
വിവിധങ്ങളായ വിഷയങ്ങളിലുള്ള വൈറൽ പോസ്റ്റുകളിലൂടെ ആളുകളുടെ ശ്രദ്ധ നേടാറുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡിറ്റ്. പലപ്പോഴും ആളുകളുടെ ഐഡന്റിറ്റി പുറത്തുവിടാതെ റെഡിറ്റിൽ പങ്കുവെക്കുന്ന സംഭവങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. സമാനമായ രീതിയിൽ കഴിഞ്ഞദിവസം ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഓഫീസിലെ കാപ്പിപ്പൊടി മോഷ്ടിച്ചതിന്റെ പേരിൽ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടു എന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഓഫീസിലുണ്ടായിരുന്ന മുഴുവൻ കാപ്പിപ്പൊടിയും അവർ കൊണ്ടുപോയി എന്നാണ് ആരോപണം. ഈ വിചിത്രമായ പോസ്റ്റ് അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 43 ലക്ഷത്തിലധികം കാഴ്ചക്കാരെയും 15,000-ൽ അധികം ലൈക്കുകളും ഇത് നേടി.
പോസ്റ്റിട്ടയാൾ പറയുന്നതനുസരിച്ച്, ആദ്യദിവസം ഉച്ചയ്ക്ക് ശേഷം അവർ സ്റ്റാഫ് ബ്രേക്ക് റൂമിൽ പ്രവേശിച്ച് കോഫി മേക്കറിന് അടുത്തുള്ള കാപ്പിപ്പൊടി നിറച്ച രണ്ട് വലിയ ബാഗുകൾ ചൂണ്ടി, 'ഇതൊക്കെ ആരുടേതാണ്?' എന്ന് ചോദിച്ചു. ഇത് ആർക്കുവേണമെങ്കിലും ഉപയോഗിക്കാൻ സൗജന്യമായി വെച്ചിരിക്കുന്നതാണന്ന് ഒരു ജീവനക്കാരൻ വിശദീകരിച്ചു. അതിന് അവർ 'അതെയോ, കൊള്ളാം' എന്ന് മാത്രം മറുപടി നൽകി. പക്ഷേ, അന്നത്തെ ദിവസം തിരികെ പോകുമ്പോൾ, അവർ കാപ്പിപ്പൊടി നിറച്ച ആ മുഴുവൻ കവറുകളും എടുത്തുകൊണ്ടുപോയി. അധികം വൈകാതെ വിഷയം മാനേജരുടെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത ദിവസം ഓഫീസിൽ എത്തിയ യുവതിക്ക് വെറും 10 മിനിറ്റ് കൊണ്ട് പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചു.
തൊഴിലുടമയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഈ സംഭവം ജോലിസ്ഥലത്തെ മര്യാദകളെക്കുറിച്ചും, എന്താണ് പ്രൊഫഷണലിസം എന്നതിനെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ, ഈ സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി മാത്രം കെട്ടിച്ചമച്ച ഒരു കഥയാകാനാണ് സാധ്യതയെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഏതായാലും എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ സംഭവത്തെക്കുറിച്ച് മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ലഭ്യമല്ല.