
ബെംഗളൂരുവിലെ തന്റെ വീട്ടുജോലിക്കാരിക്ക് പ്രൊഫഷണലിസത്തിൽ നൂറിൽ നൂറ് മാർക്കെന്ന് യുവതിയുടെ പോസ്റ്റ്. ലിങ്ക്ഡ്ഇന്നിലാണ് സിമ്രാൻ ഭംപാനി എന്ന യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജോലിക്കാരി അസുഖം കാരണം ലീവ് ചോദിക്കുന്ന കാര്യത്തെ കുറിച്ചാണ് പോസ്റ്റിൽ യുവതി കുറിച്ചിരിക്കുന്നത്. വീട്ടിലെ ജോലിക്കാരിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടും ഇവർ ഷെയർ ചെയ്തിട്ടുണ്ട്. താൻ ജോലി ചെയ്ത പകുതിയിലധികം പേരെക്കാളും പ്രൊഫഷണലാണ് സിക്ക് ലീവ് എടുക്കുന്ന കാര്യത്തിൽ തന്റെ ജോലിക്കാരി എന്നാണ് സിമ്രാന്റെ അഭിപ്രായം.
പ്രൊഫഷണലിസത്തിൽ ജോലിക്ക് വരുന്ന യുവതിക്ക് നൂറിൽ നൂറ് മാർക്കും നൽകുന്നതിനോടൊപ്പം തന്നെ അവരുടെ 10 വയസുള്ള മകളാണ് ഇംഗ്ലീഷിലുള്ള ഈ മെസ്സേജ് അവർക്ക് വേണ്ടി ടൈപ്പ് ചെയ്തത് എന്നും സിമ്രാൻ പോസ്റ്റിൽ പറയുന്നുണ്ട്. ഒപ്പം ജോലിക്കാരിയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടും ഷെയർ ചെയ്തിരിക്കുന്നത് കാണാം.
അതിൽ രണ്ട് ദിവസത്തെ മെസ്സേജുകൾ കാണാം. ഈ രണ്ട് മെസ്സേജും ലീവ് പറഞ്ഞുകൊണ്ടുള്ള മെസ്സേജാണ്. എനിക്ക് സുഖമില്ല, ജലദോഷവും തൊണ്ടവേദനയും ആണ്. അതിനാൽ ഞാൻ ഇന്ന് ജോലിക്ക് വരില്ല എന്നാണ് ഒരു തവണ അയച്ചിരിക്കുന്നത്.
രണ്ടാമത്തെ തവണ അയച്ചിരിക്കുന്ന മെസ്സേജിൽ പറഞ്ഞിരിക്കുന്നത്, കാലിന് വയ്യ, നടക്കാൻ പറ്റുന്നില്ല അതിനാൽ വരില്ല എന്നാണ്. വളരെ പ്രൊഫഷണലായ രീതിയിൽ തന്നെയാണ് രണ്ട് മെസ്സേജുകളും അയച്ചിരിക്കുന്നത്.
എന്തായാലും, പോസ്റ്റ് വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ശരിക്കും സിമ്രാന്റെ വീട്ടിൽ ജോലിക്ക് വരുന്ന യുവതി വളരെ പ്രൊഫഷണലാണ് എന്ന് തന്നെയാണ് പലരും അഭിപ്രായപ്പെട്ടത്. പലരും ഇതുപോലെയുള്ള അനുഭവം ഷെയർ ചെയ്തിട്ടുണ്ട്. യുവതിക്ക് പലരും നൂറിൽ നൂറ് മാർക്കും നൽകി.