
പൂനെയില്‍നിന്നും രണ്ട് മണിക്കൂര്‍ യാത്ര... വര്‍വണ്ഡി എന്നാണ് ഗ്രാമത്തിന്‍റെ പേര്. മഹാരാഷ്ട്രയിലെ പൂനെ-സോളാപൂര്‍ ഹൈവേക്കരികില്‍ നിരനിരയായി വീടുകള്‍ കാണാം. മിക്ക വീടുകള്‍ക്ക് മുമ്പിലും സ്കൂട്ടറുകള്‍ നിര്‍ത്തിയിട്ടുണ്ട്. നഗരത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അതിലാണ് പോകുന്നത്. തനിച്ച് പോവാനും വരാനും അവരതിനെ ആശ്രയിക്കുന്നു. എന്നാല്‍, എല്ലാത്തരം ആധുനികതയും ഉപയോഗിക്കുമ്പോഴും അവിടെയൊരു അനാചാരം നിലനില്‍ക്കുന്നുണ്ട്. അവിടെ, സ്ത്രീകളുടെ മുടിയില്‍ ജടരൂപപ്പെട്ടാല്‍ അത് കുരുക്കഴിക്കാനോ മുറിക്കാനോ പറ്റില്ല. ആ ജടകൂടിക്കൂടിവരികയും വര്‍ഷങ്ങള്‍ ഒരുപക്ഷേ മരണംവരെ ആ ജഡയും പേറി ജീവിക്കേണ്ടിയും വരും.
കഴിഞ്ഞ ഒൻപത് വർഷമായി, തോറത്ത് എന്ന സ്ത്രീ ഈ ജഡയും പേറി ജീവിക്കുകയായിരുന്നു. അത് വെട്ടിമാറ്റുന്നത് മതവും വിശ്വാസവും വിലക്കിയിരുന്നു. ആ ജടഹിന്ദുദേവിയായ യെല്ലമ്മദേവിയുടെ അനുഗ്രഹമാണെന്നും അതിനാല്‍ അത് മുറിച്ച് മാറ്റരുതെന്നുമാണ് ആ ഗ്രാമത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസം. മഹാരാഷ്ട്രയുടെ വടക്കും കർണാടകയുടെ തെക്കുംഭാഗത്തുള്ള പലരും ഇത് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നുണ്ട്. ദേവിയുടെ അനുഗ്രഹമായിട്ടാണ് അവരിതിനെ കാണുന്നത്. മാത്രമല്ല പേനുണ്ടായാലോ, വൃത്തിഹീനമായാലോ ഒന്നും ഈ ജടവെട്ടിമാറ്റില്ല. അത് ദേവിയുടെ കോപത്തിനിടയാക്കുമെന്നും അതുവഴി നിര്‍ഭാഗ്യം കടന്നുവരുമെന്നാണ് അവരുടെ വിശ്വാസം. ഈ ജഡയും കൊണ്ട് വര്‍ഷങ്ങളോളം ജീവിക്കുന്നത് ഈ സ്ത്രീകളില്‍ പലതരത്തിലുള്ള മാനസിക-ശാരീരികാസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. കിലോക്കണക്കിന് ഭാരമുള്ള ഈ മുടിക്കെട്ട് കഴുത്ത് അനക്കാന്‍ പറ്റാത്തതിനും കഴുത്ത് വേദനയ്ക്കും എല്ലാം കാരണമാകാറുണ്ട്. ചിലപ്പോഴാകട്ടെ അണുബാധയും മറ്റുമുണ്ടാക്കുകയും ചെയ്യുന്നു. ചിലരിലാകട്ടെ ഇത് മാനസികമായ പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുണ്ട്.
