യുകെയിൽ ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത 'ലങ്കർ എയ്ഡ്' സ്ഥാപകർക്ക് കോവൻട്രി സിറ്റി കൗൺസിലിന്‍റെ പുരസ്കാരം. സിഖ് വംശജനായ ഇന്ദർജിത് ജുഗ്ഡിക്കും മകൾ അവ്താർ കൗറിനുമാണ് ഈ അംഗീകാരം ലഭിച്ചത്. വിശപ്പും സാമ്പത്തിക പ്രയാസങ്ങളും നേരിടുന്നവരെ സഹായിക്കുന്നതിനാണ് ഇവർ ഈ സംരംഭം നടത്തുന്നത്.

യുകെയിൽ ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത സന്നദ്ധസംഘടനയുടെ പ്രവർത്തനത്തിന് അംഗീകാരം. സംഘടനയുടെ സ്ഥാപകരായ സിഖ് വംശജനായ ഇന്ദർജിത് ജുഗ്ഡിക്കും മകൾ അവ്താർ കൗറിനുമാണ് കോവൻട്രി സിറ്റി കൗൺസിലിന്‍റെ ഗുഡ് സിറ്റിസൺ പുരസ്കാരം ലഭിച്ചത്. വിശപ്പും സാമ്പത്തിക പ്രയാസങ്ങളും നേരിടുന്നവരെ സഹായിക്കുന്നതിനായി ഒരു ദശാബ്ദത്തോളമായി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരം.

2016 -ലാണ് ഇരുവരും ചേർന്ന് കോവൻട്രിയിൽ 'ലങ്കർ എയ്ഡ്' എന്ന സംരംഭത്തിന് തുടക്കമിട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ തൊഴിൽ കേന്ദ്രത്തിന് മുന്നിൽ ആഴ്ചയിൽ 30 പേർക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. എന്നാൽ, ഇന്ന് സംഘടനയിലൂടെ ഓരോ ആഴ്ചയും 20,000-ത്തിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.

'ലങ്കർ' പാരമ്പര്യം

വീട്ടിൽ ഭക്ഷണം പാകം ചെയ്ത് ആവശ്യമുള്ളവർക്ക് നൽകുന്ന ചെറിയൊരു കൂട്ടായ്മയായിട്ടായിരുന്നു ലങ്കർ എയ്ഡിന്‍റെ തുടക്കം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ആദ്യഘട്ടത്തിൽ ഭക്ഷണം തയ്യാറാക്കിയിരുന്നത്. മതം, പ്രായം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന സിഖ് മതപാരമ്പര്യമായ 'ലങ്കർ' ആണ് ഈ സംരംഭത്തിന് പ്രചോദനമായത്.

Scroll to load tweet…

തങ്ങളുടെ ചെറിയ സംരംഭം ഇത്രയും വലിയൊരു പ്രസ്ഥാനമായി വളരുമെന്ന് തുടക്കത്തിൽ കരുതിയിരുന്നില്ലെന്ന് ഇന്ദർജിത് ജുഗ്ഡി പറഞ്ഞു. സിഖ് മതസ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഭക്ഷണവിതരണ പാരമ്പര്യം സമൂഹത്തിലെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് മകൾ അവ്താർ കൗർ വ്യക്തമാക്കുന്നു.

പരിഗണന 'വിശപ്പി'ന് മാത്രം

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനുഷിക സേവന സംഘടനയായ ഖൽസ എയ്ഡ് ഇന്‍റർനാഷണലിന്‍റെ ഭാഗമായാണ് ലങ്കർ എയ്ഡ് പ്രവർത്തിക്കുന്നത്. മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന സംഘടനയാണിത്. സംഘടന ആരംഭിച്ചത് മുതൽ ഇതുവരെ വിതരണം ചെയ്ത ഭക്ഷണത്തിന്‍റെ ആകെ കണക്ക് പറയുക പ്രയാസമാണെന്ന് വ്യക്തമാക്കി. എന്നാൽ, 202 5-ൽ മാത്രം പത്ത് ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു.

സ്കൂളിലേക്കും അഭയാർത്ഥികൾക്കും

ആഴ്ചയിൽ അഞ്ച് വൈകുന്നേരങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് പുറമെ സ്കൂളുകളിലേക്ക് ഭക്ഷണമെത്തിക്കാനും അഭയാർഥി കുടുംബങ്ങൾക്ക് പുതിയ സമൂഹവുമായി ഇണങ്ങിച്ചേരാൻ സഹായം നൽകാനും ലങ്കർ എയ്ഡ് പ്രവർത്തിക്കുന്നുണ്ടെന്ന് കോവൻട്രി സിറ്റി കൗൺസിലിന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും സംഘടന സജീവമാണ്. കോവൻട്രി കത്തീഡ്രലുമായി സഹകരിച്ച് പുതുവത്സരദിനത്തിൽ സംഘടിപ്പിച്ച പൊതുഭക്ഷണ പരിപാടിയും ഇതിൽ ഉൾപ്പെടുന്നു. നൈജീരിയ, മലാവി, ഇന്ത്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ദർജിത് ജുഗ്ഡി പങ്കെടുത്തിട്ടുണ്ട്. തുർക്കിയിലും ഗാസയിലും നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അവ്താർ കൗറും സജീവമായിരുന്നു. അച്ഛന്‍റെയും മകളുടെയും സേവനങ്ങളെ കോവൻട്രി ലോർഡ് മേയർ കൗൺസിലർ റോജർ ബെയ്‌ലി പ്രശംസിച്ചു. നിരവധി മനുഷ്യരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.