
താമസസ്ഥലത്തെ വായുമലിനീകരണം കാരണം ആസ്മ രൂക്ഷമായെന്നും ജീവിത സാഹചര്യങ്ങൾ കാരണം മരുന്ന് വാങ്ങാൻ കാശില്ലെന്നും എഴുതിയ കൗമാരക്കാരന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ കൈയച്ച് സഹായം. ഉത്തർപ്രദേശത്തിന്‍റെ തലസ്ഥാമായ ലഖ്‌നൗവിൽ നിന്നുള്ള ഒരു 19 -കാരനാണ് തന്‍റെ പ്രശ്നങ്ങൾ വിവരിച്ച് സമൂഹ മാധ്യമമായ റെഡ്ഡിറ്റിൽ കുറിപ്പെഴുതിയത്. ഒന്നും പ്രതീക്ഷിച്ച് കൊണ്ടായിരുന്നില്ല ആ കൗമാരക്കാരൻ കുറിപ്പെഴുതിയത്. എന്നാൽ, അവനെ അത്ഭുതപ്പെടുത്തി സമൂഹ മാധ്യമ ഉപയോക്താക്കൾ സഹായ ഹസ്തം നീട്ടി. പിന്നാലെ അവൻ നന്ദിക്കുറിപ്പുമായെത്തി.
'എല്ലാറ്റിനുമുപരി, എനിക്ക് ആസ്ത്മയുണ്ട്, ഇന്ത്യയിൽ 400 AQI ഉണ്ട്' തലക്കെട്ടിലായിരുന്നു കൗമാരക്കാരൻറെ ആദ്യ കുറിപ്പ്. ഒരു തട്ടിപ്പിൽ അച്ഛന്‍റെ ജീവിതകാല സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടെന്നും പിന്നാലെ കുടുംബം വലിയ സമ്മർദ്ദത്തിലായെന്നും അവൻ എഴുതി. തനിക്ക് ജോലി ഇല്ലെന്നും ഇതിനിടെ രൂക്ഷമായ വായുമലിനീകരണം കാരണം തന്‍റെ ആരോഗ്യം നാൾക്കുനാൾ വഷളാവുകയാണെന്നും ആ കൗമാരക്കാരനെഴുതി. ആസ്മയ്ക്കുള്ള ഇന്‍ഹേലർ വാങ്ങിക്കാനുള്ള വരുമാനമോ പണമോ ഇല്ലാത്തതിനാൽ രോഗം ഗുരുതരമാവുകയാണെന്നും അവൻ കുട്ടിചേർത്തു. പിന്നാലെ റെഡ്ഡിറ്റ് ഉപഭോക്താക്കൾ അവന് ഇന്‍ഹൈലർ വാങ്ങാനുള്ള പണം നൽകി.
ഇതോടെ തന്‍റെ ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്ത അവൻ, റെഡ്ഡിറ്റർ എനിക്ക് പണം തന്നു എന്ന നന്ദി പോസ്റ്റ് പങ്കുവച്ചു. ആ പോസ്റ്റിലും അവന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ആസ്ത്മയ്ക്കുള്ള ഇൻഹേലറുകളിൽ ഒന്ന് തീരുകയായിരുന്നെന്നും അതേ കുറിച്ച് ഓൺലൈനിൽ എഴുതിയിരുന്നെന്നും അവൻ വീണ്ടുമെഴുതി. ഇത് കണ്ടൊരാൾ തനിക്ക് ഇൻഹേലറും മറ്റ് ചില അവശ്യവസ്കുക്കൾ വാങ്ങാനുള്ള പണവും അയച്ച് തന്നെന്നും അവൻ കൂട്ടിച്ചേർത്തു. ഒപ്പം ഇൻഹേലറിന്‍റെ ചിത്രവും അവൻ പങ്കുവച്ചു. റെഡ്ഡിറ്റ് ശരിക്കും ഇന്‍റർനെറ്റിന്‍റെ ഹൃദയമാണെന്നും അവൻ കൂട്ടിച്ചേർത്തു.
നിരവധി പേർ അവൻറെ കുറിപ്പിന് മറുകുറിപ്പുമായെത്തി. റെഡ്ഡിറ്റിന്‍റെ നല്ലവശം എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം എന്‍റെ റെഡ്ഡിറ്റും നിങ്ങളുടെ റെഡ്ഡിറ്റും ഒന്നായിരിക്കില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ഇത്തരം ആളുകളാണ് മനുത്വത്തിലുള്ള വിശ്വാസം ഇപ്പോഴും നഷ്ടപ്പെടാതെ പിടിച്ച് നിർത്തുന്നതെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഒപ്പം മറ്റ് ചിലർ ഇന്‍ഹേലർ വാങ്ങിത്തരാമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചു.