
പലപ്പോഴും അമ്മമാരുടെ ത്യാഗങ്ങളെ കുറിച്ചും സ്നേഹത്തെ കുറിച്ചുമെല്ലാം മക്കൾ പറയാറുണ്ട്. എന്തെങ്കിലും വിജയമുണ്ടാകുമ്പോൾ അതിനു പിന്നിൽ നമ്മുടെ രക്ഷിതാക്കൾ നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചും പലരും സൂചിപ്പിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. അമ്മ തനിക്കയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ടാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യുവാവിന്റെ കഠിനാധ്വാനത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് 'ശരിക്കും നീ എനിക്ക് ഒരു അനുഗ്രഹമാണ്' എന്നാണ് അമ്മ യുവാവിനോട് പറയുന്നത്.
ദീപാവലി കഴിഞ്ഞ് താൻ തിരികെ ജോലിക്ക് പോയതിനു പിന്നാലെയാണ് അമ്മ ഈ മെസ്സേജ് അയച്ചിരിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്. തന്നെ ഈ മെസ്സേജ് വളരെ അധികം സന്തോഷവാനാക്കി എന്നും അമ്മയ്ക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കരുത്തും ഈ മെസ്സേജ് തനിക്ക് നൽകി എന്നും യുവാവ് പറയുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം വിലപ്പെട്ട എന്തെങ്കിലും കൊണ്ടുവരുന്നതിന് അമ്മ തന്റെ മകനെ പ്രശംസിക്കുന്നത് മെസ്സേജിൽ കാണാം. 'നീ വരുമ്പോഴെല്ലാം ഈ വീട്ടിലേക്ക് നിന്റെ കഠിനാധ്വാനത്തിൽ നിന്നും വിലപ്പെട്ട എന്തെങ്കിലുമൊക്കെ നൽകുന്നതിൽ എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട്. നീ എന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു' എന്നാണ് അമ്മയുടെ വാട്ട്‌സാപ്പ് മെസ്സേജിൽ കുറിച്ചിരിക്കുന്നത്.
'ആദ്യം എനിക്കുള്ള കമ്മലുകൾ, ഇപ്പോൾ LED -യും... എന്റെ മകനായി നിന്നെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. നീ എനിക്ക് ഒരു അനുഗ്രഹമാണ്. എപ്പോഴും അനുഗ്രഹിക്കപ്പെട്ടവനും സന്തോഷമുള്ളവനും ആയിരിക്കുക' എന്നും അമ്മയുടെ മേസ്സേജിലുണ്ട്. 'താങ്ക് യൂ, ഇനിയും ഒരുപാട് വരാനുണ്ട്' എന്നാണ് മകൻ അമ്മയ്ക്ക് മറുപടി നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. അമ്മയ്ക്ക് ശരിക്കും നിങ്ങളെ കുറിച്ചോർത്ത് അഭിമാനമുണ്ട് എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.