മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർ; മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു

Published : Dec 27, 2025, 06:36 PM IST
 ear on foot

Synopsis

ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ചെവി നഷ്ടപ്പെട്ട യുവതിക്ക് തുണയായത് ചൈനീസ് ഡോക്ടർമാരുടെ അത്ഭുതകരമായ ശസ്ത്രക്രിയ. മുറിഞ്ഞുപോയ ചെവി മാസങ്ങളോളം കാലിൽ തുന്നിച്ചേർത്ത് സംരക്ഷിച്ച ശേഷം, സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ അത് യഥാസ്ഥാനത്ത് വിജയകരമായി ഘടിപ്പിച്ചു.

 

ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മുറിഞ്ഞ് പോയ ചെവി താത്കാലികമായി യുവതിയുടെ കാലിൽ തുന്നിപ്പിടിപ്പിച്ച് ചൈനീസ് ഡോക്ട‍ർമാർ. മാസങ്ങൾക്ക് ശേഷം ചെവി യഥാസ്ഥാനത്ത് തന്നെ വിജയകരമായി തുന്നിചേർത്ത് ചൈനീസ് ശസ്ത്രക്രിയാ വിദഗ്ദ‍ർ ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി. മുറിഞ്ഞുപോയ ചെവി തലയിൽ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് താൽക്കാലികമായി കാലിൽ തുന്നിച്ചേർത്ത ലോകത്തിലെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയാണിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

അപകടത്തിൽ ഗുരുതരപരിക്ക്

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജിനാനിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യന്ത്രങ്ങൾ മൂലമുണ്ടായ അപകടത്തിൽ തലയോട്ടിയുടെ വലിയൊരു ഭാഗത്തിനൊപ്പം ചെവിയും മുറി‌ഞ്ഞ് പോയി. മെഡ് ജെ എന്നറിയപ്പെടുന്ന യിക്സു ജി എന്ന മെഡിക്കൽ ന്യൂസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടാണ് ഈ കേസ് റിപ്പോർട്ട് ചെയ്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ജിനാനിലെ ഷാൻഡോങ് പ്രൊവിൻഷ്യൽ ആശുപത്രിയിലെ മൈക്രോസർജറി യൂണിറ്റിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ക്യു ഷെൻ‌ക്യാങ്, യുവതിയുടെ പരിക്കുകൾ ജീവന് തന്നെ ഭീഷണിയാതെന്നാണ് പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അപകടത്തിൽ യുവതിയുടെ തലയോട്ടി, കഴുത്ത്, മുഖത്തിന്‍റെ തൊലി എന്നിവ ഒന്നിലധികം കഷണങ്ങളായി മുറിഞ്ഞ് പോയി. അതേസമയം ചെവി തലയോട്ടിയിൽ നിന്നും പൂർണ്ണമായും മുറിഞ്ഞിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

സങ്കീർണ ശസ്ത്രക്രിയ

രോഗിയെ ആശുപത്രിയിലെത്തിച്ച ഉടനെ മൈക്രോസർജറി ടീമിലെ ഡോക്ടർമാർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തലയോട്ടി ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചു. എന്നാൽ തലയോട്ടിയിലെ കലകൾക്കും അതിന്‍റെ വാസ്കുലർ ശൃംഖലയ്ക്കുമുണ്ടായ വലിയ മുറിവുകളെ തുടർന്ന് ശസ്ത്രക്രിയ പരാജയപ്പെട്ടു. തലയോട്ടിയിലെ കലകൾ ഭേദമാകാൻ സമയം ആവശ്യമായതിനാൽ, ശസ്ത്രക്രിയാ വിദഗ്ധർക്ക് ചെവി പെട്ടെന്ന് തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. ഇതോടെ ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ശരീരം സജ്ജമാകുന്നത് വരെ മുറിഞ്ഞ ചെവി ജീവനോടെ നിലനിർത്തുന്നതിന് മറ്റൊരു മാർഗം തേടാൻ ഡോക്ടർമാർ നിർബന്ധിതരായി.

തത്കാലം ചെവി കാൽപാദത്തിൽ

ഏറെ ചർച്ചകൾക്കൊടുവിൽ രോഗിയുടെ കാൽപാദത്തിന്‍റെ മുകൾ ഭാഗത്ത് ചെവി തുന്നിച്ചേർക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കാലിലെ ധമനികളും സിരകളും അനുയോജ്യമായ നിലവാരത്തിലുള്ളതാണെന്നും ചെവിയുടേതുമായി ഏറെ പൊരുത്തപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. കാലിലെ ചർമ്മത്തിനും മൃദുവായ കലകൾക്കും തലയുടേതിന് സമാനമായി കനം കുറവായിരുന്നു, ട്രാൻസ്പ്ലാൻറേഷന് ശേഷം കുറഞ്ഞ ക്രമീകരണം മാത്രമേ അതിന് ആവശ്യമുള്ളൂ. അതേസമയം ഇത്തരമൊരു ശസ്ത്രക്രിയ ലോകത്ത് ആദ്യത്തേതായിരുന്നു. പ്രാരംഭ ശസ്ത്രക്രിയ 10 മണിക്കൂർ നീണ്ടുനിന്നു. 0.2 മുതൽ 0.3 മില്ലിമീറ്റർ വരെ വ്യാസമുള്ള, അസാധാരണമായ സൂക്ഷ്മ ശസ്ത്രക്രിയ ആവശ്യമുള്ള, ചെവിയിലെ വളരെ സൂക്ഷ്മമായ രക്തക്കുഴലുകളെ ബന്ധിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം വെനസ് റിഫ്ലക്സ് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി, ചെവി പർപ്പിൾ കലർന്ന കറുപ്പായി മാറി. ഇതോടെ അഞ്ച് ദിവസത്തിനുള്ളിൽ ഏകദേശം 500 തവണ പുറത്ത് നിന്നും രക്തം നൽകേണ്ടി വന്നു.

ചെവി യഥാസ്ഥാനത്ത്

ഇതിനിടെ രോഗിയുടെ വയറ്റിൽ നിന്ന് എടുത്ത തൊലി ഗ്രാഫ്റ്റ് ചെയ്ത് തലയോട്ടി ഡോക്ടർമാർ പുനർനിർമ്മിച്ചിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷം വീക്കം കുറയുകയും ശസ്ത്രക്രിയ ചെയ്ത എല്ലായിടവും സുഖപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ചെവിയും യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു. സണ്‍ എന്ന കുടുംബപ്പേരിൽ അറിയപ്പെട്ട രോഗിയെ പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു. അവരുടെ മുഖഭാവവും ടിഷ്യു പ്രവർത്തനവും ഏറെക്കുറെ വീണ്ടെടുത്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ, പുരികം പുനഃസ്ഥാപിക്കുന്നതിനും കാലിലെ പാടുകൾ കുറയ്ക്കുന്നതിനും ചെറിയ ശസ്ത്രക്രിയകൾ ഇനിയും വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ചെറുതെന്ന് പറഞ്ഞപ്പോൾ അതുവരെ നെയ്തതെല്ലാം അഴിച്ച് അമ്മ വീണ്ടും തുടങ്ങി'; 91 -മത്തെ വയസിൽ കിടപ്പിലായ അമ്മ നെയ്ത സ്വെറ്ററുമായി മകൻ
അർധരാത്രി പെരുവഴിയിൽ, വണ്ടിയില്‍ എണ്ണയില്ല, പിന്നെ സംഭവിച്ചത് ഇതാണ്, യുവാവിന്‍റെ പോസ്റ്റ്