60-ാം വയസ്സിലും 30-ന്റെ ചുറുചുറുക്ക്! ഇയാൾ മനുഷ്യനോ അതോ 'വാമ്പയറോ'? ചുവാൻഡോ ടാനിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യം

Published : Mar 05, 2026, 08:18 PM IST
Chuando Tan

Synopsis

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് പറയുന്നവർക്ക് മുന്നിൽ ജീവിക്കുന്ന അത്ഭുതമായി മാറുകയാണ് സിംഗപ്പൂർ സ്വദേശിയായ ചുവാൻഡോ ടാൻ. അറുപതാം വയസfലും മുപ്പതുകാരന്റെ ശാരീരികക്ഷമതയും മുഖകാന്തിയും നിലനിർത്തുന്ന ഈ ഫാഷൻ ഫോട്ടോഗ്രാഫർ..

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ സിംഗപ്പൂരുകാരനും ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാൻഡോ ടാനെ കണ്ടാൽ ആ വാചകം അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തോന്നിപ്പോകും. കഴിഞ്ഞ മാർച്ച് 3-ന് ടാൻ തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഞെട്ടലിലായിരുന്നു. 60 എന്ന അക്കത്തിലെഴുതിയ ബലൂണുകൾക്ക് നടുവിൽ നിൽക്കുന്ന ടാനിന്റെ ചിത്രം കണ്ട ആർക്കും ഇയാൾക്ക് 60 വയസ്സായെന്ന് വിശ്വസിക്കാനായില്ല. ലോകമെമ്പാടുമുള്ള ആരാധകർ ചോദിക്കുന്നത് ഒന്നേയുള്ളൂ: 'ഇയാൾ സത്യത്തിൽ ഒരു വാമ്പയർ ആണോ?'

വൈറലായ ജന്മദിന പോസ്റ്റ്

തന്റെ 60-ാം ജന്മദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും ചിത്രവുമാണ് ഇപ്പോൾ ചർച്ചാവിഷയം. 'ഓരോ സൂര്യോദയവും നമുക്ക് ലഭിക്കുന്ന അവകാശമാണ്, അല്ലാതെ ഉറപ്പുള്ള ഒന്നല്ല. സമയം മാത്രമാണ് യഥാർത്ഥ സമ്പത്തെന്ന് ഈ 60-ാം ജന്മദിനം എന്നെ ഓർമ്മിപ്പിക്കുന്നു,' എന്ന് ടാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രകൃതിയിലേക്കും സൂര്യപ്രകാശത്തിലേക്കും മടങ്ങുക എന്നതാണ് ഇനി മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.5 ദശലക്ഷത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ഇതിനോടകം ലഭിച്ചത്. '60 വയസ്സിലും 35-ന്റെ ലുക്ക്', 'ഇയാൾ മനുഷ്യനാണോ അതോ എൽഫ് വർഗ്ഗത്തിൽപ്പെട്ട ആളാണോ?' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

ആരാണ് ചുവാൻഡോ ടാൻ?

2017-ലാണ് ചുവാൻഡോ ടാൻ ആദ്യമായി ഇന്റർനെറ്റിൽ തരംഗമായത്. അന്ന് അദ്ദേഹത്തിന് 50 വയസ്സായിരുന്നു പ്രായം. ജാനറ്റ് ജാക്സൺ, റീറ്റ ഓറ, ഷു ക്വി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഒരു മുൻനിര ഫോട്ടോഗ്രാഫറാണ് അദ്ദേഹം. തന്റെ അസാധാരണമായ യൗവനം നിലനിർത്തുന്നതിൽ ടാൻ കാണിക്കുന്ന അച്ചടക്കമാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.

യൗവനത്തിന്റെ രഹസ്യം: ഭക്ഷണക്രമം

യാതൊരുവിധ മാന്ത്രിക മരുന്നുകളോ അത്ഭുത ചികിത്സകളോ തന്റെ യൗവനത്തിന് പിന്നിലില്ലെന്ന് ടാൻ ആവർത്തിച്ചു വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള ചിട്ടയായ ജീവിതശൈലിയാണ് ഇതിന് കാരണം. പ്രോട്ടീൻ ഷേക്കുകൾ അല്ലെങ്കിൽ ഓട്‌സ്, മുട്ട, തേൻ, അവോക്കാഡോ എന്നിവയാണ് ടാനിന്റെ പ്രഭാതഭക്ഷണം.

