മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

Published : Nov 06, 2026, 08:36 AM IST
court

Synopsis

ഓസ്‌ട്രേലിയയിൽ വെച്ച് തൻ്റെ ബാഗ് മോഷ്ടിച്ചയാളെ കാറിൽ പിന്തുടർന്ന് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ സിംഗപ്പൂർ സ്വദേശിക്ക് തടവ് ശിക്ഷ. ആപ്പിൾ എയർടാഗിൻ്റെ സഹായത്തോടെയാണ് മോഷ്ടാവിനെ കണ്ടെത്തിയത്. അബദ്ധത്തിൽ സംഭവിച്ച കൊലപാതകമായതിനാൽ 5 വർഷവും 9 മാസവുമാണ് കോടതി ശിക്ഷ വിധിച്ചത്.

മോഷണം പോയ ബാഗ് വീണ്ടെടുക്കാൻ മോഷ്ടാവിനെ കാറിൽ പിന്തുടർന്ന് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ സിംഗപ്പൂർ സ്വദേശിയായ വിനോദ സഞ്ചാരിക്ക് ഓസ്‌ട്രേലിയയിൽ 5 വർഷവും 9 മാസവും തടവും ശിക്ഷ. 29 -കാരനായ ലിങ്കൺ എൻഗ് ജിങ് കൈയ്ക്കാണ് വെസ്റ്റേൺ ഓസ്‌ട്രേലിയ സുപ്രീം കോടതി ശിക്ഷ വിധിച്ചത്. 2024 മേയിൽ ഓസ്‌ട്രേലിയയിലെ പെർത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാർക്ക് ജോൺ ബേൺസ് എന്നയാളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ലിങ്കണിനെതിരെ ആദ്യം കൊലപാതകക്കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും, പിന്നീട് ഗൗരവം കുറഞ്ഞ അബദ്ധത്തിലുള്ള നരഹത്യ കുറ്റം ചുമത്തുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പിന്തുടർന്ന് ഇടിച്ച് വീഴ്ത്തി

ഓസ്ട്രേലിയയിൽ വച്ച് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താനുള്ള പദ്ധതിയോടെ കാമുകിക്കും കുടുംബത്തിനുമൊപ്പം 8 ദിവസത്തെ അവധിക്കാല ആഘോഷത്തിനായാണ് ലിങ്കൺ പെർത്തിലെത്തിയത്. 2024 മേയ് 23 -ന് ഈസ്റ്റ് വിക്ടോറിയ പാർക്കിലെ റെസ്റ്റോറന്‍റിന് സമീപം ഇവർ വാടകയ്‌ക്കെടുത്ത കാർ പാർക്ക് ചെയ്തിരുന്നു. പാസ്‌പോർട്ട്, ഐപാഡ്, പണം, ആപ്പിൾ എയർടാഗ് എന്നിവയടങ്ങിയ ബാഗ് എന്നിവ ഈ സമയം കാറിന്‍റെ ഡിക്കിയിലായിരുന്നു. കാറിന്‍റെ പിൻവശത്തെ ചില്ല് തകർത്ത് ബേൺസ്, ഈ ബാഗ് മോഷ്ടിച്ചു. പിറ്റേന്ന് ആപ്പിൾ എയർടാഗിന്‍റെ സഹായത്തോടെ ബാഗ് എവിടെയുണ്ടെന്ന് കുടുംബം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഇവർ, തങ്ങളുടെ ബാഗിന് സമാനമായൊരു ബാഗുമായി ഇലക്ട്രിക് സൈക്കിളിൽ പോകുന്ന ബേൺസിനെ കണ്ടു.

കാമുകിയുടെ പിതാവിന്‍റെ നിർദേശപ്രകാരം ലിങ്കൺ കാറിൽ ബേൺസിനെ പിന്തുടർന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് സംശയം തോന്നിയ ബേൺസ് പെട്ടെന്ന് റോഡരികിലെ പുൽപ്രദേശത്തേക്ക് സൈക്കിൾ തിരിച്ചു. ഈ സമയം കാറിന്‍റെ പിൻസീറ്റിലിരുന്ന കാമുകിയുടെ പിതാവ്, കാറ് കൊണ്ട് ചെറിയ രീതിയിൽ സൈക്കിളിൽ ഒന്ന് തട്ടാൻ ലിങ്കണിനോട് ആവശ്യപ്പെട്ടു. എന്നാൽ, ലിങ്കൺ സൈക്കിളിന്‍റെ പിൻചക്രത്തിൽ ഇടിക്കുകയും ബേൺസ് താഴെ വീഴുകയുമായിരുന്നു. റോഡിൽ വീണ ബേൺസ് പെട്ടെന്ന് എഴുനേറ്റ് കാറിനെ അക്രമിക്കാനായി തുനിഞ്ഞു. അപ്രതീക്ഷിതമായ അക്രമണത്തിൽ ഭയന്ന് പോയ ലിങ്കൺ, കാർ മുന്നോട്ടെടുത്തു. മുന്നോട്ട് കുതിച്ച കാർ ബേൺസിനെ ഇടിച്ചിട്ടു. പിന്നാലെ ബേൺസ് കാറിനടിയിൽക്കുടുങ്ങി. ഏകദേശം 25 മീറ്ററോളം, ബേൺസിനെയും വലിച്ച് കൊണ്ട് കാർ മുന്നോട്ട് നീങ്ങി. പിന്നീട് ഗുരുതരമായി പരിക്കേറ്റ ബേൺസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെട്ടെന്നുണ്ടായ പരിഭ്രാന്തിയെന്ന് കോടതി

നിയമം സ്വന്തം കൈയിലെടുക്കാനുള്ള പ്രവണതയാണ് ലിങ്കണിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിക്ഷാവിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് ടെറൻസ് പാമർ നിരീക്ഷിച്ചു. അതേസമയം, ബേൺസിനെ അപായപ്പെടുത്തണമെന്ന് ലിങ്കണിന് മുൻകൂട്ടി ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് ഇത് സംഭവിച്ചതെന്നും കോടതി അംഗീകരിച്ചു. ലിങ്കണിന്‍റെ കുറ്റസമ്മതവും, മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്തതും, സംഭവത്തിലുള്ള ആത്മാർഥമായ പശ്ചാത്താപവും പരിഗണിച്ചാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്. 2024 മേയ് 24 -ന് കസ്റ്റഡിയിലായ ദിവസം മുതലാണ് ശിക്ഷാ കാലാവധി കണക്കാക്കുന്നത്. 3 വർഷവും 9 മാസവും തടവ് പൂർത്തിയാക്കിയാൽ ലിങ്കണിന് പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

തൊഴിലുടമയുടെ 47 ലക്ഷത്തിന്‍റെ വാച്ച് മോഷ്ടിച്ച് നിശാക്ലബ്ബുകളിൽ ധൂർത്താടി; പിടക്കപ്പെട്ടപ്പോൾ 22 മാസം തടവ്!
ഒരു വർഷം, പത്ത് ലക്ഷം സൗജന്യ ഭക്ഷണപ്പൊതികൾ, ഇന്ത്യൻ വംശജരായ അച്ഛനും മകൾക്കും യുകെയിൽ ആദരം!