ദത്തെടുത്ത മുട്ടയ്ക്കുമേൽ അടയിരുന്ന സ്‌പാനിഷ് ലെസ്‌ബിയന്‍ പെൻഗ്വിനുകൾക്ക് ഒടുവിൽ സന്താനഭാഗ്യം

By Web TeamFirst Published Aug 21, 2020, 11:32 AM IST
Highlights

ലോകത്തിലാകെ 450 -ലധികം ജീവിവർഗ്ഗങ്ങളിൽ സ്വവർഗാനുരാഗപ്രവണതകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്.


ഇലക്ട്രയും വയോളയും ലെസ്ബിയൻ ഇണകളാണ്. ഏറെ വിശേഷപ്പെട്ടവരാണ് അവർ. എന്തുകൊണ്ടെന്നോ? ഒന്ന്, അവർ പെൺ പെൻഗ്വിൻ ഇണകളാണ്. രണ്ട്, ലെസ്ബിയൻ പെൻഗ്വിൻ ഇണകൾക്ക് ഒരു മുട്ട ദത്തെടുക്കാനുള്ള അവസരം കിട്ടുക, അവർ അതിന്മേൽ തികഞ്ഞ നിഷ്ഠയോടെ അടയിരുന്ന് ആരോഗ്യമുള്ള ഒരു പെൻഗ്വിൻ കുഞ്ഞിനെ വിരിയിച്ചെടുക്കുക എന്നതൊക്കെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്. 
 
ലെസ്ബിയനോ? പെൻഗ്വിനുകൾ തമ്മിലോ? എന്നൊക്കെ അതിശയിക്കാൻ വരട്ടെ. ബ്രൂസ് ബ്രെ‌യ്‌ഗ്‌മില്‍ എന്ന കനേഡിയൻ ജൈവശാസ്ത്രജ്ഞൻ 1999-ൽ  പ്രസിദ്ധപ്പെടുത്തിയ Biological Exuberance: Animal Homosexuality and Natural Diversity എന്ന ഗവേഷണ പുസ്തകത്തിൽ, ലോകത്തിലാകെ 450 -ലധികം ജീവിവർഗ്ഗങ്ങളിൽ സ്വവർഗാനുരാഗപ്രവണതകൾ കണ്ടെത്തപ്പെട്ടതിന്റെ തെളിവുകൾ നൽകിയിട്ടുണ്ട്. 1911 മുതൽക്ക് തന്നെ പെൻഗ്വിനുകൾക്കിടയിലെ സ്വവർഗാനുരാഗ പ്രവണതകളെപ്പറ്റി നിരവധി പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. ആൺ-ആൺ, പെൺ-പെൺ ഇണകൾക്കിടയിൽ അനുരാഗപ്രകടനങ്ങളും, ലൈംഗികബന്ധങ്ങളും, നെസ്റ്റിങ് അടക്കമുള്ള കുഞ്ഞുങ്ങളെ പോറ്റാൻ നേരം സ്വാഭാവികമായി പ്രകടിപ്പിക്കുന്ന കരുതലുകളും കണ്ടെത്തിയിട്ടുണ്ട്. 

 

 

ഇതിനു മുമ്പ് 2014 -ൽ യുകെ, ന്യൂസിലണ്ടിലും ഒക്കെയുള്ള മൃഗശാലകളിൽ അടയിരിക്കുന്ന ഹോമോ സെക്ഷ്വൽ പെൻഗ്വിനുകളെ നിരീക്ഷിച്ചിട്ടുണ്ട് എങ്കിലും ആ ഇരിപ്പും പരിരക്ഷയുമൊക്കെ മുട്ട വിരിയുന്നതുവരെ തുടരുന്നത് അപൂർവമായ സംഭവമാണ്. സ്‌പെയിനിലെ ഓഷ്യാനോഗ്രാഫിക് വലൻസിയ അക്വേറിയത്തിലെ പെൻഗ്വിൻ ഇണകളായ ഇലക്ട്രയും വയോളയും കല്ലുകൾ കൊണ്ട് കൂടുണ്ടാക്കിയിരുന്നു. അവർക്ക് ബേബി ഫീവറും ഉണ്ടായി. ഇത്രയും പാരന്റൽ ലക്ഷണങ്ങൾ കാണിച്ചതോടെയാണ്,  അധികൃതർ ആ അക്വേറിയത്തിലെ തന്നെ മറ്റൊരു പെൻഗ്വിൻ ദമ്പതികളുടെ, വിരിയുമെന്നുറപ്പുള്ള മുട്ടകളിൽ ഒന്നെടുത്ത് ഈ ഇണപെൻഗ്വിനുകൾക്ക് അടയിരുന്ന് വിരിയിച്ചെടുക്കാൻ വേണ്ടി നൽകിയത്. 

പല ജീവിവർഗ്ഗങ്ങളിലും ലെസ്ബിയൻ ജീവിതങ്ങൾ കാണപ്പെടാറുണ്ടെങ്കിലും, ദത്തെടുത്ത മുട്ടയെ വിരിയും വരെ അടയിരുന്ന് പരിചരിച്ച്, കുഞ്ഞുണ്ടാകുന്നത് തങ്ങൾ ആദ്യമായി കാണുകയാണ് എന്ന് ഓഷ്യാനോഗ്രാഫിക് വലൻസിയ അക്വേറിയം അധികൃതർ പറഞ്ഞു. കഴിഞ്ഞ നവംബറിൽ നെതർലാൻഡ്‌സിലെ ഒരു മൃഗശാലയിൽ ഇതുപോലെ സ്വവർഗാനുരാഗികളായ രണ്ട് പെൻഗ്വിനുകൾ വേറെ രണ്ട് സാധാരണ പെൻഗ്വിൻ ഇണകളിൽ നിന്ന് ഒരു മുട്ട മോഷ്ടിച്ചെടുത്ത് അടയിരുന്ന് വിരിയിച്ചെടുത്ത സംഭവം ഉണ്ടായിരുന്നു. 

click me!