ഗ്രിൽ ചെയ്തതോ സ്റ്റീം ചെയ്തതോ ആയ ചിക്കൻ അല്ലെങ്കിൽ മത്സ്യം, കൂടെ അല്പം ചോറും സൂപ്പുമാണ് ഉച്ചഭക്ഷണവും അത്താഴവുമെന്നാണ് ടാൻ പറയുന്നത്. മദ്യം, പുകവലി, കോഫി, മധുരപലഹാരങ്ങൾ എന്നിവയിൽ നിന്ന് അദ്ദേഹം പൂർണ്ണമായും അകന്നുനിൽക്കുന്നു.

'നിങ്ങൾ ഒരു ദിവസം എത്ര കലോറി ശരീരത്തിലെത്തിക്കുന്നുവോ അത്രയും തന്നെ എരിച്ചു കളയണം. ലളിതമായ ആ കണക്കാണ് ഞാൻ പിന്തുടരുന്നത്,' ടാൻ പറയുന്നു.

വ്യായാമവും ഉറക്കവും

ഭക്ഷണത്തോടൊപ്പം തന്നെ കൃത്യമായ വ്യായാമമുറകളും അദ്ദേഹം പിന്തുടരുന്നുണ്ട്. ആഴ്ചയിൽ 3 മുതൽ 5 തവണ വരെ നീന്തൽ, സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ വ്യായാമങ്ങൾ എന്നിവ അദ്ദേഹം മുടക്കാറില്ല. മറ്റൊരു പ്രധാന കാര്യം ഉറക്കമാണ്. രാത്രി 11 മണിക്ക് മുൻപായി അദ്ദേഹം ഉറങ്ങാൻ കിടക്കും. ശരീരത്തിന്റെ ആരോഗ്യത്തിന് കൃത്യമായ വിശ്രമം അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാനസിക സമ്മർദ്ദമില്ലാത്ത പോസിറ്റീവ് ആയ ചിന്താഗതിയും സൗന്ദര്യം നിലനിർത്താൻ സഹായിക്കുമെന്ന് ടാൻ സാക്ഷ്യപ്പെടുത്തുന്നു.

പ്രായത്തെ അംഗീകരിക്കുന്നു

ലോകം മുഴുവൻ തന്നെ 'യൗവനം വിട്ടുമാറാത്തവൻ' എന്ന് വിളിക്കുമ്പോഴും, തന്റെ ഉള്ളിൽ പ്രായത്തിന്റെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ടാൻ തുറന്നു സമ്മതിക്കുന്നുണ്ട്. മുൻപത്തെപ്പോലെ ഊർജ്ജസ്വലത നിലനിർത്താൻ ഇപ്പോൾ താൻ കൂടുതൽ പരിശ്രമിക്കേണ്ടി വരുന്നുണ്ടെന്നും, ശാരീരികമായി പ്രായത്തിന്റെ ചില ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം അടുത്തകാലത്ത് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞു.

എന്തായാലും, 60-ാം വയസ്സിലും ഹോളിവുഡ് നായകന്മാരെ വെല്ലുന്ന ശരീരസൗന്ദര്യവും മുഖകാന്തിയും നിലനിർത്തുന്ന ചുവാൻഡോ ടാൻ, ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു വലിയ പ്രചോദനമാണ്.

PREV
Read more Articles on
click me!

Recommended Stories

രക്ഷകനെ വേണ്ട, വേണ്ടത് തുല്യത; ഇന്ത്യൻ സ്ത്രീകളുടെ പ്രണയ സങ്കല്പങ്ങൾ മാറുന്നു; പിന്നിൽ 'കൊറിയൻ' സ്വാധീനം!
കബാബ് ഓർഡർ ചെയ്യാൻ ഫോൺ ബൂത്തിൽ കയറിയ യുവാവ് കുടുങ്ങിയത് ഒരു മണിക്കൂർ!