16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

By Web TeamFirst Published Apr 23, 2024, 1:01 PM IST
Highlights

ധൈര്യം കൈവിടാതെ അയാൾ കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടിരുന്ന സ്രാവിന്റെ താടിയെല്ലിൽ പിടിത്തമിടുകയായിരുന്നു. ബലം പ്രയോ​ഗിച്ചതോടെ സ്രാവ് കുട്ടിയുടെ കാലിൽ നിന്നുള്ള പിടി വിടുകയും വെള്ളത്തിലേക്ക് തിരികെ പോവുകയുമായിരുന്നു. 

ഓസ്ട്രേലിയയിൽ ഫിഷിം​ഗ് ട്രിപ്പിന് പോയതാണ് മൈക്കൽ നെസ്സും അദ്ദേഹത്തിന്റെ 16 -കാരനായ മകനും. എന്നാൽ, വളരെ ഭയാനകമായ അനുഭവമാണ് ഇവിടെ അവർക്കുണ്ടായത്. ഒരു ഭീമൻ സ്രാവിന്റെ പിടിയിൽ പെട്ട മകനെ ഒരു വിധത്തിലാണ് തന്റെ ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി മെക്കൽ രക്ഷിച്ചെടുത്തത്. 

ഒരു ചെറിയ ഫിഷിം​ഗ് ബോട്ടിലായിരുന്നു ഇരുവരും കടലിലേക്ക് ഇറങ്ങിയത്. അപകടം നടക്കുന്ന സമയത്ത് കടലിൽ നിന്നും രണ്ട് മൈൽ അകലെയായിരുന്നു ഇവരുടെ ബോട്ട്. 16 -കാരൻ ഒരു സ്രാവിനെ കാണുകയും അതിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുകയും ആയിരുന്നു. ഈ സമയത്ത് സ്രാവ് അവന്റെ കാലിൽ കടിച്ചു. കാലിൽ നിന്നും സ്രാവ് പിടിവിട്ടതേയില്ല. 

ആ സമയത്ത് അച്ഛൻ തന്റെ സകലധൈര്യവും സംഭരിച്ചുകൊണ്ട് കുട്ടിയെ രക്ഷിച്ചെടുക്കുകയായിരുന്നു. താൻ ആകെ ഭയന്നുപോയിരുന്നു എന്ന് മൈക്കൽ പറയുന്നു. എന്നാൽ, ധൈര്യം കൈവിടാതെ അയാൾ കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടിരുന്ന സ്രാവിന്റെ താടിയെല്ലിൽ പിടിത്തമിടുകയായിരുന്നു. ബലം പ്രയോ​ഗിച്ചതോടെ സ്രാവ് കുട്ടിയുടെ കാലിൽ നിന്നുള്ള പിടി വിടുകയും വെള്ളത്തിലേക്ക് തിരികെ പോവുകയുമായിരുന്നു. 

സംഭവത്തിന് പിന്നാലെ ആരോ​ഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു. 16 -കാരന്റെ കാലിൽ നിന്നും അപ്പോഴും ചോര ഒഴുകുകയായിരുന്നു. അത് തടയാനുള്ള പ്രവർത്തനങ്ങൾ നടത്തിയ ശേഷം ആരോ​ഗ്യപ്രവർത്തകർ അവനെ ആശുപത്രിയിൽ എത്തിച്ചു. 

ഏകദേശം ആറടി വരുന്ന സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓസ്ട്രേലിയയിൽ നിരവധിക്കണക്കിന് സ്രാവുകളെ കാണാം. സ്രാവുകളുടെ ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്തായാലും തക്ക സമയത്തുള്ള ഇടപെടലിലൂടെ മകന്റെ ജീവൻ രക്ഷിച്ച സമാധാനത്തിലാണ് മൈക്കൽ. 

വായിക്കാം: മൂന്നുവർഷത്തിനുള്ളിൽ 2000 തവണ പൊലീസിനെ വിളിച്ചു, 56 -കാരിക്ക് തടവ്

tags
click me!