നു പറയാം. സാധാരണ ജീവനില്ലാതെയിരിക്കും. ജീവനുണ്ടാകാൻ പറ്റിയിടത്തെത്തിയാൽ ജീവന്റെ സ്വഭാവങ്ങൾ പ്രദർശിപ്പിക്കും.
''നന്നായി ജീവിക്കും, അല്ലേ സാർ?''
ആ കമന്റ് കേട്ട് അവന്റെ കൂട്ടുകാരും ഞാനും ചിരിച്ചു.
അന്ന് ക്ലാസ് അവസാനിക്കും മുമ്പ് ഞാൻ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു: എന്താണു ജീവൻ? കുട്ടികൾ ക്ലാസിൽ പഠിച്ചിട്ടുള്ള നിർവചനം പറഞ്ഞു. പക്ഷേ, അതു തൃപ്തികരമല്ലെന്നു സമ്മതിച്ചാണ് അവർ അന്നു പിരിഞ്ഞത്.

എന്താണു ജീവൻ? ജീവികളായ നമുക്കു ജീവനെന്താണെന്നറിയാം. പക്ഷേ, എന്താണെന്നു കൃത്യമായി പറയാനറികയുമില്ല. അന്നത്തെ ക്ലാസിനുശേഷം ഒരുനാൾ ഞാൻ തിരുവനന്തപുരത്തു പോയി. പതിവുപോലെ പ്രതിഭാശാലിയായ ഡോ. സി.ജി.രാമചന്ദ്രൻ നായർ സാറിന്റെ വീട്ടിൽ പോയി. വർത്തമാനം പറഞ്ഞുകൊണ്ട് ഞങ്ങൾ ഡോ. എ.എൻ. നമ്പൂതിരിയുടെ വീട്ടിലെത്തി. പണ്ഡിതനായ ആ ജീവശാസ്ത്രജ്ഞനുമായി എന്താണു ജീവൻ എന്നു മണിക്കൂറുകൾ ചർച്ച ചെയ്തു. ജീവന്റെ നാനാതരം സ്വഭാവസവിശേഷതകൾ ഞങ്ങൾ ഓർത്തെടുത്തു. അത്ഭുതകരമായ ജീവന്റെ ആനന്ദനൃത്തം നടക്കുന്ന മനോഹരമായ ഈ ഭൂമിയെ സ്തുതിച്ചു. പ്രപഞ്ചത്തിൽ മറ്റൊരിടത്തും നമ്മുടെ അറിവിൽ ജീവന്റെ തുടിപ്പില്ല എന്ന് നമ്പൂതിരി സാർ പറഞ്ഞു. വേറെ എവിടെയെങ്കിലുമൊക്കെ ഉണ്ടാകാതിരിക്കില്ല എന്ന് വിജിആർ. എന്തായാലും ഭൂമിയിലെ ജീവനെ നാം രക്ഷിക്കണമെന്ന കാര്യത്തിൽ ഞങ്ങൾ യോജിച്ചു. പിന്നെ ഞങ്ങൾ പിരിഞ്ഞു. എന്താണു ജീവനെന്ന് കൃത്യമായി നിർവചിക്കാൻ മെനക്കെടാതെ പിരിഞ്ഞു.

ആ ജീവന്റെ നാനാതരം രൂപങ്ങളിൽ ഭൂരിഭാഗവും നമുക്കൊരു ശല്യവുമുണ്ടാക്കുന്നില്ല. മറിച്ച് അവർ നമുക്ക് ആനന്ദം തരുന്നു. ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്. വൈറസുകൾ തന്നെ പ്രകൃതിയിൽ അനേക ദശലക്ഷം ഉണ്ടാകണം. അയ്യായിരത്തിലേറെ ജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 1500 ഓളം നമുക്ക് രോഗമുണ്ടാക്കുന്നവയാണ്. അവയുമായി ഇടപഴകിത്തന്നെ വിജയകരമായി ജീവിക്കാൻ നാം പഠിക്കണം. നിരാശരാകുന്നതിലെന്തർത്ഥം? എത്രയോ സൂക്ഷ്മജീവികളുടെ, മൈക്രോബുകളുടെ ഇടയിൽ ഇങ്ങനെയൊക്കെ സന്തോഷിച്ചു ജീവിക്കാൻ നാം പഠിച്ചിട്ടുണ്ടല്ലോ. അതിനാലൊരു കൊറോണ വൈറസിനെ പേടിച്ച് നമുക്കു ജീവൻ വേണ്ടെന്നു വെയ്ക്കാനാകുമോ? കാരണം ലളിതം. ജീവികളായ നമുക്ക് ഏറ്റവും പ്രധാനം ജീവൻ തന്നെ. വെറുതെയാണോ കാമുകികാമുകന്മാർ 'നീയെന്റെ ജീവന്റെ ജീവനല്ലേ' എന്നു പാടുന്നത്!

ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. ജീവികൾ ജനിക്കുന്നു. വളരുന്നു. സന്താനോല്പാദനം നടത്തുന്നു. അവസാനം എല്ലാ ജീവികളും മരിക്കുകയും ചെയ്യും എന്ന് സ്നേഹസമ്പന്നനായ നമ്പൂതിരി സാർ അന്ന് ഞങ്ങളോടു പറഞ്ഞു. പിന്നെ ഒരുനാൾ അദ്ദേഹം അത് ഞങ്ങളെ കാണിച്ചു തരാനെന്നവണ്ണം ഈ ലോകത്തോട് വിടപറഞ്ഞു! ആ മഹാനായ ശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായി ഈ കുറിപ്പു സമർപ്പിക്കട്ടെ.

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?
 

click me!