
പ്രണയം അവസാനിക്കുക എന്നത് വേദനാജനകമായ ഒരു കാര്യമാണ്. സാധാരണഗതിയിൽ അത് സംഭവിക്കുന്നത് ഗൗരവകരമായ ഒരു സംഭാഷണത്തിലൂടെയോ, വഴക്കിലൂടെയോ അല്ലെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ഒരു വേർപിരിയലിലൂടെയോ ആയിരിക്കും. എന്നാൽ ആധുനിക ബന്ധങ്ങളിൽ, പ്രത്യേകിച്ച് ജെൻ സികൾക്കിടയിൽ, ഒരു പുതിയ വേർപിരിയൽ രീതി വ്യാപകമാകുകയാണ്. ഇതിനെ വിദഗ്ധർ വിളിക്കുന്നത് 'സബ്കോൺഷ്യസ് അൺകപ്ലിംഗ്' എന്നാണ്.
ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കാതെ തന്നെ പങ്കാളികളിലൊരാൾ മാനസികമായി ബന്ധത്തിൽ നിന്ന് പിൻവാങ്ങുന്ന അവസ്ഥയാണിത്. വഴക്കുകളില്ല, ബഹളങ്ങളില്ല, പക്ഷേ ആ പ്രണയം പതിയെ പതിയെ ഇല്ലാതായിക്കൊണ്ടിരിക്കും. ഇതിന്റെ ആഘാതം സാധാരണ ഒരു ബ്രേക്ക് അപ്പിനേക്കാൾ ഭീകരമാണെന്നാണ് മനോരോഗ വിദഗ്ധർ പറയുന്നത്.
ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തി തന്റെ പങ്കാളിയോട് ഇനി താൽപ്പര്യമില്ലെന്ന് നേരിട്ട് പറയാതെ, സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും ബന്ധത്തിൽ നിന്ന് അകലം പാലിക്കുന്ന രീതിയാണിത്. ഇവിടെ ബന്ധം സാങ്കേതികമായി നിലനിൽക്കുന്നുണ്ടാകും. അവർ ഒരുമിച്ച് യാത്ര ചെയ്തേക്കാം, സംസാരിച്ചേക്കാം, എന്നാൽ പഴയ ആ വൈകാരിക അടുപ്പം അവിടെ ഉണ്ടാകില്ല. പങ്കാളി അടുത്തുണ്ടെങ്കിലും അവർ വളരെ ദൂരെയാണെന്ന് നിങ്ങൾക്ക് തോന്നിത്തുടങ്ങും. മെസ്സേജുകൾക്ക് ദൈർഘ്യം കുറയുന്നു, മറുപടികൾ വൈകുന്നു, ഭാവി കാര്യങ്ങളെക്കുറിച്ചുള്ള പ്ലാനുകൾ ഇല്ലാതാകുന്നു. എപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയതെന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത അത്രയും നിശബ്ദമായാണ് ഈ വേർപിരിയൽ നടക്കുന്നത്.
നേരിട്ടുള്ള ഒരു ബ്രേക്ക് അപ്പ് ഒഴിവാക്കാൻ പലരും ഈ വഴി തിരഞ്ഞെടുക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്:
സാധാരണ ഒരു ബ്രേക്ക് അപ്പ് നടന്നാൽ നമുക്ക് സങ്കടം വരും, പക്ഷേ അവിടെ ഒരു 'ക്ലോഷർ' ഉണ്ട്. കാര്യങ്ങൾ അവസാനിച്ചു എന്ന് നമുക്ക് ഉറപ്പിക്കാം. എന്നാൽ സബ്കോൺഷ്യസ് അൺകപ്ലിംഗിൽ പങ്കാളി നിങ്ങളെ 'ഗോസ്റ്റ്' ചെയ്യുന്നില്ല, അതേസമയം കൂടെ നിൽക്കുന്നുമില്ല. ഈ അവ്യക്തത വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്.
'ഞാൻ എന്ത് തെറ്റാണ് ചെയ്തത്?', 'ഇനി എനിക്ക് എന്തെങ്കിലും മാറ്റം വരുത്തിയാൽ കാര്യങ്ങൾ ശരിയാകുമോ?' എന്നിങ്ങനെ സ്വയം കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് മറ്റേ പങ്കാളി എത്തുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. 'നേരിട്ട് പറഞ്ഞു പിരിയുന്നതിനേക്കാൾ ക്രൂരമാണ് ഈ നിശബ്ദമായ പിൻവാങ്ങൽ' എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. സബ്കോൺഷ്യസ് അൺകപ്ലിംഗ് എപ്പോഴും ഒരു ബ്രേക്ക് അപ്പിൽ അവസാനിക്കണം എന്നില്ല. ചിലപ്പോൾ ജോലിയിലെ സമ്മർദ്ദമോ മറ്റ് മാനസിക പ്രശ്നങ്ങളോ കാരണമാകാം പങ്കാളി അകലം പാലിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ഏക വഴി സത്യസന്ധമായ സംസാരമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
നിങ്ങൾ അനുഭവിക്കുന്ന അകലം പങ്കാളിയോട് തുറന്നു പറയുക. അവർക്ക് ബന്ധം തുടരാൻ താല്പര്യമുണ്ടോ ഇല്ലയോ എന്ന് വ്യക്തമായി ചോദിച്ചറിയുക. ഒരാൾ മാത്രം ബന്ധം നിലനിർത്താൻ ശ്രമിച്ചാൽ അത് മുന്നോട്ട് പോകില്ല. പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ സംസാരിച്ചു തീർക്കുക എന്നതാണ് ഏറ്റവും മാന്യമായ വഴി. പ്രണയത്തിൽ അകലം അനുഭവപ്പെടുമ്പോൾ അത് തിരിച്ചറിയാനും നേരിടാനും തയ്യാറാകുക. കാരണം, ഒരാൾക്ക് ഒരു ഭാരമായി നിൽക്കുന്നതിനേക്കാൾ നല്ലത് ആ ബന്ധത്തിൽ നിന്ന് മാന്യമായി പടിയിറങ്ങുന്നതാണെന്നാണ് വിദഗ്ധർ പറയുന്നത്.