ചൈനയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സമയവും ഊർജ്ജവും ലാഭിക്കാൻ യുവാക്കൾക്കിടയിൽ തരംഗമായി 'ഹ്യൂമൻ ഫുഡ്' എന്ന പുതിയ ഭക്ഷണരീതി.
കടുത്ത ജോലിഭാരവും കടുത്ത മത്സരവുമുള്ള നഗരജീവിതത്തിൽ നിന്നും സമയവും ഊർജ്ജവും ലാഭിക്കാൻ പുതിയ വിദ്യയുമായി ചൈനയിലെ യുവാക്കൾ. നായ്ക്കൾക്കും പൂച്ചകൾക്കും നൽകുന്ന റെഡിമെയ്ഡ് തീറ്റകളുടെ (Pet food) മാതൃകയിൽ മനുഷ്യർക്കായി തയ്യാറാക്കുന്ന 'ഹ്യൂമൻ ഫുഡ്' (Human Food) അഥവാ മനുഷ്യർക്കുള്ള ഭക്ഷണം എന്ന ഭക്ഷണരീതിയാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുറഞ്ഞ അധ്വാനത്തിൽ ജീവിച്ചു പോകാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ 'ടാംഗ് പിംഗ്' അഥവാ 'ലൈയിങ് ഫ്ലാറ്റ്' ജീവിതശൈലിയുടെ ഭാഗമായാണ് ഈ പുതിയ പ്രവണത.
ആഴ്ചയിലൊരിക്കൽ പച്ചക്കറികളും മാംസവും ഒരുമിച്ച് വാങ്ങി, കഷണങ്ങളാക്കി മുറിച്ച് വെവ്വേറെ വേവിച്ച ശേഷം ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് ഈ രീതി. സലാഡുകളിൽ ഉപയോഗിക്കുന്ന ബ്രൊക്കോളി, കൂൺ, ചോളം, പച്ചക്കുരുമുളക്, ബീഫ്, കൊഞ്ച് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പിന്നീട് വിശക്കുമ്പോൾ ഓരോ പാത്രത്തിൽ നിന്നും ആവശ്യമുള്ളത്ര എടുത്ത് മിക്സ് ചെയ്ത് മൈക്രോവേവ് ഓവനിൽ ചൂടാക്കി കഴിക്കും. അല്പം രുചി കൂട്ടാൻ ഉപ്പോ മറ്റ് മസാലകളോ മാത്രമാണ് ഇതിൽ ചേർക്കുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 'ഹ്യൂമൻ ഫുഡ്' എന്ന ഹാഷ്‌ടാഗിന് ഇതിനകം 54 ലക്ഷത്തിലധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഒരു മണിക്കൂർ പാചകം ചെയ്ത് അഞ്ച് മിനിറ്റ് കൊണ്ട് കഴിച്ചു തീർക്കുന്ന പരമ്പരാഗത രീതിയോട് യുവാക്കൾക്ക് താല്പര്യമില്ലാത്തതാണ് ഇതിന് കാരണം. ദിവസവും പാചകം ചെയ്യുന്നതിന് പകരം ആഴ്ചയിലൊരിക്കൽ മാത്രം സമയം കണ്ടെത്തിയാൽ മതിയെന്നത് മെട്രോ നഗരങ്ങളിലെ ഐടി ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
പാചകം ചെയ്യാനുള്ള സമയം ലാഭിച്ച് അത് മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് ഈ രീതി പിന്തുടരുന്നവർ പറയുന്നു. ചൈനയിലെ മെട്രോ നഗരങ്ങളിൽ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നത് സാധാരണമാണ്. പലരും വാടക ലാഭിക്കാനായി നഗരപ്രാന്തങ്ങളിലാണ് താമസിക്കുന്നത്. കിലോമീറ്ററുകൾ യാത്ര ചെയ്ത് ഓഫീസിലെത്തി മടങ്ങിവരുമ്പോൾ പാചകം ചെയ്യാൻ സമയമോ ഊർജ്ജമോ ഉണ്ടാകാറില്ല. മുൻപ് ഓൺലൈൻ വഴി റെഡിമെയ്ഡ് ഭക്ഷണങ്ങൾ ഓർഡർ ചെയ്തിരുന്നവർ പോലും ഇപ്പോൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഹ്യൂമൻ ഫുഡിലേക്ക് മാറുകയാണ്. ഫിറ്റ്നസ് പ്രേമികളും ഈ രീതിയെ സ്വാഗതം ചെയ്യുന്നുണ്ട്.
അതേസമയം, ഈ പുതിയ ട്രെൻഡിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. 'മൃഗങ്ങളെപ്പോലെ പാത്രം തുറന്ന് തീറ്റയെടുത്ത് കഴിക്കുന്നതിൽ ജീവിതത്തിൽ എന്ത് സന്തോഷമാണുള്ളത്' എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഫ്രീസ് ചെയ്തു വെക്കുന്ന കോഴിയിറച്ചി പിന്നീട് ചൂടാക്കുമ്പോൾ അസഹ്യമായ രുചിയാണെന്നും ഇത് ഹ്യൂമൻ ഫുഡല്ല 'ഡോഗ് ഫുഡ്' ആണെന്നും ചിലർ പരിഹസിക്കുന്നു. ഇത്തരം ഭക്ഷണരീതി പൂർണ്ണമായും ആരോഗ്യപ്രദമല്ലെന്ന് ചൈനയിലെ ഭക്ഷ്യസുരക്ഷാ രംഗത്തുള്ള വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.