ജടമുറിക്കല്‍ വിപ്ലവം
നന്ദിനി ജാഥവ് ഒരു സാമൂഹ്യപ്രവര്‍ത്തകയാണ്. 'മഹാരാഷ്ട്രാ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി'യുടെ ജില്ലാ അധ്യക്ഷയും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഈ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പൊരുതുന്നുണ്ട് നന്ദിനി. 'അവളെന്‍റെ സഹോദരിയാണ്... ഈ മുടിയുംവെച്ച് വൃത്തിയില്ലാതെ, വേദനകളുമായി അവര്‍ നടക്കുന്നത് കണ്ടുനില്‍ക്കാനെങ്ങനെയാണെനിക്ക് സാധിക്കുക?' എന്നാണ് നന്ദിനി ചോദിക്കുന്നത്. മുടി മുറിക്കുന്നത് തോറത്തിനോ ഗ്രാമത്തിനോ ഒരുതരത്തിലുമുള്ള ദൈവകോപവും ഉണ്ടാക്കില്ലെന്നും വൃത്തി മാത്രമേ കൊണ്ടുവരൂവെന്നും കൂടി നന്ദിനി പറയുന്നു. അന്ധവിശ്വാസവും അതിന്റെ മതപരമായ അംഗീകാരവും സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വയം പ്രഖ്യാപിത രോഗശാന്തിക്കാർക്ക് അനുകൂലമായ സാഹചര്യവും ഗ്രാമത്തിലുണ്ടാക്കുന്നുണ്ട്. പലതരത്തിലുള്ള പൂജയും മറ്റുമാണ് വലിയ തുകകള്‍ ചെലവിട്ടുകൊണ്ട് ഇവിടെ നടത്തപ്പെടുന്നത്.
ഈ ജടദേവിയുടെ അനുഗ്രഹമാണെന്നാണ് തോറത്തും വിശ്വസിച്ചിരുന്നത്. സമീപത്തെ ഒരു ഹോട്ടലിലാണ് തോറത്ത് ജോലി ചെയ്യുന്നത്. മകളുടെ കുടുംബത്തിനൊപ്പമാണ് താമസം. അത് മുറിച്ചുമാറ്റിയാല്‍ എന്തെങ്കിലും മോശം കാര്യം സംഭവിക്കുമെന്ന് അവരും തോറത്തിനോട് പറഞ്ഞു. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട പൂജയ്ക്കും മറ്റുമായി തോറത്ത് ഒരു ലക്ഷത്തിലേറെ രൂപ ചെലവിട്ടുകഴിഞ്ഞു. ആ ഒരുലക്ഷം രൂപയും അവര്‍ ലോണെടുത്തതാണ്. കര്‍ണാടകയിലെ യെല്ലമ്മദേവിയുടെ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്‍തു അവര്‍. 'ദൈവത്തിന്‍റെ ആളുകളെ'ന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം എത്ര പണം ചെലവിട്ടും തോറത്ത് ചെയ്‍തുകൊണ്ടിരുന്നു.
എന്നാല്‍, ഒടുവില്‍ തോറത്ത് ആ ജടമുറിച്ചുമാറ്റുക തന്നെ ചെയ്‍തു. എന്താണ് മനസ്സ് മാറ്റിയതെന്ന് ചോദിച്ചപ്പോള്‍ തോറത്തിന്‍റെ മറുപടി ഇതായിരുന്നു, ''എനിക്ക് കുനിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല, ഉറങ്ങാനാകുന്നുണ്ടായിരുന്നില്ല, തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എനിക്ക് തോന്നി ഒരു ദേവിയും ഇത്രയധികം സഹനം ഒരാള്‍ അനുഭവിക്കണമെന്ന് ആഗ്രഹിക്കില്ല എന്ന്.'' നന്ദിനിയുടെ കൗണ്‍സിലിംഗ് കൂടി ആയതോടെയാണ് ആ ജഡകള്‍ മുറിച്ചുമാറ്റാന്‍ തോറോത്ത് തീരുമാനിക്കുന്നത്. 130 സ്ത്രീകള്‍ മാഹാരാഷ്ട്രയില്‍ ഇങ്ങനെ ജടമുറിച്ചുമാറ്റിയിട്ടുണ്ട് നന്ദിനിയുടെയും സംഘത്തിന്‍റെയും കൗണ്‍സിലിങ്ങിന്‍റെ ഭാഗമായി. ഈ ജഡകള്‍ മുറിച്ചുമാറ്റിയതിനാല്‍ ഇവരുടെയൊന്നും ജീവിതത്തില്‍ ഒരു മോശം കാര്യവും സംഭവിച്ചിട്ടില്ല എന്നും നന്ദിനി പറയുന്നു.
