Latest Videos

കൊവിഡ് 19 : 'ഭീൽവാഡാ മോഡലി'ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് 56 കാരനായ ഈ 'കൺഫേർഡ്' ഐഎഎസ് ഉദ്യോഗസ്ഥൻ

By Web TeamFirst Published Apr 9, 2020, 4:10 PM IST
Highlights

ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേണ്ടത് നൽകാനുള്ള വിവേചന ബുദ്ധിയാണ്, ഐഎഎസ് എന്ന മൂന്നക്ഷരത്തെക്കാൾ വലുത് എന്നാണ്  ഈ 'കൺഫേർഡ്' ഐഎഎസുകാരന്റെ വിജയം തെളിയിക്കുന്നത്.  


ഭീൽവാഡ ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായിരുന്നു. അവിടെ കഴിഞ്ഞ പത്തു ദിവസമായി ഒരൊറ്റ പുതിയ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ നഗരത്തിന്റെ വിജയരഹസ്യം കണ്ടറിഞ്ഞ കേന്ദ്രമിന്ന് പുതുതായി ഉരുത്തിരിഞ്ഞു വരുന്ന കൊവിഡ് ഹോട്ട്സ്പോട്ടുകളോട് പറയുന്നത് 'ഭീൽവാഡ'യെ കണ്ടു പഠിക്കണം. കൊറോണാ വൈറസിനെ പിടിച്ചു കെട്ടുന്ന കാര്യത്തിൽ അവർ സ്വീകരിച്ച 'കണ്ടൈൻമെന്റ്' രീതികൾ അനുകരിക്കണം എന്നാണ്. എന്നാൽ, മറ്റുള്ളവർ ഒരു വിജയം എന്ന് ഉദ്‌ഘോഷിക്കുന്ന 'ഭീൽവാഡ മോഡലി'ന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, അവിടത്തെ കളക്ടറും ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുമായ രാജേന്ദ്ര ഭട്ട്, തന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തി എന്നാശ്വസിക്കാൻ ഇനിയും തയ്യാറല്ല. "വൈറസ് പൂർണ്ണമായും ഭീൽവാഡ നഗരം വിട്ടുപോയി എന്നുപറയാറായിട്ടില്ല" എന്നാണ് ഭട്ട് പറഞ്ഞത്.

മൂന്നു ഘട്ടം 'ഐസൊലേഷൻ, ടെസ്റ്റിംഗ്, ക്വാറന്റൈനിങ്' എന്നിവ കഴിഞ്ഞാൽ മാത്രമേ നഗരം സുരക്ഷിതമായി എന്ന് താൻ പറയൂ എന്നാണ് കളക്ടർ പറയുന്നത്. 27 സ്ഥിരീകരണങ്ങളും രണ്ടു മരണങ്ങളുമായി  ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റിലേക്ക് ആദ്യം കയറിവന്ന നഗരങ്ങളിൽ ഒന്നാണ് ടെക്സ്റ്റൈൽ ഹബ് ആയ ഭീൽവാഡ. അവിടത്തെ ജില്ലാധികാരിയാണ് അമ്പത്താറുകാരനായ രാജേന്ദ്ര ഭട്ട് എന്ന കൺഫേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ. മെയ് ഒന്നാം തീയതിയാണ് അദ്ദേഹം പറഞ്ഞ മൂന്നു സൈക്കിളുകൾ പൂർത്തിയാകുന്ന ആ ദിവസം. അന്നുവരെ ഇതേ ജാഗ്രത തന്നെ തുടരേണ്ടതുണ്ട് എന്നാണ് ഭട്ടിന്റെ അഭിപ്രായം. 

