കള്ളനോട്ടില്‍ ദാവൂദ് ബന്ധം കണ്ടെത്തിയ, കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ പൂട്ടിയ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം

Published : Feb 14, 2026, 09:29 AM IST
NIA SP P Vikraman

Synopsis

കേരള പോലീസിലെ എസ്.പി പി വിക്രമന് ഐ.പി.എസ് ലഭിച്ചു. രാജ്യത്തെ കള്ളനോട്ട് ഇടപാടിൽ ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് കണ്ടെത്തുകയും കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തത് അദ്ദേഹത്തിന്റെ അന്വേഷണ മികവാണ്. 

 

രാജ്യത്തെ കള്ള നോട്ട് ഇടപാടില്‍ രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ ബന്ധം കണ്ടെത്തുകയും പ്രമാദമായ കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ അഴിക്കുള്ളിലാക്കുകയും ചെയ്ത കുറ്റാന്വേഷണ മികവില്‍ കേരള പോലീസിന്‍റെ അഭിമാനമായ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം. നിലവില്‍ തിരുവനന്തപുരം എക്സൈസ് വിജിലന്‍സ് എസ്.പിയാണ് അദ്ദേഹം. മലപ്പുറം ജില്ലയിലെ ചാലിയാര്‍ മൊടവണ്ണ സ്വദേശിയായ വിക്രമന് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം ഇറക്കി. എന്‍.ഐ.എയിലും സംസ്ഥാന പോലീസിലുമായി അഭിമാനമായ അന്വേഷണ മികവിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ അടക്കം, മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് പി വിക്രമന്‍.

കള്ള നോട്ട് കേസിലെ ദാവൂദ് ബന്ധം

കേരളത്തിലേക്ക് ഒരു കോടിയിലേറെ രൂപയുടെ കള്ള നോട്ട് കടത്തിയ കേസില്‍ ദാവൂദ് ഇബ്രാഹിമിന്‍റെ പങ്ക് കണ്ടെത്തിയ അന്വേഷണമികവിനാണ് എന്‍.ഐ.എ എ.എസ്.പിയായിരിക്കെ 2016 -ല്‍ വിക്രമന് രാഷ്ട്രപതിയുടെ സുസ്ത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിച്ചത്. 2008 ആഗസ്റ്റ് 16 -ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 72 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ച കേസില്‍ വിക്രമന്‍റെ നേതൃത്വത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനി അംഗവും മുംബൈ സ്ഫോടനക്കേസിലെ പ്രതിയുമായ താഹിര്‍ മര്‍ച്ചന്‍റ് എന്ന താഹിര്‍ തക്ലിയ ദാദയുടെ പങ്ക്, പി വിക്രമനും സംഘവും പുറത്തുകൊണ്ടുവന്നത്. ദുബൈ വഴി ഇന്ത്യയിലെത്തിച്ച ഇയാളെ കള്ളനോട്ട് കേസില്‍ അന്ന് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ നിന്നും അച്ചടിച്ച് ദുബായ് വഴിയാണ് കള്ളനോട്ട് കേരളത്തിലേക്ക് എത്തിച്ചത്. കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരു കോടിയിലേറെ രൂപയുടെ കള്ളനോട്ട് അന്ന് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്വേഷണം.

പാക് ചാര സംഘടനയായ ഐ.എസ്.ഐ പരിശീലനം ലഭിച്ച താഹിര്‍ തക്ലിയ ദാദ, ഐ.എസ്.ഐ ഏജന്‍റായും പ്രവര്‍ത്തിച്ചിരുന്നു. പാക്കിസ്ഥാനിലെ അഫ്ഗാന്‍ ബോര്‍ഡറിലെ ജയിലില്‍വെച്ചാണ് ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ കള്ളനോട്ടുകള്‍ അടിച്ച് ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്കെത്തിച്ചതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തൽ. ഈ കേസില്‍ ചാവക്കാട്ടുകാരനായ മുഹമ്മദ് റാഫിയെയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കൊഫോപോസ കേസില്‍ പിടിയിലായ റാഫിക്കിന് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതും വിക്രമന്‍റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘമാണ്.