കയ്യിലൊരു ഗ്ലൗസുമിട്ട് വെറും 30 മിനിറ്റ് കൊണ്ട്, പതിറ്റാണ്ടോളം തോറോത്തിന് ഭാരമായി നിന്ന ആ ജഡപിടിച്ച മുടിക്കെട്ട് നന്ദിനി വെട്ടിമാറ്റി. ചുറ്റും ആണും പെണ്ണും കുട്ടികളുമെല്ലാമടങ്ങിയ ഒരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. നന്ദിനി അവരെ ആരെയും ശ്രദ്ധിച്ചില്ല. ഇങ്ങനെ ജടമുറിച്ചാലൊന്നും ഒരുമോശവും സംഭവിക്കില്ലെന്ന് ആ ആള്‍ക്കൂട്ടം പിന്നീട് സാക്ഷ്യപ്പെടുത്തണമെന്നും അവര്‍ കരുതി.
എന്തുകൊണ്ടാണ് മുടികളിലിത്തരം ജഡകള്‍ രൂപപ്പെടുന്നതെന്നതിന് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഒരുപക്ഷേ, ശുചിത്വക്കുറവിന്‍റെ ഭാഗമാകാമെന്ന് ഡോ. ഗോവിന്ദ് ധാസ്‍കേ പറയുന്നു. ഗവേഷകനും Jata Removal Movement: Unfolding the ‘Gender’ in Politico-Religious Society എന്ന പുസ്തകത്തിന്‍റെ രചയിതാവുമാണ് ധാസ്‍കേ. വിശ്വാസത്തിന്‍റെ ഭാഗമായാലും എന്തായാലും ഈ ജടകാരണം ദുരിതമനുഭവിച്ച 400 സ്ത്രീകളെങ്കിലും മഹാരാഷ്ട്രയിലുണ്ടെന്നും ധാസ്‍കേ പറയുന്നു. എങ്ങനെയാണ് ഇത് ക്ഷേത്രമായും ദേവിയുമായും ബന്ധപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിനുമറിയില്ല. മുടി പലപ്പോഴും വിശ്വാസവുമായി അടുത്ത് ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്നും അദ്ദേഹം പറയുന്നുണ്ട്.
കുട്ടികള്‍ പോലും ഈ ജഡയുടെ പേരില്‍ ഇവിടെ ദുരിതമനുഭവിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ തന്നെ ഖാവര്‍ എന്ന ഗ്രാമത്തില്‍നിന്നുള്ള 11 വയസ്സുകാരി ഹര്‍ഷദ കഴിഞ്ഞ് ഏഴ് വര്‍ഷമായി ഈ ജഡയുംകൊണ്ട് നടക്കുകയാണ്. ഈ ജടകാരണം പലപ്പോഴും അവള്‍ സ്‍കൂളില്‍, മറ്റ് കുട്ടികള്‍ക്കിടയില്‍ ഒറ്റപ്പെടുന്നു. മാത്രവുമല്ല, അത് നിരന്തരമായ ആരോഗ്യപ്രശ്നങ്ങളും വിഷാദവും കൂടിയുണ്ടാക്കുന്നുണ്ട് അവള്‍ക്ക്. മൂന്നുമാസം ഹര്‍ഷദയുടെ അമ്മയോട് സംസാരിക്കേണ്ടി വന്നു നന്ദിനിക്ക് ഈ ജഡയൊന്ന് മുറിപ്പിക്കാന്‍. ഹര്‍ഷദയുടെ അമ്മ വിശ്വസിച്ചിരുന്നത് ഈ ജടമുറിച്ചുമാറ്റിയാല്‍ അത് അവരുടെ ആണ്‍മക്കളുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരനുഭവങ്ങളുണ്ടാക്കുമെന്നാണ്. അങ്ങനെ ഒരു ദിവസം നന്ദിനിയും സംഘവും ഗ്രാമത്തിലെത്തുന്നു. ഹര്‍ഷദയുടെ അമ്മയോടും ഗ്രാമവാസികളോടും അഞ്ച് മണിക്കൂറിലേറെ സംസാരിക്കുന്നു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. നന്ദിനി ഹര്‍ഷദയുടെ മുടി മുറിച്ച് കഴിഞ്ഞപ്പോഴാണ് അതിനകത്തെ പേനും മുറിവുമെല്ലാം നാട്ടുകാര്‍ കാണുന്നത്. അപ്പോള്‍ മാത്രമാണ് വെറും 11 വയസ്സ് മാത്രമുള്ള ആ പെണ്‍കുട്ടി കഴിഞ്ഞ ഏഴ് വര്‍ഷമായി അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യപ്പെടുന്നതും.
