കൃഷി നശിപ്പിക്കുന്നു, വെർവെറ്റ് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തയ്യാറായി ഈ കരീബിയൻ രാജ്യം

By Web TeamFirst Published Jan 22, 2023, 10:21 AM IST
Highlights

ഇതേ സമയം തന്നെ കുരങ്ങുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തെ വിമർശിച്ചു കൊണ്ട് പരിസ്ഥിതി വാദികൾ അടക്കമുള്ളവർ മുന്നോട്ട് വന്നിട്ടുണ്ട്.

മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പുതിയ കാര്യമല്ല. പലപ്പോഴും മൃ​ഗങ്ങളും പക്ഷികളും കൃഷി നശിപ്പിക്കുന്നത് കാരണം കർഷകർ വലിയ പ്രയാസത്തിലും ആകാറുണ്ട്. അത് കാരണം കൃഷി തന്നെ അവസാനിപ്പിക്കേണ്ടി വരുന്നവരും ഉണ്ട്. ഇപ്പോൾ അതുപോലെ വലിയ തോതിൽ കൃഷി നശിപ്പിക്കുന്ന വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാൻ ഒരുങ്ങുകയാണ് സിന്റ് മാർട്ടിൻ. തെക്കൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് വെർവെറ്റ് കുരങ്ങന്മാർ. പതിനേഴാം നൂറ്റാണ്ടിലാണ് അവ കരീബിയനിൽ എത്തുന്നത്. 

നാട്ടുകാരുടേയും കർഷകരുടേയും വലിയ രീതിയിലുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് അധികൃതർ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സിന്റ് മാർട്ടനിലെ നേച്ചർ ഫൗണ്ടേഷൻ എന്ന സംഘടനയായിരിക്കും കുരങ്ങുകളെ കൊല്ലുക. ഇതിന് വേണ്ടി ഫണ്ടും അനുവദിച്ച് കഴിഞ്ഞു. സംഘടന പിടികൂടുന്ന കുരങ്ങുകളെ പിന്നീട് ദയാവധം ചെയ്യും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതുപോലെ 450 കുരങ്ങുകളെയെങ്കിലും പിടികൂടി ദയാവധം ചെയ്യണം എന്നാണ് സംഘടന കരുതുന്നത്. 

ദ്വീപിന്റെ ആരോ​ഗ്യകാര്യങ്ങൾ കണക്കിലെടുത്താണ് ഇത് ചെയ്യുന്നത് എന്ന് നേച്ചർ ഫൗണ്ടേഷൻ മാനേജറായ ലെസ്ലി ഹിക്കേഴ്‌സൺ പറയുന്നത്. അതിന് വേണ്ടി ഈ കുരങ്ങന്മാരുടെ എണ്ണം നിയന്ത്രിച്ചേ തീരൂ എന്നും ഹിക്കേഴ്സൺ പറയുന്നു. 

എന്നാൽ, ഇതേ സമയം തന്നെ കുരങ്ങുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തെ വിമർശിച്ചു കൊണ്ട് പരിസ്ഥിതി വാദികൾ അടക്കമുള്ളവർ മുന്നോട്ട് വന്നിട്ടുണ്ട്. ഇത് ക്രൂരതയാണ് എന്ന് പലരും പ്രതികരിച്ചു. ഇവയെ കൊന്നൊടുക്കുന്നതിന് പകരം വന്ധ്യംകരിക്കുകയോ അതുപോലുള്ള മറ്റ് വഴികൾ തേടുകയോ ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. 

ദക്ഷിണാഫ്രിക്കയിലെ വെർവെറ്റ് മങ്കി ഫൗണ്ടേഷന്റെ സ്ഥാപകനായ ഡേവ് ഡു ടോയ്റ്റ് പറയുന്നത് വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാനുള്ള നീക്കം അം​ഗീകരിക്കാൻ കഴിയില്ല എന്നാണ്. കുരങ്ങുകളെ വന്ധ്യംകരിക്കുക എന്നുള്ളതാണ് കൂടുതൽ സ്വീകാര്യവും മെച്ചപ്പെട്ടതുമായ സമീപനം എന്നാണ് കരുതുന്നത് എന്നും ടോയ്‍റ്റ് പറഞ്ഞു.

click me!