
ടെലിവിഷൻ കാണാനുള്ള മകന്റെ അമിതമായ താൽപര്യം നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ (എഐ) സഹായത്തോടെ വേറിട്ടൊരു പരീക്ഷണവുമായി ചൈനയിലുള്ളൊരു പിതാവ്. ടിവി പരിപാടികൾ കാണുന്നതിനിടെ ഓരോ പത്തു മിനിറ്റിലും സ്കൂൾ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന സംവിധാനം ഒരുക്കിയാണ് ഷെൻഷെൻ സ്വദേശിയായ പിതാവ് ശ്രദ്ധ നേടുന്നത്.
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൻ ജൂനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. പഠനത്തിൽ ശ്രദ്ധിക്കുന്നതിനുപകരം മകൻ ഏറെ സമയം ടെലിവിഷൻ കാണുന്നതിനായി ചെലവഴിക്കുന്നതാണ് പിതാവിനെ പുതിയ മാർഗം തേടാൻ പ്രേരിപ്പിച്ചത്. പല രീതികളും പരീക്ഷിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് പഠനവും വിനോദവും ഒരുമിപ്പിക്കുന്ന എഐ അധിഷ്ഠിത സംവിധാനം ഒരുക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ആദ്യം ടെലിവിഷനിലെ തന്നെ ചോദ്യോത്തര സംവിധാനം ഉപയോഗിച്ചുനോക്കിയെങ്കിലും മകൻ അതിനെ മറികടക്കാനുള്ള വഴി കണ്ടെത്തി. പിന്നീട് നിശ്ചിത സമയത്ത് ടിവി ഓഫാകുന്ന രീതിയിൽ സ്മാർട്ട് പ്ലഗ് ഘടിപ്പിച്ചെങ്കിലും മകൻ അത് ഊരിമാറ്റി. ഇതോടെയാണ് കഴിഞ്ഞ ഒക്ടോബറിൽ പിതാവ് എഐ ആപ്പിന്റെ സഹായം തേടിയത്.
ടെലിവിഷനിൽ പ്രവർത്തിപ്പിക്കാവുന്ന 'ക്വസ്റ്റ്യൻ ആൻസറിങ് കീ' എന്ന പ്രോഗ്രാം വികസിപ്പിക്കാനായിരുന്നു എഐ ആപ്പിന്റെ നിർദേശം. തുടർന്ന് ആപ്പിന്റെ സഹായത്തോടെ പ്രോഗ്രാം തയ്യാറാക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി ടെലിവിഷനിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
പുതിയ സംവിധാനമനുസരിച്ച് ടിവിയിൽ പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ ഓരോ പത്തു മിനിറ്റിലും സ്ക്രീനിൽ ഒരു ചോദ്യം പ്രത്യക്ഷപ്പെടും. ചൈനീസ് ഭാഷ, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് നൽകുന്നത്. സ്കൂളിലെ പഠനപുരോഗതിക്ക് അനുസരിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. തെറ്റായ ഉത്തരം നൽകിയാൽ അധികമായി ഒരു ചോദ്യം കൂടി പരിഹരിക്കണം. ശരിയായ ഉത്തരം നൽകിയാൽ മാത്രമേ വീണ്ടും പരിപാടി കാണാൻ കഴിയൂ.
മകൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ആസ്വദിക്കുന്നതായി കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്ന് പിതാവ് പറഞ്ഞു. വരുംദിവസങ്ങളിൽ ചോദ്യങ്ങളുടെ നിലവാരം കൂടുതൽ ഉയർത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.