
ഓസ്ട്രേലിയയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സർക്കാർ ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ.സി.ടി. ഗവൺമെന്റിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുയാഷ് സിൻഹ (31) ആണ് അറസ്റ്റിലായത്. എ.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളി.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് സുയാഷ് സിൻഹ നിരന്തരം മെസ്സേജുകൾ അയക്കുകയായിരുന്നു. എന്നാൽ, തനിക്ക് ബന്ധങ്ങളിലൊന്നും താൽപ്പര്യമില്ലെന്ന് യുവതി വ്യക്തമാക്കിയിട്ടും ഇയാൾ പിന്മാറിയില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ മെസ്സേജായി അയച്ചു. തുടർന്ന് ഭയന്നുപോയ യുവതി ഇയാളെ ഒരു പബ്ബിൽ വെച്ച് കാണാൻ തയാറായി. അവിടെവെച്ച് താൻ എ.സി.ടി. ഗവൺമെന്റിന്റെ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നതെന്ന് ഇയാൾ അവകാശപ്പെട്ടു. യുവതിക്ക് സഹോദരങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ, അവരിൽ ഒരാളുടെ പേര് എടുത്തുപറഞ്ഞ സുയാഷ്, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ആരെക്കുറിച്ചും എന്തു വിവരവും കണ്ടെത്താനാകും എന്ന് യുവതിയെ ഭീഷണിപ്പെടുത്തി.
ബന്ധത്തിൽ തുടരാൻ താൽപ്പര്യമില്ലെന്ന് യുവതി ആവർത്തിച്ചിട്ടും ശല്യം തുടർന്നു. ഭയപ്പെടുത്തുന്ന രീതിയിലുള്ള പേരിൽ പ്രൊഫൈലുകളുണ്ടാക്കി സോഷ്യൽ മീഡിയയിലും ഇയാൾ ശല്യം തുടർന്നു. തുടർന്ന് സെപ്റ്റംബറിൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ചൊവ്വാഴ്ച ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതിയുടെ ജാമ്യാപേക്ഷ സ്പെഷ്യൽ മജിസ്ട്രേറ്റ് ലൂസിൻഡ വിൽസൺ തള്ളിക്കളഞ്ഞു.
പ്രതിക്ക് യുവതിയോട് കടുത്ത 'ഫിക്സേഷൻ' ഉണ്ടെന്നും, യുവതിയുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഇയാൾ വലിയ ഭീഷണിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. യുവതി നിലവിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പ്രതിയുടെ പെരുമാറ്റം യുവതിയുടെ അവകാശങ്ങളോടും സുരക്ഷയോടുമുള്ള തികഞ്ഞ അവഗണനയാണെന്ന് നിരീക്ഷിച്ചാണ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.