Asianet News MalayalamAsianet News Malayalam

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?

ഇപ്പോള്‍, ഈ കൊവിഡ്കാലത്ത്, ലോകം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോൾ, നാളെ എന്തുണ്ടാകും എന്ന ആശങ്കയോടെ കോടിക്കണക്കിനു മനുഷ്യര്‍ വേവലാതിപ്പെടുമ്പോൾ, ഞാന്‍ ആ പഴയ കഥയോര്‍ത്തു. 

covid days series by prof. s shivadas
Author
Thiruvananthapuram, First Published Apr 8, 2020, 5:30 PM IST

അപ്പോള്‍, ഈ കോവിഡ്കാലം നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ് എന്നര്‍ത്ഥം. മനുഷ്യന്‍റെ അഹംഭാവം അശാസ്ത്രീയവും വിഡ്ഢിത്തവുമാണ് എന്നതാണ് ഒന്നാമത്തെ പാഠമായി പഠിക്കേണ്ടത്. വെറുമൊരു വൈറസിനു മുന്നില്‍പ്പോലും വിറയ്ക്കുന്ന ജന്തുവാണു മനുഷ്യന്‍ എന്ന് മനസ്സിലാക്കിയാല്‍ മനുഷ്യന്‍റെ 'ഞാനെന്നഭാവം' ഉപേക്ഷിക്കാം.

covid days series by prof. s shivadas

"സര്‍, ഞാന്‍ സാറിനു വേണ്ടി എന്നും പ്രാര്‍ത്ഥിക്കാറുണ്ട്. സാര്‍ എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണേ! ഒരിക്കല്‍ ഒരു ടീച്ചര്‍ ഇങ്ങനെ പറഞ്ഞത് ഓര്‍ക്കുന്നു. കോട്ടയംകാര്‍ അങ്ങനെയാണ്. തമ്മില്‍കാണുമ്പോഴൊക്കെ പ്രാര്‍ത്ഥനയുടെ കാര്യം പറയും. ടീച്ചര്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞ് ഞാന്‍ അവരെ സമാധാനിപ്പിച്ചു. പിന്നെ ഒരു സംശയം ചോദിച്ചു: "ടീച്ചര്‍, ടീച്ചര്‍ എപ്പോഴെങ്കിലും ഈ മൈക്രോബുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ?" എന്‍റെ ചോദ്യം കേട്ട് ആ ജീവശാസ്ത്ര അദ്ധ്യാപിക അത്ഭുതപ്പെട്ടു പോയി. "മൈക്രോബുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയോ! സാര്‍ എന്തു ഭ്രാന്താണു പറയുന്നത്? അവര്‍ക്ക് അതു പറയുമ്പോൾ ദേഷ്യവും വരുന്നുണ്ടായിരുന്നു. അവരുടെ ദേഷ്യം കണ്ട് ഞാന്‍ ചിരിക്കുന്നതു കണ്ട് അവര്‍ പൊട്ടിത്തെറിച്ചു. "മനുഷ്യനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോലും നേരം കിട്ടുന്നില്ല. അപ്പോഴാണ് മൈക്രോബുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്!"

എന്‍റെ ചിരി എന്നിട്ടും തീരാത്തതു കണ്ടപ്പോള്‍ അവര്‍ പറഞ്ഞു.''സാര്‍ വെറുമൊരു രസതന്ത്രജ്ഞനല്ലേ. വിവരം വേണ്ടത്രയുണ്ടായിട്ടില്ല. ജീവശാസ്ത്രവും ദൈവശാസ്ത്രവും സാറിനറിയുമോ? ദൈവം തന്‍റെ സ്വന്തം രൂപത്തിലല്ലേ മനുഷ്യനെ സൃഷ്ടിച്ചത്? ബൈബിള്‍ വായിച്ചാല്‍ മനസ്സിലാകും. പിന്നെ പരിണാമസിദ്ധാന്തം പഠിക്കണം. മനുഷ്യനല്ലേ പരിണാമത്തിന്‍റെ അവസാനം രൂപപ്പെട്ടത്? മനുഷ്യന്‍റെ മസ്തിഷ്കത്തെ ജയിക്കാനാകുന്ന ഒരു സൂപ്പര്‍ കമ്പ്യൂട്ടർ പോലുമില്ല എന്നു സാര്‍ അറിയണം. മനുഷ്യനാണ് സൃഷ്ടിയുടെ മകുടം. ഏറ്റവും മുകളിലുള്ള ജീവജാതി. ദൈവത്തിന്‍റെ സ്വന്തം തന്നെ. മനുഷ്യനു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോൾ മൈക്രോബുകളെപ്പറ്റി എന്തിനു ചിന്തിക്കണം?"

