
ട്രെയിനിൽ യാത്ര ചെയ്തതിന് പിന്നാലെയുണ്ടായ വളരെ വിചിത്രമായ അനുഭവം വിവരിച്ച് യുവതിയുടെ പോസ്റ്റ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവതി തനിക്കുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഈ അനുഭവത്തെ കുറിച്ച് വിവരിക്കുന്നത്. ടിക്കറ്റ് പരിശോധിച്ചതിന് പിന്നാലെ ടിക്കറ്റ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥൻ തനിക്ക് ഇൻസ്റ്റഗ്രാമിൽ ഫോളോ റിക്വസ്റ്റ് അയച്ചു എന്നാണ് യുവതി തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. വലിയ ചർച്ചകൾക്കാണ് പോസ്റ്റ് വഴിവച്ചിരിക്കുന്നത്. അതിശയം എന്ന് പറയട്ടെ, ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പോസ്റ്റിന്റെ കമന്റിലും ആളുകൾ എഴുതിയിട്ടുണ്ട്.
യുവതിയുടെ കോച്ചിലെത്തിയ ടിക്കറ്റ് കളക്ടർ പിന്നീട് യുവതിക്ക് ഇൻസ്റ്റഗ്രാമിൽ ഫോളോ റിക്വസ്റ്റ് അയച്ചത് യുവതിയെ അമ്പരപ്പിക്കുക തന്നെ ചെയ്തു. ടിക്കറ്റ് എടുക്കാൻ തങ്ങൾ നൽകുന്ന പേരുകൾ അടക്കമുള്ള സ്വകാര്യവിവരങ്ങൾ ഉപയോഗിച്ചല്ലേ ഇത് ചെയ്യുന്നത് എന്നാണ് യുവതിയുടെ സംശയം.
അടുത്തിടെ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു, പിന്നാലെ എന്റെ കോച്ചിലെ ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിക്കറ്റ് കളക്ടർ എങ്ങനെയോ എന്നെ ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തി ഒരു ഫോളോ റിക്വസ്റ്റ് അയച്ചു. റിസർവേഷൻ ചാർട്ടിൽ നിന്നാണ് അദ്ദേഹത്തിന് എന്റെ പേര് ലഭിച്ചതെന്നാണ് ഞാൻ കരുതുന്നത്. സത്യം പറഞ്ഞാൽ, യാത്രയ്ക്കായി യാത്രക്കാർ നൽകുന്ന സ്വകാര്യ വിവരങ്ങളാണിവ. ഇത് സാധാരണ സംഭവിക്കുന്നതാണോ? അതോ സമാനമായ അനുഭവം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ? എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.
അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു യൂസർ കുറിച്ചിരിക്കുന്നത്, തനിക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്നാണ്, താൻ ഒരു ആൺകുട്ടിയാണ് എന്നും അയാൾ കുറിച്ചിരിക്കുന്നത് കാണാം. മറ്റ് പലരും കമന്റുകളിൽ പറഞ്ഞത്, റിക്വസ്റ്റ് സ്വീകരിക്കരുത്, പിന്നീട് മെസ്സേജ് അയച്ച് തുടങ്ങും എന്നാണ്. ഇയാൾക്കെതിരെ പരാതി നൽകണം എന്നും പലരും പറഞ്ഞിട്ടുണ്ട്.