
നമുക്കറിയാം ഇന്ന് കുട്ടികളും മുതിർന്നവരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സ്‌ക്രീനുകൾക്ക് മുൻപിലാണ്. കോവിഡ് മഹാമാരിയെ തുടർന്നാണ് ഇത്രമേൽ ഇത് അധികരിച്ചത്. ശാരീരികവും, മാനസികവുമായ നിരവധി പ്രശ്‍നങ്ങൾ ഇത് വഴി ആളുകൾ നേരിടുന്നു. എന്നാൽ മനുഷ്യർക്ക് മാത്രമല്ല, വന്ന് വന്ന് ഇപ്പോൾ മൃഗങ്ങൾക്ക് വരെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കില്ല എന്ന അവസ്ഥയാണ്.
ഉദാഹരണത്തിന്, ചിക്കാഗോയിലെ ലിങ്കൺ പാർക്ക് മൃഗശാലയിലെ ഗൊറില്ലയായ അമരെ. ഈ ഗൊറില്ലയുടെയും ഇഷ്ടവിനോദം ഫോണിൽ നോക്കി ഇരിക്കുന്നതാണ്. സ്വയം മറന്ന് ഇരുന്ന് ഒടുക്കം മറ്റൊരു ഗൊറില്ല ആക്രമിക്കാൻ വന്നത് പോലും അവൻ അറിഞ്ഞില്ല. ഇതോടെ അപകടം മനസിലാക്കിയ മൃശാല ജീവനക്കാർ ഇപ്പോൾ, അവന്റെ സ്‌ക്രീൻ സമയം വെട്ടി ചുരുക്കിയിരിക്കയാണ്.
എപ്പോഴും ഫോണും നോക്കി ഇരിക്കുന്നത് കാണുമ്പോൾ മാതാപിതാക്കൾ മക്കളിൽ നിന്ന് ഫോൺ വാങ്ങി വയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു ഗൊറില്ലയ്ക്ക് ഈ അവസ്ഥ വരുന്നത് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? എന്നാൽ ഈ മൃഗശാലയിൽ അതും നടന്നു.
മൃഗശാലയിൽ വരുന്ന സന്ദർശകരാണ് ഗൊറില്ലയെ മൊബൈൽ നോട്ടം ശീലിപ്പിച്ചത്. അവിടെ എത്തുന്നവർ ഗൊറില്ലയെ തങ്ങളുടെ ഫോണിലൂടെ പലതരം ചിത്രങ്ങളും, വീഡിയോകളും കാണിച്ചു കൊടുത്തിരുന്നു. അതെല്ലാം കണ്ട് അവൻ മതിമറന്നിരുന്നു. പതുക്കെ പതുക്കെ ഇത് വിട്ടുമാറാത്ത ഒരു ദുഃശീലമായി അവനിൽ വളർന്നു.
സ്‌ക്രീനിൽ നിന്ന് വരുന്ന വെളിച്ചം അവനെ അതിലേയ്ക്ക് കൂടുതൽ ആകർഷിച്ചു. ഇത് മൂലം തന്റെ തരത്തിലുള്ളവരുമായി ഇടപഴകാൻ അവൻ മറന്നു പോയി. അങ്ങനെ അവന്റെ സ്വാഭാവിക ചോദന തന്നെ ഇല്ലാതായി. നമ്മൾ മനുഷ്യർ ഉണ്ടാക്കി കൊടുത്ത ദുഃശീലത്തിന്റെ ഫലമായിരുന്നു ഇതെല്ലാം. ഇത് ശ്രദ്ധയിൽ പെട്ട അധികൃതർ ആളുകളെ അകറ്റി നിർത്താനായി അവന്റെ ചില്ലുകൂട്ടിന് ചുറ്റും ഒരു കയർ കൂടി കെട്ടി. അതും കടന്ന് ആരെങ്കിലും അവനെ ഫോൺ കാണിക്കാൻ മുന്നോട്ട് വരികയാണെങ്കിൽ, ജീവക്കാർ അവരുടെ സമീപം പോയി അവരെ വിലക്കുന്നു.
സമപ്രായത്തിലുള്ള മറ്റ് മൂന്ന് ആൺ സുഹൃത്തുക്കളോടൊപ്പമാണ് അവൻ അവിടെ താമസിക്കുന്നത്. എല്ലാവരും അവനെ പോലെ കൗമാരപ്രായത്തിൽ എത്തി നിൽക്കുന്നവരാണ്. അവർ എപ്പോഴും എന്തെങ്കിലും കളികളിൽ മുഴുകി സമയം പോക്കുന്നു. എന്നാൽ സ്‌ക്രീനിൽ അധികം നേരം നോക്കി ഇരിക്കാൻ തുടങ്ങിയതോടെ അവൻ അവരിൽ നിന്നെല്ലാം അകന്നു. മാത്രവുമല്ല, ആളുകൾ സമീപം വന്ന് ഫോണിലെ ചിത്രങ്ങൾ കാണിക്കുന്തോറും, അവന് അതിനോട് താല്പര്യം കൂടിവന്നു.
മയക്ക് മരുന്നും, മദ്യവും പോലെ തന്നെ ഇത് പെട്ടെന്ന് നിർത്തിയാൽ ആർക്കും വിത്ഡ്രോവൽ സിംപ്റ്റംസ് അനുഭവപ്പെടാം. മനുഷ്യരിൽ ഇത് നിരാശയ്ക്കും, പെട്ടെന്നുള്ള ക്ഷോഭത്തിനും, ആക്രമണോത്സുകമായ പെരുമാറ്റത്തിനും ഒക്കെ കാരണമായേക്കാം.
എന്നാൽ ഭാഗ്യത്തിന്, ഈ ഗൊറില്ലയെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‍നങ്ങൾ ഒന്നും തന്നെ ഇപ്പോളില്ല. മറിച്ച്, സ്ക്രീൻ സമയം കുറച്ചപ്പോൾ, അവനിൽ പല നല്ല മാറ്റങ്ങളും കാണാൻ തുടങ്ങിയെന്നും അധികൃതർ പറയുന്നു. "ആരെങ്കിലും വന്ന് ഫോൺ കാണിക്കുന്നതും കാത്ത് ഒരു മൂലയിൽ ഇരിക്കുന്നത് തനിക്ക് നല്ലതല്ലെന്ന് അമേരെ ഇപ്പോൾ തിരിച്ചറിയുന്നു," മൃഗശാലയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ സ്റ്റീഫൻ റോസ് പറയുന്നു. മനുഷ്യരെ പോലെയാകാനല്ല, ഒരു ഗൊറില്ലയെ പോലെയാകാനാണ് ഇപ്പോൾ അവന്റെ ശ്രമം