അച്ഛനമ്മമാർക്ക് സമ്പാദ്യം അധികമൊന്നും ബാക്കിയില്ല, അവരുടെ ഭാവി എന്താവും? മകളുടെ സംശയം

Published : Oct 29, 2026, 12:55 PM IST
old couple

Synopsis

സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പിതാവ് ഇതുവരെ തന്നോടോ അമ്മയോടോ സംസാരിച്ചിരുന്നില്ലെന്നും അതിനാൽ തന്നെ യാഥാർത്ഥ്യം അറിയില്ലായിരുന്നുവെന്നും ഇവർ പറയുന്നു.

മാതാപിതാക്കളുടെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള 26-കാരിയായ യുവതിയുടെ ആശങ്ക നിറഞ്ഞൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ഭാവി ആവശ്യങ്ങൾക്കായി മാതാപിതാക്കളുടെ കൈയിൽ കാര്യമായ സമ്പാദ്യമൊന്നുമില്ലെന്ന് അടുത്തിടെയാണ് യുവതി മനസ്സിലാക്കിയത്. സ്വന്തമായി വീടും 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ഉണ്ടെങ്കിലും, പ്രായമാകുമ്പോൾ ഉണ്ടാകാനിടയുള്ള ആവശ്യങ്ങൾക്കും മറ്റ് ചെലവുകൾക്കുമായി പണം എങ്ങനെ കണ്ടെത്തുമെന്ന ഭയത്തിലാണ് ഇവർ.

'60-കളിൽ എത്തിയ മാതാപിതാക്കൾക്ക് റിട്ടയർമെന്റ് ഫണ്ടില്ല; അവരെ എങ്ങനെ സഹായിക്കും' എന്ന ചോദ്യവുമായിട്ടാണ് യുവതി പോസ്റ്റ് പങ്കുവെച്ചത്. താഴ്ന്ന ഇടത്തരം കുടുംബത്തിൽ വളർന്ന താൻ ഏക മകളാണെന്നും യുവതി വ്യക്തമാക്കുന്നു. യുവതിയുടെ പിതാവ് ടയർ-3 നഗരത്തിൽ സ്ഥലം വാങ്ങി നാല് ബെഡ്‌റൂമുകളുള്ള ഇരുനില വീട് പണിതിട്ടുണ്ട്. നിലവിൽ മാതാപിതാക്കൾ ഇവിടെയാണ് താമസം. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നാണ് യുവതി കരുതിയിരുന്നത്. എന്നാൽ, സ്വന്തം വിവാഹത്തോടെയാണ് മാതാപിതാക്കളുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ഇവർ മനസ്സിലാക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സാമ്പത്തിക പ്രതിസന്ധിയിലായ ബന്ധുവിന് പിതാവ് 10 ലക്ഷം രൂപ കടം നൽകിയിരുന്നു. കൂടാതെ, യുവതിയുടെ വിവാഹത്തിനായി ബാക്കിയുണ്ടായിരുന്ന സമ്പാദ്യത്തിൽ നിന്ന് 17 ലക്ഷത്തോളം രൂപ ചെലവാക്കുകയും ചെയ്തു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പിതാവ് ഇതുവരെ തന്നോടോ അമ്മയോടോ സംസാരിച്ചിരുന്നില്ലെന്നും അതിനാൽ തന്നെ യാഥാർത്ഥ്യം അറിയില്ലായിരുന്നുവെന്നും ഇവർ പറയുന്നു.

63 വയസ്സുള്ള പിതാവിന് നിലവിൽ പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ വരുമാനമുണ്ട്. കൂടാതെ, മാതാപിതാക്കൾക്കായി യുവതി 10 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസും എടുത്തിട്ടുണ്ട്. എന്നാൽ തനിക്ക് പുതിയ ജോലിയുടെ രണ്ടാം മാസമായതിനാൽ ഉടൻ ഉയർന്ന ശമ്പളമുള്ള മറ്റൊന്നിലേക്ക് മാറാൻ കഴിയില്ലെന്നും, മാതാപിതാക്കളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും യുവതി പോസ്റ്റിൽ കുറിച്ചു. ഭർത്താവിനോട് ഈ കാര്യങ്ങൾ സംസാരിക്കാൻ മടിയുള്ളതിനാൽ സംസാരിച്ചിട്ടില്ല.

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നിലവിലുള്ള ആസ്തികൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് യുവതിയെ ആളുകൾ ഉപദേശിച്ചു.

സ്വന്തം വരുമാനത്തിൽ നിന്ന് സാധ്യമാകുന്ന തുക ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് വഴി സമ്പാദിക്കുക. ഈ പണം നേരിട്ട് മാതാപിതാക്കൾക്ക് നൽകാതെ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അവർക്കായി ചെലവഴിക്കുക എന്നതായിരുന്നു ഒരു നിർദ്ദേശം.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം, കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയേപ്പറ്റി അന്വേഷിക്കാം. നിലവിൽ 8.2% മുകളിലാണ് ഇതിന്റെ പലിശ നിരക്ക്. കൈവശമുള്ള സ്വർണത്തിന്റെ ഒരു ഭാഗം വിറ്റ് ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ മാതാപിതാക്കൾക്ക് മാസം തോറും നിശ്ചിത വരുമാനം ഉറപ്പാക്കാം.

ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം വിറ്റ് തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ച് എസ്‌.ഡബ്ല്യു.പി രീതിയിലൂടെ മാസം തോറും കൃത്യമായ തുക പെൻഷൻ പോലെ പിൻവലിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ഒരു യാത്രയും നിങ്ങളുടെ ജീവനേക്കാൾ വലുതല്ല'; ട്രെയിൻ യാത്ര ഉപേക്ഷിച്ചു, ആറിരട്ടി വാടകയ്ക്ക് വീടെടുത്ത് യുവാവ്
മെട്രോ സ്റ്റേഷനിൽ വച്ച് അപരിചിതൻ ക്യാമറയിൽ പകർത്തി, യുവതിയുടെ പരാതിയിൽ കേസ്