 

 

തന്റെ പ്രവര്‍ത്തനരീതിയിൽ  'റോക്കറ്റ് സയൻസ്' എന്നുപറയാനൊന്നുമില്ല എന്നാണ് രാജേന്ദ്ര ഭട്ട് പറയുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണമായ പിന്തുണയാണ് തന്റെ പരിശ്രമങ്ങളെ വിജയത്തിലെത്തിച്ചത് എന്നദ്ദേഹം സമ്മതിക്കുന്നു. " ജില്ലാ അതിർത്തികൾ പൂർണമായും സീൽ ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ, മറിച്ചൊരു വാക്കുപോലും പറയാൻ നിൽക്കാതെ അങ്ങനെതന്നെ ചെയ്തുകിട്ടി. ആരും ജില്ല വിട്ടു പോകാൻ പാടില്ല എന്ന് പറഞ്ഞപ്പോഴും, ആരും വീടുകൾ വിട്ടിറങ്ങരുത് എന്ന് നിർബന്ധം പിടിച്ചപ്പോഴും ആരും ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എപ്പിഡമിക് ആക്റ്റ് നടപ്പിൽ വന്നതോടെ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ കളക്ടർക്ക് ആവശ്യമായ അധികാരങ്ങൾ ലഭ്യമായി. അതും കാര്യങ്ങൾ എളുപ്പമാക്കി" അദ്ദേഹം തുടർന്നു.

രോഗത്തെ അടക്കി നിർത്താൻ, അതിനെ മറ്റു ജില്ലകളിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ ഭീൽവാഡ ജില്ലാ ഭരണകൂടം സ്വീകരിച്ചത് വളരെ കർശനമായ നടപടികളായിരുന്നു. ജില്ലാഭരണകൂടം കൊവിഡിനെതിരെ സ്വീകരിച്ച നടപടികളിൽ ആദ്യത്തേത് ജില്ലാ അതിർത്തിക്കുള്ളിൽ കര്‍‌ഫ്യൂ ഏർപ്പെടുത്തുക എന്നതാണ്. അവശ്യ സേവനങ്ങൾ ഒഴികെ യാതൊന്നും തന്നെ അനുവദിക്കപ്പെട്ടില്ല.

ഭീൽവാഡയിലെ ആദ്യത്തെ പോസിറ്റീവ് കേസ് വരുന്നത് മാർച്ച് 19 -നാണ്. അത് ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു. ആ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം അടുത്ത ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. മാർച്ച് 21 ആയപ്പോഴേക്കും അതേ ആശുപത്രിയിൽ നിന്നുതന്നെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ കേസുകളുടെ എണ്ണം പതിമൂന്നായി. സ്ഥിരീകരിക്കപ്പെട്ടവരിൽ പലരും അതേ ആശുപത്രിയിലെ ഡോക്ടർമാർ ആയിരുന്നു. പിന്നെ അവിടത്തെ മറ്റുള്ള സ്റ്റാഫും, രോഗികളും മറ്റും. മാർച്ച് 25 ആയപ്പോഴേക്കും മരണം 17 കടന്നു.  എല്ലാം ആശുപത്രിയുമായി ബന്ധമുള്ള കേസുകൾ തന്നെ. അതോടെ ആശുപത്രിയുടെ ഒരു കിലൊമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്യപ്പെട്ടു. സഞ്ചാരം പൂർണമായും വിലക്കി ഇവിടെ.

ആദ്യ മരണം വരുന്നത് മാർച്ച് 26 -ന്. എഴുപതുകാരനായ ഒരു കോവിഡ് പോസിറ്റീവ് രോഗി മരിക്കുന്നു. മകനും മകൾക്കും കൂടി അസുഖം സ്ഥിരീകരിക്കപ്പെടുന്നു. വെറും മണിക്കൂറുകളുടെ ഗ്യാപ്പിൽ അടുത്ത മരണം. അറുപതുകാരനായ ഒരു കൊവിഡ് രോഗിയാണ് അന്ന് രാത്രിയോടെ മരണപ്പെട്ടത്.
 