ഞാന്‍ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. അന്ന് പിരിയും മുമ്പ് ടീച്ചര്‍ പറഞ്ഞു: ''എനിക്ക് ഒരു നല്ല ഭര്‍ത്താവുണ്ട്. മൂന്നു മക്കളുണ്ട്. മൂന്നിനേയും കെട്ടിച്ചു. ഇപ്പോള്‍ ആറു കൊച്ചുമക്കളായി. ഇതുങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കുമ്പോൾ തന്നെ ഞാന്‍ ക്ഷീണിക്കാറുണ്ട്. എന്നിട്ടും അല്പം സമയം കണ്ടെത്തി സാറിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഞാനെന്തിന് പൂച്ചക്കും പട്ടിക്കും കുരങ്ങിനും മൈക്രോബുകള്‍ക്കുമെല്ലാം വേണ്ടിക്കൂടി പ്രാര്‍ത്ഥിക്കണം?''

ഇപ്പോള്‍, ഈ കൊവിഡ്കാലത്ത്, ലോകം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോൾ, നാളെ എന്തുണ്ടാകും എന്ന ആശങ്കയോടെ കോടിക്കണക്കിനു മനുഷ്യര്‍ വേവലാതിപ്പെടുമ്പോൾ, ഞാന്‍ ആ പഴയ കഥയോര്‍ത്തു. മൈക്രോബുകളെപ്പറ്റി ഒരിക്കല്‍പ്പേലും ഓര്‍ക്കാന്‍ നേരം കിട്ടിയിട്ടില്ലാത്ത ആ ടീച്ചറും ചിലപ്പോള്‍ മൈക്രോബുകളുടെ ലോകത്തെപ്പറ്റി അല്പം ബഹുമാനത്തോടെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കും. നാം നമ്മുടെ നാനാതരം ടെക്നോളജികള്‍ വികസിപ്പിക്കുകയും ന്യൂക്ലിയര്‍ ബോംബുകള്‍ വരെ വേണ്ടതില്‍ പതിന്മടങ്ങ് ഉണ്ടാക്കിവച്ച് എന്തിനേയും ഏതു ശക്തിയേയും കീഴ്പ്പെടുത്താനുള്ള ആയുധങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്ന് അഹങ്കരിച്ചുകൊണ്ടിരുന്നപ്പോഴും ഓര്‍ത്തില്ല ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന്. തങ്ങളുടെ കൈകളില്‍ ഉള്ള ന്യൂക്ലിയര്‍ ബോംബുകളും മിസൈലുകളും എല്ലാം കൊവിഡ്-19 -നു മുന്നില്‍ നിഷ്ഫലം! ബാക്ടീരിയങ്ങളിലും ചെറിയവയാണല്ലോ വൈറസുകള്‍, ആ സൂക്ഷ്മജീവികള്‍ക്കു മുന്നില്‍ നിന്നു വിറയ്ക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റു വരെ. സഹായത്തിനായി ചൈനീസ് പ്രസിഡന്‍റിനെ വരെ അദ്ദേഹം ഫോണില്‍ വിളിച്ചിരിക്കുന്നു.

