പൊട്ടിയ ചെരുപ്പ് തുന്നിയുപയോ​ഗിക്കും, വില കുറഞ്ഞ വസ്ത്രങ്ങൾ, ജെൻ സിയെ വില കുറച്ച് കാണരുത്; പോസ്റ്റുമായി സിഇഒ

Published : Aug 03, 2026, 04:05 PM IST
Gen Z

Synopsis

'അവൾ വിലകുറഞ്ഞ വസ്ത്രങ്ങൾ മാത്രമാണ് വാങ്ങുന്നത്, പൊട്ടിയ ചെരുപ്പുകൾ തുന്നിച്ചേർത്ത് ഉപയോഗിക്കുന്നു. ഓരോ രൂപയും സമ്പാദിക്കാൻ അവൾ ആഗ്രഹിക്കുന്നു.'

ജെൻ സി തലമുറയെ കുറിച്ച് തെറ്റിദ്ധാരണകൾ വച്ച് പുലർത്തുന്നവർ അനേകമുണ്ട്. എന്നാൽ, ഇപ്പോഴിതാ ജെൻ സിയെ കുറിച്ച് ഷെപ്പേർഡ് സ്ഥാപകനും സോഹോ സി.ഇ.ഒയുമായ ശ്രീധർ വെംബു പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 19 -കാരിയായ തന്റെ ജീവനക്കാരിയെ കുറിച്ചാണ് ശ്രീധർ വെംബു ഈ കുറിപ്പിൽ പറയുന്നത്. സ്വന്തം കാര്യങ്ങളെക്കാൾ കുടുംബത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ പെൺകുട്ടി മുൻഗണന നൽകുന്നത് എന്ന് പോസ്റ്റിൽ കാണാം.

തന്റെ 'എക്സ്' (ട്വിറ്റർ) അക്കൗണ്ടിലാണ് വെംബു ഈ കുറിപ്പ് പങ്കുവെച്ചത്. 'വ്യത്യസ്ത പ്രായത്തിലുള്ള നിരവധി ആളുകളെ ഞാൻ കാണാറുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ തരംതിരിക്കുന്നത് അത്ര അർത്ഥവത്താണെന്ന് എനിക്ക് തോന്നുന്നില്ല' എന്നാണ് അദ്ദേഹം പറയുന്നത്. മാതാപിതാക്കളുടെ കടങ്ങൾ വീട്ടാൻ സഹായിക്കാനും ഇളയ സഹോദരങ്ങളെ കൂടി സഹായിക്കാനും പണം സമ്പാദിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് തന്റെ ജീവനക്കാരി പറഞ്ഞതായി വെംബു പറയുന്നു. 'അവൾ വിലകുറഞ്ഞ വസ്ത്രങ്ങൾ മാത്രമാണ് വാങ്ങുന്നത്, പൊട്ടിയ ചെരുപ്പുകൾ തുന്നിച്ചേർത്ത് ഉപയോഗിക്കുന്നു. ഓരോ രൂപയും സമ്പാദിക്കാൻ അവൾ ആഗ്രഹിക്കുന്നു.'

പെൺകുട്ടിയുടെ ഈ നിലപാട് കണ്ട വെംബു, അവളുടെ മാതാപിതാക്കളെ കണ്ട് മകളെക്കുറിച്ച് അവർ എത്രത്തോളം അഭിമാനിക്കണമെന്ന് നേരിട്ട് പറയാൻ ആഗ്രഹിക്കുന്നതായും പറയുന്നു. അതുപോലെ, തന്റെ ഉപദേശം സ്വീകരിച്ച് 25 വയസ്സുള്ള രണ്ട് ജീവനക്കാർ അടുത്തിടെ സിംപിളായി വിവാഹം കഴിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ നിലപാടുകൾ എക്കാലത്തുമുള്ളതാണ്. ജെൻ സി തലമുറയിലും ഇത് ഒരുപോലെ ഞാൻ കാണുന്നുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ വെംബു പറഞ്ഞ കാര്യം ശരിയാണ് എന്നും ഓരോ തലമുറയിലും ഇതുപോലെയുള്ള ആളുകളുണ്ട്, ജെൻ സിയിലും ഉണ്ട് എന്നും പലരും കമന്റ് നൽകി. 'നഗരപ്രദേശങ്ങളിലുള്ളവരെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ജെൻ സി തലമുറ ജീവിതത്തിൽ കൂടുതൽ പ്രായോഗികതയുള്ളവരാണെന്ന് തോന്നുന്നു' എന്ന അഭിപ്രായമാണ് ഒരാൾ പങ്കുവച്ചത്. അതുപോലെ ഒരു തലമുറയേയും ജനറലൈസ് ചെയ്യരുത് എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ലണ്ടനിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന് 100 മീറ്റർ അടുത്ത് 'പറക്കും തളിക'; ദുരൂഹത, ആശങ്കയോടെ വ്യോമയാന മേഖല
രക്തസമ്മർദ്ദം പരിശോധിക്കാൻ 10 മിനിറ്റ് കാത്തിരിക്കണമെന്ന് പറഞ്ഞ ഡോക്ടറെ സ്റ്റൂൾ കൊണ്ട് ആക്രമിച്ച് രോഗി; സിസിടിവി ദൃശ്യം വൈറൽ