കൊറോണാവൈറസിനെതിരെയുള്ള പ്രതിരോധത്തിനായി രാജേന്ദ്ര ഭട്ട്, ജില്ലയെ അക്ഷരാർത്ഥത്തിൽ "പിടിച്ചു കെട്ടുകയാണ്" ചെയ്തത് എന്ന് ആരോഗ്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറയുന്നു. ആദ്യത്തെ പോസിറ്റീവ് കേസ് വന്നതിന്റെ മൂന്നാം ദിവസത്തേക്ക്, അതായത് മാർച്ച് 22  ആയപ്പോഴേക്കും, ആരോഗ്യവകുപ്പിന്റെ 850 ലധികം ടീമുകൾ പ്രദേശത്തെ 56,025 വീടുകളിൽ സർവേ നടത്തി 2,80,937 പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. അവരിൽ 2250 പേർക്ക് ഫ്ളുവിന്റെ ലക്ഷണങ്ങൾ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടു. പോസിറ്റീവ് ആയ കേസുകളിൽ നടത്തപ്പെട്ടത് വളരെ കർക്കശമായ കോൺടാക്റ്റ് ട്രേസിങ് ആയിരുന്നു. അങ്ങനെ ഉണ്ടാക്കിയത് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നു വന്നെത്തിയ 498 പേരടങ്ങുന്ന ഒരു ലിസ്റ്റാണ്. മാർച്ച് 26 ആയപ്പോഴേക്കും ക്വാറന്റൈനിൽ സൂക്ഷിക്കപ്പെട്ടത് 6445 പേരാണ്. അടുത്ത അഞ്ചു ദിവസം കൊണ്ട് 4.35 ലക്ഷം വീടുകൾ കയറിയിറങ്ങി, ബിൽവാഡയിലെ 30 ലക്ഷം പേരിൽ 22 ലക്ഷം പേരെയും സർവേ നടത്തി. രോഗവിവരങ്ങൾ  ശേഖരിച്ചു. ക്വാറന്റൈനിൽ ഉള്ളവർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ആരോഗ്യവകുപ്പ് സാങ്കേതികവിദ്യകളുടെ സഹായവും തേടിയിരുന്നു.

ഏറ്റവും ഒടുവിലായി ഏപ്രിൽ 3 മുതൽ പ്രഖ്യാപിക്കപ്പെട്ട 'മഹാകര്‍‌ഫ്യൂ'വിലാണ് ഭീൽവാഡ ഇപ്പോൾ. ഈ പത്തുദിവസം അടിയന്തര സർവീസുകളായ പലചരക്കു കടകളും, മരുന്നുഷോപ്പുകളും പോലും തുറന്നു പ്രവർത്തിക്കുന്നില്ല. റോഡിൽ ഒരാൾക്കുപോലും ഇറങ്ങിനടക്കാൻ അനുവാദമില്ല. എന്തെങ്കിലും അടിയന്തരമായി വേണ്ടവർക്ക് അത് എത്തിച്ചു നൽകുന്നത് പൊലീസ് ആണ് ഈ ദിനങ്ങളിൽ. അതുകൊണ്ടെന്താ, മാർച്ച് 31 നുശേഷം ഇന്നുവരെ ആകെ ഒരൊറ്റ കൊവിഡ് പോസിറ്റീവ് കേസു മാത്രമാണ് ഭീൽവാഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ ജില്ലയിലെ കേസുകളുടെ ആകെ എണ്ണം 27 -ൽ പിടിച്ചു നിർത്താൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചു. എല്ലാം വകുപ്പുകളുടെ ഒത്തുചേർന്നുള്ള കൂട്ടായ പ്രവർത്തനമാണ്, താൻ ഒരു ടീം പ്ലെയർ മാത്രമാണ് എന്നൊക്കെ രാജേന്ദ്ര ഭട്ട് ആവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ മേലധികാരികൾ ഒന്നില്ലാതെ അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. 

മുസ്സൂരിയിലെ ഐഎഎസ് അക്കാദമിയിൽ നിന്ന് പുറത്തുവന്ന പരമ്പരാഗത ഐഎഎസ് ബുദ്ധിയല്ല രാജേന്ദ്ര ഭട്ട്. മറിച്ച്, രാജസ്ഥാൻ സ്റ്റേറ്റ് സർവീസിൽ നിന്ന് ഐഎസിലേക്ക് 'കൺഫെർ' ചെയ്യപ്പെട്ട് സിവിൽ സർവീസിലേക്ക് എത്തിപ്പെട്ടതാണ് അദ്ദേഹം. സാധാരണ  നിലക്ക് മിക്കവാറും യുവ ഐഎഎസുകാരുടെ കരിയറിലെ രണ്ടാമത്തെ പോസ്റ്റിങ് ആയിരിക്കും കളക്ടർ/ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എന്നത്. അതായത്, അവർ ഒരു ജില്ലയുടെ അധികാരിയാവുമ്പോഴും, പ്രായം 28-30 വയസ്സൊക്കെയേ കാണൂ എന്നർത്ഥം. എന്നാൽ രാജസ്ഥാൻ സ്റ്റേറ്റ് സർവീസിൽ പ്രകടിപ്പിച്ച ഭരണപാടവത്തിന്റെ പേരിൽ മാത്രം 2007 -ൽ ഐഎഎസ് കിട്ടിയ ഭട്ട്, പതിറ്റാണ്ടുകൾ നീണ്ട ഭരണപരിചയം കൈമുതലാക്കിക്കൊണ്ടാണ് ജില്ലയുടെ ഭരണം ഏറ്റെടുക്കുന്നത്. അതിന്റെ ഗുണം അദ്ദേഹത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിഴലിച്ചു കാണുന്നുണ്ട്. 