അപ്പോള്‍, ഈ കോവിഡ്കാലം നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ് എന്നര്‍ത്ഥം. മനുഷ്യന്‍റെ അഹംഭാവം അശാസ്ത്രീയവും വിഡ്ഢിത്തവുമാണ് എന്നതാണ് ഒന്നാമത്തെ പാഠമായി പഠിക്കേണ്ടത്. വെറുമൊരു വൈറസിനു മുന്നില്‍പ്പോലും വിറയ്ക്കുന്ന ജന്തുവാണു മനുഷ്യന്‍ എന്ന് മനസ്സിലാക്കിയാല്‍ മനുഷ്യന്‍റെ 'ഞാനെന്നഭാവം' ഉപേക്ഷിക്കാം. മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്. ജൈവപിരമിഡിന്‍റെ ഏറ്റവും ഉയരത്തില്‍ വിലസുന്ന ജന്തുവാണ്. അത്രയും വികാസം വന്ന മസ്തിഷ്കം മറ്റൊരു ജീവിക്കുമില്ല. ഈ വാദങ്ങള്‍ വാദത്തിനായി അംഗീകരിച്ചാല്‍ മനുഷ്യന്‍റെ നില പരുങ്ങലിലാകും. എന്താണെന്നോ? ഒരു വലിയ പിരമിഡിനെ അഥവാ സ്തൂപത്തെ അഥവാ കൊടിമരത്തെ സങ്കല്പിക്കൂ. അതിന്‍റെ അടിഭാഗമാണല്ലോ വ്യാസമേറിയത്. അവിടെയാണ് മൈക്രോബുകള്‍ എന്ന കുഞ്ഞികളുടെ അഥവാ കുഞ്ഞന്‍മാരുടെ സ്ഥാനം. മനുഷ്യരോ?മകുടമാണ് ഏറ്റവും മുകളില്‍.

ഇനി ഒരു സങ്കല്പപരീക്ഷണം നടത്താം. ഈ നിമിഷം ഈ ലോകത്തെ മനുഷ്യരായ മനുഷ്യരെ മുഴുവന്‍ ഇവിടെ നിന്നും നാടുകടത്തി എന്നു കരുതുക. നശിപ്പിച്ചു എന്നു കരുതിയാലും മതി. ജൈവപിരമിഡ് പിന്നെ കാണുമോ? കാണും. പിരമിഡിന്‍റെ അഥവാ കൊടിമരത്തിന്‍റെ തലയല്ലേ പോയിട്ടുള്ളൂ. ബാക്കിയൊക്കെ അവിടെ നില്‍ക്കും. വെറുതെ നില്‍ക്കുമെന്ന് പറഞ്ഞാല്‍പ്പോരാ. ഇന്നത്തേതിലും എത്രയോ ഭംഗിയായി നിലനില്‍ക്കും. മനുഷ്യര്‍ ഇല്ലാതായതുകൊണ്ട് സൂര്യന്‍ ഉദിക്കുകയില്ലേ? നേരം വെളുക്കുകയില്ലേ? വെളിച്ചം പരക്കുകയില്ലേ? കാറ്റു വീശുകയില്ലേ? മഴ പെയ്യുകയില്ലേ? പുഴയൊഴുകുകയില്ലേ? എല്ലാം നടക്കും. ഭംഗിയായി നടക്കും. പാറപൊട്ടിക്കാനും മലകള്‍ ഇടിച്ചു നിരത്താനും പുഴമണലൂറ്റാനും കാടു നാടാക്കാനും ഒന്നും ആളില്ലാതാകുമല്ലോ. അപ്പോള്‍ പ്രകൃതി കൂടുതല്‍ ഭംഗിയായി നിലനില്‍ക്കും. സകലജീവജാലങ്ങളും പ്രകൃതിയോടിണങ്ങി ഈ ലോകത്തു ജീവിക്കും. മറിച്ചായാല്ലോ? ജൈവപിരമിഡിന്‍റെ അടിത്തറയിലെ മൈക്രോബുകള്‍ ഇല്ലാതായാലോ? മറ്റു ജീവജാലങ്ങള്‍ ചത്താല്‍ ചീയില്ല! പശു പുല്ലു തിന്നാല്‍ പുല്ലു തന്നെ തൂറും. ദഹനം നടക്കില്ല. പാലു തൈരാവുകയില്ല. പ്രകൃതിയില്‍ നാനാതരം പ്രവൃത്തികള്‍ തകിടം മറിയും. മനുഷ്യന്‍ വരെ മരിക്കും!

