ലോകത്തിലെ തന്നെ ഇത്തിരിക്കുഞ്ഞൻ പൂച്ചകൾ, അനാഥമായ കുഞ്ഞിനെ അമ്മപ്പൂച്ചയോടൊപ്പമെത്തിച്ച് റെസ്ക്യൂ സംഘം

By Web TeamFirst Published Nov 23, 2021, 11:10 AM IST
Highlights

പ്രദേശവാസികൾ തങ്ങളുമായി സഹകരിച്ചതിനാലാണ് അമ്മപ്പൂച്ചയേയും പൂച്ചക്കുട്ടിയേയും ഒരുമിപ്പിക്കുന്നത് വിജയകരമായത് എന്ന് RESQ -ലെ സീനിയർ റീഹാബിലിറ്റേറ്റർ ശ്രീനാഥ് ചവാൻ പറഞ്ഞു. 

പൂനെയിലെ എൻജിഒ റെസ്‌ക്യു വൈൽഡ് ലൈഫ് ടീമും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് ഒരു അപൂര്‍വയിനം പൂച്ചയെയും അതിന്റെ കുട്ടിയെയും ഒന്നിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള പൂച്ചകള്‍ ലോകത്തിലെ ഏറ്റവും ചെറിയ ഇനങ്ങളിൽ ഒന്നാണ്. നവംബർ 19 -ന് പൂനെ ജില്ലയിലെ അലണ്ടി എന്ന പട്ടണത്തിനടുത്തുള്ള വയലിൽ ഒരു മാസം പ്രായമുള്ള പൂച്ചക്കുട്ടിയെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 

പൂച്ചക്കുട്ടിയെ അമ്മയുമായി വീണ്ടും ഒന്നിപ്പിക്കാൻ റെസ്‌ക്യു വൈൽഡ്‌ലൈഫ് ടീം സ്ഥലത്തെത്തി. പൂച്ചക്കുട്ടിയുടെ ആരോഗ്യനില മൃഗഡോക്ടർ പരിശോധിച്ചു. ബാക്കിയുള്ള സംഘം തത്സമയ ക്യാമറകൾ സ്ഥാപിച്ച് സ്ഥലം അളന്നു. അവർ പൂച്ചക്കുട്ടിയെ സുരക്ഷിതമായി കിടത്തി. RESQ വെറ്ററിനറി ഡോക്ടർ ശാർദുൽ സാൽവി പറഞ്ഞു, "പൂച്ചക്കുട്ടിയുടെ ആരോഗ്യം തൃപ്തികരമായിരുന്നു. അമ്മയെ കണ്ടെത്തുന്നതിന് ആവശ്യമായ ശബ്ദം അത് ഉണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു." 

ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം, അമ്മപ്പൂച്ച തന്റെ കുട്ടിയെ തേടി വന്നതും അതിനെ പിടികൂടി സ്ഥലത്ത് നിന്ന് കരിമ്പുകളുള്ള കുറ്റിക്കാട്ടിലേക്ക് അപ്രത്യക്ഷമാകുന്നതും സംഘം നിരീക്ഷിച്ചു. മുമ്പ് നിരവധി വിജയകരമായ ഇത്തരം ഒത്തുചേരലുകൾ നടത്തിയിട്ടുള്ള മുതിർന്ന രക്ഷാപ്രവർത്തകനായ നരേഷ് ചന്ദക് പറഞ്ഞു, "ഞങ്ങളുടെ പരിഷ്കരിച്ച സംവിധാനങ്ങൾ ചെറിയ കാട്ടുപൂച്ചകളെ വീണ്ടും ഒന്നിപ്പിക്കുന്നത് വിജയിപ്പിക്കുന്നതിന്‍റെ എണ്ണം കൂട്ടിയിട്ടുണ്ട്." പ്രദേശവാസികൾ തങ്ങളുമായി സഹകരിച്ചതിനാലാണ് അമ്മപ്പൂച്ചയേയും പൂച്ചക്കുട്ടിയേയും ഒരുമിപ്പിക്കുന്നത് വിജയകരമായത് എന്ന് RESQ -ലെ സീനിയർ റീഹാബിലിറ്റേറ്റർ ശ്രീനാഥ് ചവാൻ പറഞ്ഞു. 

അദ്ദേഹം പറഞ്ഞു, “പലപ്പോഴും ഈ മൃഗങ്ങളെ ആളുകൾ അമിതമായി കൈകാര്യം ചെയ്യുന്നുവെന്നും അത് അവരെ വളരെയധികം സമ്മർദ്ദത്തിലാക്കുന്നുവെന്നും കാണാവുന്നതാണ്. ഞങ്ങളുടെ ടീം ഗ്രൗണ്ടിൽ എത്തുന്നതിന് മുമ്പ് പൂച്ചക്കുട്ടിയെ അങ്ങനെത്തന്നെ അവിടെ നിർത്തുക എന്നത് നിർണായകമായിരുന്നു." 

RESQ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകയായ നേഹ പഞ്ചമിയ കൂട്ടിച്ചേർത്തു, “പെനിൻസുലയിൽ വിരളമായി കാണുന്നുവെന്ന് മുമ്പ് കരുതിയിരുന്ന ഈ ചെറിയ പൂച്ചകളെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും ഞങ്ങൾ ശേഖരിക്കുകയാണ്. അവർ മനുഷ്യൻ ആധിപത്യം പുലർത്തുന്ന കാർഷിക ഭൂപ്രകൃതികളിൽ അഭിവൃദ്ധി പ്രാപിക്കുകയും വലുതും ചെറുതുമായ മറ്റ് പൂച്ചകളുമായി ഇടം പങ്കിടുകയും ചെയ്യുന്നു.''

ഏതായാലും ലോകത്തിലെ തന്നെ ചെറിയ ഇനം പൂച്ചകളിൽ പെട്ട ഈ പൂച്ചക്കുട്ടിയെ അതിന്റെ അമ്മയുമായി ഒരുമിപ്പിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് റെസ്‌ക്യു വൈൽഡ്‌ലൈഫ് ടീം. 

click me!