 

 

നാലു വർഷത്തെ സർവീസ് കൂടിയേ ഇനിയും രാജേന്ദ്ര ഭട്ട് ഐഎഎസിനുള്ളൂ. "ഭട്ട് സാറിനെ എല്ലാവർക്കും ബഹുമാനമാണ്. എസ്പിയും, പോലീസും, എസ്ഡിഎമ്മുമാരും ഒക്കെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലകല്പിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്" എന്നാണ് ഒരു യുവ ഐഎഎസ് ഓഫീസർ അഭിപ്രായപ്പെട്ടത്. കാര്യങ്ങൾ എല്ലാം കൃത്യമായി ഏകോപിപ്പിക്കാൻ രാജേന്ദ്ര ഭട്ടിനായി. അത് ജില്ലയെ ഐസൊലേറ്റ് ചെയ്യുന്ന കാര്യത്തിൽ ആയാലും, ഹോട്ട്സ്പോട്ടുകൾ മാപ്പു ചെയ്യുന്ന കാര്യത്തിൽ ആയാലും, വീടുവീടാന്തരം കയറി സർവേ നടത്തുന്ന കാര്യത്തിലായാലും, മികച്ച രീതിയിലുള്ള ഐസൊലേഷൻ, ക്വാറന്റൈൻ സംവിധാനങ്ങൾ തയ്യാറാക്കി നൽകുന്ന കാര്യത്തിലായാലും, കോൺടാക്റ്റ് ട്രേസിങ് നടത്തുന്ന കാര്യത്തിൽ ആയാലുമൊക്കെ തികഞ്ഞ വൈഭവം പ്രകടമായിരുന്നു. 

 

 

ഇത്രയും കാലത്തെ പ്രവൃത്തി പരിചയം കൊണ്ട് ബ്യൂറോക്രസിയുടെ ഊടും പാവുമെല്ലാം കൃത്യമായി വേർതിരിച്ചറിയാൻ ഭട്ടിന് അനായാസം സാധിച്ചിരുന്നു. രാജസ്ഥാന്റെ ഉൾഗ്രാമങ്ങൾ അദ്ദേഹത്തിന് കരതലാമലകമായിരുന്നു എന്നുപറഞ്ഞാലും അതിശയോക്തിയാവില്ല. സഹകരണ മേഖലയിൽ പ്രവർത്തിച്ചുള്ള പരിചയം ലോക്ക് ഡൌൺ സമയത്തും ജനങ്ങൾക്ക് ആവശ്യമുള്ളതൊക്കെ സമയാസമയം എത്തിച്ചു നൽകാൻ അദ്ദേഹത്തെ സഹായിച്ചു. പ്രവൃത്തിയിലെ വൈഭവമാണ്,  ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേണ്ടത് നൽകാനുള്ള വിവേചന ബുദ്ധിയാണ്, ഐഎഎസ് എന്ന മൂന്നക്ഷരത്തെക്കാൾ വലുത് എന്നാണ്  ഈ 'കൺഫേർഡ്' ഐഎഎസുകാരന്റെ വിജയം തെളിയിക്കുന്നത്. അതിനെ അനുകരിക്കാൻ ഇന്ത്യയിലെ മറ്റു നഗരങ്ങളെയും പ്രേരിപ്പിക്കുന്നത്. 


 

click me!