കണ്ടോ അടിത്തറയുടെ പ്രാധാന്യം. മകുടത്തിന്‍റെ നിസ്സാരത! നിസ്സാരതയെന്നു പറയേണ്ട. മകുടം വേണം. അതും കൂടിയാലല്ലേ പിരമിഡിനു പൂര്‍ണ്ണതയുണ്ടാകൂ. പക്ഷേ, അടിത്തറക്കും അതേ വിലയുണ്ട് എന്നു സമ്മതിച്ചാല്‍ മതി. പ്രകൃതി സോഷ്യലിസത്തിലാണ് വിശ്വസിക്കുന്നത്. എല്ലാ കണ്ണികള്‍ക്കും ഒരേ സ്ഥാനം. കൊറോണ വൈറസിനും അതിനു മുന്നില്‍ വിറയ്ക്കുന്ന മനുഷ്യനും ഒരേ സ്ഥാനം. രണ്ടിനും പ്രകൃതിസ്ഥാനം നല്‍കിയിട്ടുണ്ട്. അവനവനിരിക്കേണ്ടടത്തിരിക്കണം. വെറുതെ പോയി വൈറസിനെ ഇളക്കിയാല്‍ കളി കാര്യമാകും. നരിച്ചീറിലോ മറ്റോ പണ്ടേ ജീവിച്ചിരുന്ന കൊറോണ വൈറസിനെ ഇളക്കി നമ്മെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് മനുഷ്യന്‍റെ പ്രകൃതിയുടെ മേലുള്ള കുതിരകയറ്റമാകണം.

പ്രകൃതിയിലെ നാടകങ്ങള്‍ മുഴുവന്‍ നമുക്കറിയില്ല. പ്രകൃതിയിലെ അതിലോലമായ ബന്ധങ്ങള്‍ ഭൂരിഭാഗവും മനുഷ്യന് അദൃശ്യം. എന്തോ സംഭവിച്ചു. ഒരു വൈറസ് ഇളകി. അതിന്‍റെ പഴയ രൂപത്തിലാകാം. ജനികതമാറ്റം വരുത്തിയിട്ടാകാം. അതൊക്കെ ഭാവിയില്‍ കണ്ടെത്താം. അതിനുവേണ്ട പക്വത ആദ്യം മനുഷ്യന്‍ ആര്‍ജിക്കട്ടെ. വിനയം. ബഹുമാനം. പ്രകൃതിയോട് അല്പം ഭക്തികൂടി വേണം. ഞാനും പ്രകൃതിയുടെ ഒരുഭാഗം മാത്രമാണെന്ന ബോധം. പിന്നെ, ഇന്ന് വളര്‍ത്തിയെടുത്തിരിക്കുന്ന അമിതമായ ഭോഗാസക്തി. രാക്ഷസീയമയ മനോഭാവം. പോരാ പോരാ എന്ന ചിന്ത. അതുപേക്ഷിക്കാന്‍ കൂടി തയ്യാറായാല്‍ ഒരുപക്ഷേ കൂടുതല്‍ കൊറോണകള്‍ നമ്മെ ആക്രമിക്കാന്‍ ഭാവിയില്‍ തയ്യാറാവുകയില്ല.

 

വായിക്കാം:

കൊറോണക്കാലത്ത് ഗ്രേറ്റ തുന്‍ബെര്‍ഗ് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത്...

ലോക്ക് ഡൗൺ: പ്രകൃതിക്ക് ആശ്വാസം? 200 കിലോമീറ്റർ ദൂരെയുള്ള മലനിരകൾ വീട്ടിലിരുന്ന് കണ്ട് ജനങ്ങൾ...

'ലോകത്തിനുവേണ്ടിയാണിത് ചെയ്യുന്നത്, ഇത് ഞങ്ങളുടെ ത്യാഗം' - ഒരു ഗ്രാമംതന്നെ ക്വാറന്‍റൈനിലായതെന്തിന്?...

കൊവിഡ് 19; വെനീസ് കനാല്‍ നല്‍കുന്ന സൂചനയെന്ത് ? ചിത്രങ്ങള്‍ കാണാം...

ലോക്ക്ഡൗണ്‍; ഹിമാലയം കാണാം, പഞ്ചാബില്‍ നിന്നും...

മനുഷ്യഗന്ധമേല്‍ക്കാതെ പൊതുഇടങ്ങള്‍; കാണാം ചിത്രങ്ങള്‍...





 

Follow Us:
Download App:
  • android
  • ios