
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു കഫേയിൽ വിൽക്കുന്ന വിചിത്രമായ കോഫിയെ ചൊല്ലി വലിയ ചർച്ചകളും വിവാദങ്ങളും ഉയർന്നിരിക്കുകയാണ്. പത്ത് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ ചേർത്താണ് ഈ പ്രത്യേക കോഫി തയ്യാറാക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പാചക രീതി തന്നെയാണ് വിവാദത്തിന് കാരണവും.
10 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ മൂത്രത്തിൽ ആദ്യം മുട്ടകൾ കുതിർത്തു വെക്കുന്നു. പിന്നീട് ഇതെടുത്ത് പുഴുങ്ങിയ ശേഷം, മുട്ടത്തോട് പൊട്ടിച്ച് മണിക്കൂറുകളോളം ഇതേ ദ്രാവകത്തിൽ വീണ്ടും വേവിച്ചെടുക്കുന്നു. അമേരിക്കാനോ കോഫിക്കയിൽ ഈ മുട്ടകൾ ഒന്നുകൂടി റോസ്റ്റ് ചെയ്ത് വെച്ചാണ് ആളുകൾക്ക് കഴിക്കാനായി വിളമ്പുന്നത്. ഒരു കപ്പിന് 28 യുവാൻ (ഏകദേശം 330 രൂപ) ആണ് വില. കോഫിയുമായി ബന്ധപ്പെട്ട വൻ വിവാദങ്ങൾക്കിടയിലും ഈ കോഫി വാരാന്ത്യങ്ങളിൽ ദിവസം 100 കപ്പിലധികം വിറ്റുപോകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ചൈനയിലെ ഡോങ്‌യാങ്ങിൽ ഇത് ഒരു പരമ്പരാഗത ഭക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സോങ് സാമ്രാജ്യ കാലം മുതൽ ചൈനയിൽ പ്രാദേശികമായി പ്രചാരമുള്ളതാണ് ഈ സ്പെഷ്യൽ കാപ്പി. ഈ മുട്ടകൾ കഴിക്കുന്നത് സൂര്യാഘാതം തടയാനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുമെന്ന് പ്രാദേശവാസികളുടെ പരമ്പരാഗതമായ വിശ്വാസം. പ്രാദേശിക ഭരണകൂടം ഇതിനെ ഒരു 'അദൃശ്യ സാംസ്കാരിക പൈതൃകമായി' (Intangible Cultural Heritage) പട്ടികപ്പെടുത്തിയിട്ടുണ്ട്. ‘Virgin boy egg Coffee’ എന്നും ഈ കാപ്പി അറിയപ്പെടുന്നു.
എന്നാൽ, ഈ സ്പെഷ്യൽ കോഫി വൈറലായതോടെ വിചിത്രമായ ഈ ശീലത്തിനെതിരെ ആരോഗ്യ വിദഗ്ധർ രംഗത്തെത്തി. ജിൻഹുവ മുനിസിപ്പൽ സെൻട്രൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഹുവാങ് ജിയാൻ പറയുന്നതനുസരിച്ച്, മൂത്രം എന്നത് ശരീരം പുറന്തള്ളുന്ന മാലിന്യമാണ്, അതിൽ ആരോഗ്യത്തിന് ഗുണകരമായ ഒന്നുമില്ല. ശുചിത്വമില്ലായ്മയാണ് ഇതിലെ പ്രധാന പ്രശ്നമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. സമൂഹ മാധ്യമങ്ങളിൽ വാർത്ത വൈറലായതോടെ കഫേ ഈ വിഭവം മെനുവിൽ നിന്ന് പിൻവലിച്ചു. "ഇതിന്‍റെ ശുചിത്വം എങ്ങനെ ഉറപ്പാക്കാൻ കഴിയും?" എന്ന് ഓൺലൈൻ ഉപയോക്താക്കൾ ചോദിക്കുന്നു. "ഞാൻ ഇവിടെയുള്ള ആളാണെങ്കിലും ഇത്തരം മുട്ടകൾ കഴിക്കാൻ എനിക്ക് പേടിയാണ്." എന്നാണ് നാട്ടുകാരനായ ഒരാൾ ഇതിനോട് പ്രതികരിച്ചത്. അതേസമയം യൂറിൻ തെറാപ്പിയെ പിന്തുണയ്ക്കുന്നവർ ഈ പരമ്പരാഗത മുട്ടക്കോഫിയെ അനുകൂലിച്ചും രംഗത്തെത്തി.