
സിംഗപ്പൂരിലെ കോടീശ്വരൻ പീറ്റർ ലിമിന്‍റെ മകൾ കിം ലിമിന്‍റ മുൻ ജീവനക്കാരിക്ക് 22 മാസം തടവുശിക്ഷ. തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള സേഫിൽനിന്ന് 73,000 സിംഗപ്പൂർ ഡോളർ (ഏകദേശം 47 ലക്ഷം രൂപ) വിലമതിക്കുന്ന ആഡംബര വാച്ച് മോഷ്ടിച്ചതിനും കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്തതിനുമാണ് 33 -കാരിയായ ടെ ജിങ് വെന് തടവ് ശിക്ഷ ലഭിച്ചത്. മദ്യപിച്ച് ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇവർക്കെതിരെയുണ്ട്.
നവംബർ രണ്ടിനാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്. 22 മാസം തടവിന് പുറമെ 3,500 സിംഗപ്പൂർ ഡോളർ പിഴയും വിധിച്ചു. കൂടാതെ രണ്ട് വർഷത്തേക്ക് ഡ്രൈവിങ് വിലക്കും ഏർപ്പെടുത്തി. മോഷണം, ക്രിമിനൽ വിശ്വാസവഞ്ചന, ലൈസൻസില്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ അഞ്ച് കുറ്റങ്ങൾ ഒക്ടോബർ എട്ടിന് ടെ ജിങ് വെൻ കോടതിയിൽ സമ്മതിച്ചിരുന്നു. മറ്റ് അഞ്ച് കുറ്റങ്ങളും ശിക്ഷ വിധിക്കുമ്പോൾ കോടതി പരിഗണിച്ചു.
2022 -ലാണ് കിം ലിമിന്‍റെ ഉടമസ്ഥതയിലുള്ള സൗന്ദര്യ - ആരോഗ്യ സംരക്ഷണ സ്ഥാപനമായ കെഎൽ ഹെൽത്തിൽ ടെ ജിങ് വെൻ ജോലിയിൽ പ്രവേശിച്ചത്. ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്‍റായി തുടങ്ങിയ ഇവർ പിന്നീട് എച്ച്ആർ മാനേജർ, റീജിയണൽ കോർഡിനേറ്റർ എന്നീ പദവികളിലേക്ക് ഉയർന്നു. 2024 ഓഗസ്റ്റിൽ കമ്പനിയുടെ സേഫ് തുറക്കാനുള്ള രഹസ്യ കോഡ് കിം ലിം ഇവർക്ക് കൈമാറിയിരുന്നു. സേഫിൽ കിം ലിമിന്‍റെ വ്യക്തിഗത വസ്തുക്കളാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് കിം ലിം കോഡ് മറന്നതോടെ സേഫ് തുറക്കാൻ കഴിയുന്ന ഏക വ്യക്തി ടെ ജിങ് വെൻ ആയി.
ഈ സാഹചര്യം മുതലെടുത്ത് 73,000 സിംഗപ്പൂർ ഡോളർ വിലമതിക്കുന്ന പാടെക് ഫിലിപ്പ് വാച്ചും ഏകദേശം 8,000 സിംഗപ്പൂർ ഡോളറും ഇവർ സേഫിൽ നിന്നും മോഷ്ടിച്ചു. വാച്ചിന്‍റെ യഥാർഥ വിലയെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും വെറും 16,500 സിംഗപ്പൂർ ഡോളറിനാണ് ടെ ജിങ് വെൻ വിറ്റത്. ലഭിച്ച പണത്തിന്‍റെ ഒരു ഭാഗം അനധികൃത ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ തുക തിരിച്ചടയ്ക്കാനും ബാക്കി വ്യക്തിഗത ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു. ആഭരണങ്ങൾ, പണം, വിലകൂടിയ പെർഫ്യൂമുകൾ എന്നിവയുൾപ്പെടെ ഏകദേശം 74,000 സിംഗപ്പൂർ ഡോളർ വിലമതിക്കുന്ന മറ്റ് വസ്തുക്കളും ടെ ജിങ് വെൻ പലപ്പോഴായി മോഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
കമ്പനിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആഡംബര നിശാക്ലബ്ബുകളിൽ ടെ ജിങ് വെൻ 19,191 സിംഗപ്പൂർ ഡോളർ ചെലവഴിച്ചതായും കണ്ടെത്തി. 2025 ഒക്ടോബറിൽ നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ കിം ലിം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും വലിയൊരു ദുരനുഭവമായിരുന്നെന്നും അവർ വ്യക്തമാക്കി.