The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, (2013) അനുസരിച്ച് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഇത്തരം എല്ലാത്തരം പ്രവൃത്തികളും തടഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ ഇപ്പോഴും ജഡയുമായി നടക്കുന്ന സ്ത്രീകളുണ്ട്. മാത്രവുമല്ല, അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയാലും ഇവര്‍ ഡോക്ടറെ കാണില്ല. മതനേതാക്കളും ദൈവത്തിന്‍റെ പേരും പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരുമാണ് ഇവരെ ഡോക്ടറെ കാണുന്നതില്‍നിന്നും തടയുന്നത്.
ജടമുറിക്കാനും അതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നതിന് നന്ദിനിക്കും സംഘത്തിനും നേരെ പലതരത്തിലുമുള്ള ഭീഷണിപ്പെടുത്തലുകളുമുണ്ടായിട്ടുണ്ട്. പക്ഷേ, അതിന്‍റെ പേരില്‍ വെറുതെയിരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ബോധവല്‍ക്കരണവുമായി അവര്‍ വീണ്ടും വീണ്ടും സഞ്ചരിച്ചു. ആദ്യമൊന്നും ആരും അവരെത്തേടി അങ്ങോട്ട് ചെല്ലാറില്ലായിരുന്നുവെങ്കില്‍ പയ്യെ മുടി മുറിക്കണമെന്ന ആവശ്യവുമായി ചിലര്‍ നന്ദിനിയെ സമീപിച്ചുതുടങ്ങി. ദൈവകോപത്തെ ചൊല്ലിയുള്ള ഭയമുണ്ടായിരുന്നതിനാല്‍ത്തന്നെ അവര്‍ക്ക് നന്ദിനിയോട് തുറന്നുസംസാരിച്ചേ മതിയാകൂവായിരുന്നുള്ളൂ. നന്ദിനിയും സംഘവും അവരുടെ സംശയങ്ങളെല്ലാം മാറ്റിനല്‍കി.
ഏതായാലും ഇത്രകാലവും മുടി മുറിച്ച ആര്‍ക്കും ദൈവകോപം ഏറ്റില്ലായെന്ന് മാത്രമല്ല അവരെല്ലാം പഴയതിനേക്കാള്‍ മികച്ച ജീവിതവും നയിക്കാന്‍ തുടങ്ങി. ആരോഗ്യം മെച്ചപ്പെട്ടു, ആളുകള്‍ മാറ്റിനിര്‍ത്തുന്നത് അവസാനിച്ചു, ഇടയ്ക്കിടയ്ക്ക് രോഗം വരുന്നത് ഇല്ലാതായി, ജടകാരണം ജോലി പോലും ലഭിക്കാത്തവരുണ്ടായിരുന്നു അവര്‍ക്ക് ജോലി കിട്ടി. നന്ദിനി പറയുന്നത്, 'ഞങ്ങളൊരു വിശ്വാസത്തിനും എതിരല്ല, അവരുടെ ഭക്തിയും വിശ്വാസവും അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ, ആരോഗ്യം സംരക്ഷിക്കപ്പെടാനും ശുചിത്വത്തിനും ഇത് ചെയ്‍തേ തീരൂ'വെന്നാണ്.
വിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും, ആചാരത്തിന്‍റെയും അനാചാരത്തിന്‍റെയും അതിര്‍വരമ്പ് പലപ്പോഴും വളരെ നേര്‍ത്തതാണ്. ചില മനുഷ്യരുടെ ജീവിതത്തില്‍ ഈ അന്ധവിശ്വാസവും അനാചാരങ്ങളുമുണ്ടാക്കുന്ന ദുരിതങ്ങള്‍ വളരെ വലുതാണ്.
(വിവരങ്ങള്‍ക്ക് കടപ്പാട്: വൈസ്)