
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം നടന്നത് രാജസ്ഥാനിലെ ജോധ്പൂരിലാണ്. വീഴ്ചയിൽ ഇയാളുടെ കാലിന് ഒടിവ് പറ്റി എന്നും റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 9 -നാണ് അപകടം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും പിന്നീട് ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാവുകയും ചെയ്യുകയായിരുന്നു. നസീർ എന്ന 25 -കാരനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നസീർ ഒരു വസ്ത്രവ്യാപാരിയാണ് എന്നാണ് കരുതുന്നത്. സപ്തംബർ 9 -ന് വൈകുന്നേരം 5.50 -നാണ് സംഭവം നടന്നത്.
വൈറലായിരിക്കുന്ന വീഡിയോയിൽ നസീർ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിൽക്കുന്നതായി കാണാം. അയാൾ അവിടെ നിന്നുകൊണ്ട് ഒരു കെട്ട് വസ്ത്രങ്ങൾ പരിശോധിക്കുകയായിരുന്നു. അയാളുടെ കയ്യിൽ ഒരു കുപ്പിയിൽ വെള്ളവും ഉണ്ട്. ഇയാൾ പിന്നിലേക്ക് നടക്കുന്നതും വീഡിയോയിൽ കാണാം. പെട്ടെന്നാണ് നസീറിന് ബാലൻസ് നഷ്ടപ്പെടുന്നതും അദ്ദേഹം പാരപെറ്റിന് മുകളിലൂടെ താഴേക്ക് വീഴുന്നതും.
താഴെ പാർക്ക് ചെയ്തിരിക്കുന്ന ഒരു സ്കൂട്ടിയിലേക്കാണ് യുവാവ് വീണത്. ഇത് വീഴ്ചയുടെ ആഘാതം കുറക്കാൻ സഹായിച്ചു. പരിക്കുകളുണ്ടെങ്കിലും നസീറിന്റെ അവസ്ഥ ഗുരുതരമായി മാറിയില്ല. നസീർ താഴേക്ക് വീണതിന് പിന്നാലെ കെട്ടിടത്തിന്റെ അകത്ത് നിന്നും ആളുകൾ ഓടിവന്ന് നോക്കുന്നതും വീഡിയോയിൽ കാണാം. നസീറിന്റെ കാലിന് ഒടിവ് പറ്റിയിട്ടുണ്ട്.
വീഡിയോ വൈറലായതോടെ കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ച് ചർച്ചകൾ ഉയർന്നു. സുരക്ഷയ്ക്ക് വേണ്ടിയുള്ള ഗ്രില്ലുകൾ പോലും ഇല്ലാതെ ആരാണ് ഇങ്ങനെ ഒരു ബാൽക്കണി പണിതിരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.