കടൽക്കൊലക്കേസ്

എന്‍.ഐ.എ ചെന്നൈ യൂണിറ്റിലായിരിക്കുമ്പോഴാണ് ഇറ്റാലിയന്‍ നാവികര്‍, രണ്ട് മലയാളി മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണത്തിന് അദ്ദേഹം നേതൃത്വം നല്‍കിയത്. 1995 -ല്‍ എസ്.ഐയായി പോലീസ് സര്‍വീസില്‍ കയറിയ വിക്രമന്‍ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് നൂറ്റി അന്‍മ്പതിലേറെ ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ഉദ്യോഗസ്ഥനാണ്. ഡി.വൈ.എസ്.പിയായിരിക്കെ കുറ്റാന്വേഷണ മികവ് കണക്കിലെടുത്താണ് 2012 -ല്‍ വിക്രമനെ എന്‍.ഐ.എയിലേക്ക് എ.എസ്.പിയായി ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചത്.

ബാങ്ക് കൊള്ള കേസും കൊലപാതകങ്ങളും

ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ നിന്നും 80 കിലോ സ്വര്‍ണവും 15 ലക്ഷം രൂപയും കൊള്ളയടിച്ച പ്രതികളെ പിടികൂടിയത് വിക്രമന്‍ അടങ്ങുന്ന സംഘമായിരുന്നു. കാസര്‍ഗോഡ് പേര്യ, പൊന്ന്യം, തിരൂര്‍ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. തമിഴ് കവര്‍ച്ചാ സംഘത്തെ അതിസാഹസികമായിട്ടായിരുന്നു അന്ന് പിടികൂടിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കൃഷ്ണപ്രിയ വധക്കേസ്, മഞ്ചേരി മേലാക്കം ഫാത്തിമ വധക്കേസ് എന്നിവയില്‍ കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടാൻ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. കുപ്രസിദ്ധ ഹൈവേ കവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരനെ വലയിലാക്കിയതും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്.

യുഎസ് പരിശീലനം

കുറ്റാന്വേഷണത്തില്‍ പി വിക്രമന് എന്‍.ഐ.എ അമേരിക്കയില്‍ പരിശീലനം നല്‍കിയിരുന്നു. എന്‍.ഐ.എയ്ക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ പോയി അദ്ദേഹം അന്വേഷണവും നടത്തിയിട്ടുണ്ട്. ചാലിയാര്‍ മൊടവണ്ണയിലെ പരേതനായ വെട്ടിക്കോട്ട് ശങ്കരന്‍നായരുടെയും പ്രഭാവതിയുടെയും മകനാണ്. ഇപ്പോള്‍ വണ്ടൂരിനടുത്ത് നടുവത്താണ് താമസം. മമ്പാട്ട് മൂല പാറല്‍ ഹൈസ്‌ക്കൂള്‍ അധ്യാപിക ബിന്ദുവാണ് ഭാര്യ. മക്കള്‍: ലക്ഷ്മി (എം.ബി.ബി.എസ്), പാര്‍വ്വതി (പി.ജി ഫിസിക്‌സ്)

 

PREV
Read more Articles on
click me!

Recommended Stories

10 വയസുകാരിക്ക് ഇത്ര ബുദ്ധിയോ? മാതാപിതാക്കൾ തന്റെ പണം ചെലവാക്കാതിരിക്കാൻ സ്വർണ്ണം വാങ്ങി സൂക്ഷിച്ച് പെൺകുട്ടി
ഒരു നൂറ്റാണ്ടിന് ശേഷം പൂർവ്വികരുടെ മണ്ണിലേക്ക്, 8 കോടിയുടെ ഫാം ഹൗസ് വാങ്ങി യുവാവ് !