
വളരെ വിചിത്രമായ ഒരു മോഷണത്തിന്റെ കഥയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്നും പുറത്തു വരുന്നത്. മോഷണമുതലിൽ ലക്ഷങ്ങൾ വില വരുന്ന തലമുടിയും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
7 ലക്ഷം രൂപ വിലമതിക്കുന്ന 150 കിലോ തലമുടി ഉൾപ്പടെ 9 ലക്ഷം രൂപയുടെ സാധനങ്ങളാണത്രെ കള്ളന്മാർ ഈ വീട്ടിൽ നിന്നും കവർന്നത്. മോഷ്ടിച്ച തലമുടിയുടെ വിലയറിഞ്ഞ് പൊലീസ് വരെ ഞെട്ടി. തനിക്ക് വിഗ്ഗ് നിർമ്മിക്കുന്ന ബിസിനസ് ഉണ്ട്. അതിനായി ശേഖരിച്ച് വച്ചിരുന്ന മുടിയാണ്, ഏഴു ലക്ഷം രൂപയുടെ മുതലാണ് കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയത് എന്നാണത്രെ വീട്ടുടമ പറഞ്ഞത്. ഇത് കൂടാതെയാണ് രണ്ട് ലക്ഷം പണമായും മോഷ്ടിച്ചത്.
ജനുവരി 14 -ന് പുലർച്ചെ രണ്ടരയ്ക്കും മൂന്നുമണിക്കും ഇടയിലാണത്രെ ഈ മോഷണം നടന്നത്. പരാതിക്കാരനായ രഞ്ജിത് മണ്ഡൽ പറയുന്നത്, മോഷ്ടാക്കൾ ഗോവണിയിലൂടെ വീട്ടിലേക്ക് പ്രവേശിച്ച ശേഷം മുറിയുടെ പൂട്ട് ബലമായി തുറന്ന് മുടിയും പണവുമായി മുങ്ങുകയും ചെയ്തു എന്നാണ്.
ഹെയർ എക്സ്റ്റൻഷനും വിഗ്ഗും ഒക്കെ നിർമ്മിക്കുന്ന ബിസിനസാണ് തനിക്ക്. അങ്ങനെയൊരു ബിസിനസ് ഉള്ള തന്നെപ്പോലൊരാൾക്ക് ശേഖരിച്ച് വച്ചിരുന്ന ആ തലമുടി എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്നും രഞ്ജിത് മണ്ഡൽ പറയുന്നു.
അടുത്ത വീട്ടിലെ സിസിടിവി ക്യാമറയിലാണ് കള്ളന്മാർ വരുന്നതടക്കമുള്ള ദൃശ്യങ്ങൾ പതിഞ്ഞത്. മൂന്നോ നാലോ മോഷ്ടാക്കൾ കളവ് നടത്തുന്നതിനായി എത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.