
കരോക്കെ പലപ്പോഴും നമ്മെ സമ്മർദ്ദം കുറക്കാനും കൂളായിട്ടിരിക്കാനും ഒക്കെയാണ് സഹായിക്കാറ് അല്ലേ? എന്നാൽ, ഫിലിപ്പീൻസിൽ ഇതിന് ഒരു ഇരുണ്ട വശമുണ്ട്. ഫ്രാങ്ക് സിനാത്രയുടെ 'മൈ വേ' എന്ന ഗാനമാണ് ഇവിടെ വില്ലൻ. ഈ ഗാനവുമായി ബന്ധപ്പെട്ട് 1998 മുതലുള്ള അക്രമ സംഭവങ്ങളിലായി അനേകം പേർ മരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് അറിയപ്പെടുന്നത് തന്നെ 'മൈ വേ കില്ലിംഗ്സ്' എന്നാണ്.
കണക്കുകൾ പ്രകാരം പത്തോളം പേരാണത്രെ ഇങ്ങനെ വിവിധ സംഭവങ്ങളിൽ മരിച്ചത്. 2007 -ലാണ് 29 -കാരനായ റോമി ബാലിഗുല ഒരു ബാറിൽ ഒരു കരോക്കെ സെഷനിൽ വച്ച് പാടിക്കൊണ്ടിരിക്കെ സെക്യൂരിറ്റി ജീവനക്കാരനായ 43 -കാരൻ ഗാർഡ് റോബിലിറ്റോ ഒർട്ടേഗയുടെ വെടിയേറ്റ് മരിച്ചത്. അതായിരുന്നു ഒരു പ്രശസ്തമായ സംഭവം. ഈ ഗാനവും മരണവും തമ്മിലുള്ള ബന്ധം ആളുകളെ അത്ഭുതപ്പെടുത്തി.
റിപ്പോർട്ടുകൾ പ്രകാരം റോമി ഗാനം ശരിക്കല്ല പാടിയത്. അത് സെക്യൂരിറ്റി ജീവനക്കാരനെ പ്രകോപിപ്പിക്കുകയായിരുന്നു. പാട്ടിനെ നശിപ്പിച്ചു എന്നും പറഞ്ഞ് അയാൾ റോമിയോട് ദേഷ്യപ്പെട്ടു. റോമി അപ്പോഴും പാട്ട് നിർത്തിയില്ല. പിന്നീട് അവനെ അക്രമിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നെയും ഗാനത്തിന്റെ പേരിൽ മരണങ്ങളുണ്ടായി.
നിരവധി കാരണങ്ങൾ ഗാനവും ഈ മരണവും തമ്മിലുള്ള ബന്ധത്തിന് കാരണമായി പറയുന്നുണ്ട്. അതിലൊന്ന് മിക്കവരും ഈ ഗാനം വളരെ മോശമായിട്ടാണ് അവതരിപ്പിക്കുന്നത്. അത് ഫിലിപ്പീൻസിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ആളുകളെ ദേഷ്യം കൊള്ളിക്കുകയും അതിക്രമത്തിൽ എത്തുകയും ചെയ്യുന്നു എന്നാണ്.
ഇതുപോലെയുള്ള അതിക്രമങ്ങൾ ഭയന്നുകൊണ്ട് തന്നെ പല ബാറുകളും ക്ലബ്ബുകളും ഈ ഗാനം തങ്ങളുടെ ലിസ്‍റ്റിൽ നിന്നും ഒഴിവാക്കാറുണ്ട്. 2018 -ൽ ഒരു വയോധികനായ മനുഷൻ ഈ ഗാനത്തിന്റെ പേരിൽ ക്രൂരമായി അക്രമിക്കപ്പെടുകയും മരിക്കുകയും ചെയ്തിരുന്നു. മറ്റൊരാൾ പാടുമ്പോൾ അതിൽ ഇടപെടുകയും മോശമായി ആ പാട്ട് പാടാൻ ശ്രമിക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണം എന്നാണ് പറയുന്നത്.