
കാർ മോഷ്ടിച്ച് കൊണ്ടു പോകുന്ന വാർത്തകൾ സാധാരണമാണ് അല്ലേ? എന്നാൽ, ഒരു എട്ട് വയസുകാരൻ അത് ചെയ്യും എന്ന് ഊഹിക്കാൻ സാധിക്കുമോ? അങ്ങനെ സംഭവിച്ചു. അലബാമയിൽ തോക്കിൻമുനയിൽ ഒരു കാർ മോഷ്ടിച്ച് കടന്നു കളഞ്ഞ എട്ട് വയസുകാരനെ പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്തു.
മോണ്ട്‌ഗോമറിയിലെ വെസ്റ്റ് ഫെയർവ്യൂ അവന്യൂവിലാണ് തോക്കിൻ മുനയിൽ കുട്ടി കാർ മോഷ്ടിച്ചത് എന്ന് മേജർ സബ കോൾമാൻ WSFA-യോട് പറഞ്ഞു. എന്നാൽ, കുട്ടിയുടെ പേര് വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. കാർ മോഷ്ടിച്ച് കുട്ടി പോയതിന് പിന്നാലെ പൊലീസ് കുട്ടിയെ പിടികൂടാൻ ശ്രമിച്ചു. അതിനായി കാറിനെ പിന്തുടരുകയും ചെയ്തു. എന്നാൽ, കാർ അതിവേഗത്തിൽ പോവുകയായിരുന്നു. ഇത് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തു.
എന്നാൽ, അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ല. അതേ സമയം കുട്ടി ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ഈ എട്ട് വയസുകാരനെ പിന്നീട് അറസ്റ്റ് ചെയ്യുകയും മോണ്ട്ഗോമറി കൗണ്ടി യൂത്ത് ഡിറ്റൻഷൻ ഫെസിലിറ്റിയിൽ പാർപ്പിക്കുകയും ചെയ്തു. തോക്ക് കൈവശം വയ്ക്കുക, മോഷ്ടിക്കുക, പൊലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം കുട്ടിക്ക് മുകളിൽ ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേ സമയം തന്നെ വലിയ ഭീതിയാണ് കുട്ടിയുടെ പ്രവൃത്തി ആളുകളിൽ സൃഷ്ടിച്ചത്. വാഹനവുമായി കടന്നു കളഞ്ഞതിനാൽ തന്നെ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ളതും മറ്റും ആളുകളെ ഭയപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ കുട്ടിയെ എത്രയും പെട്ടെന്ന് കസ്റ്റഡിയിൽ എടുക്കുന്നതിന് വേണ്ടി പൊലീസ് ആവും വിധം ശ്രമിക്കുകയായിരുന്നു.