
പൈലറ്റിൽ നിന്നും കിട്ടിയതെന്ന് പറയപ്പെടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ഖേദപ്രകടനവുമായി ഇൻഫ്ലുവൻസർ. 'നിങ്ങൾ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്' എന്ന് പറയുന്ന കുറിപ്പാണ് പൈലറ്റ് എഴുതി താനിരുന്ന ടേബിളിൽ വച്ചിട്ടു പോയത് എന്നായിരുന്നു യുവതി അവകാശപ്പെട്ടത്.
സ്റ്റെഫ് ബോറർ എന്ന ഇൻഫ്ലുവൻസറാണ് എയർപോർട്ടിൽ വച്ച് അജ്ഞാതനായ പൈലറ്റിൽ നിന്നും കിട്ടിയത് എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പിന്റെ ചിത്രം ടിക്ടോക് വീഡിയോയിൽ പങ്കുവച്ചത്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. വീഡിയോയിൽ ഒരു ടിഷ്യൂ പേപ്പറിൽ 'ഞാൻ ഈ ലോകം മുഴുവനും കണ്ടിട്ടുണ്ട്, അതിൽ ഏറ്റവും സുന്ദരി നീയാണ്' എന്നായിരുന്നു എഴുതിയിരുന്നത്.
'താൻ എയർപോർട്ടിൽ ഇരിക്കുകയായിരുന്നു, അപ്പോൾ ഒരു പൈലറ്റ് ഇത് വച്ചിട്ട് പോയി' എന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, വീഡിയോയ്ക്ക് പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ ക്ഷമാപണവുമായി യുവതി രംഗത്തെത്തുകയായിരുന്നു. അത് വച്ചത് ആരാണ് എന്ന് താൻ കണ്ടില്ല, കൂട്ടുകാരി പറഞ്ഞത് പ്രകാരം ഉയരം കുറഞ്ഞ, ബ്ലോണ്ട് ഹെയറുള്ള ഒരാളാണ് അത് തന്റെ ടേബിളിൽ വച്ചിട്ട് പോയതെന്നാണ് കരുതുന്നത് എന്നാണ് യുവതി പറഞ്ഞത്. ഒപ്പം, ആ പൈലറ്റായിരുന്നില്ല താൻ യാത്ര ചെയ്ത വിമാനത്തിന്റെ പൈലറ്റ് എന്നും യുവതി പറഞ്ഞു.
ഇത് ഇങ്ങനെ ഷെയർ ചെയ്യപ്പെടാൻ അയാൾ ആഗ്രഹിച്ച് കാണില്ല എന്നും ക്ഷമാപണം നടത്തുന്നു എന്നും യുവതി പറയുന്നു. ഒരാൾ തനിക്ക് അത്തരം ഒരു അഭിനന്ദനം തന്നപ്പോൾ അത് പങ്കുവയ്ക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി വെളിപ്പെടുത്തി. അതേസമയം, യുവതി പങ്കുവച്ച രണ്ട് വീഡിയോയ്ക്കും അനേകങ്ങൾ കമന്റ് നൽകി. ഇത് യുവതി തന്നെ എഴുതി വച്ചതല്ലേ എന്ന ആരോപണവും ഉയർന്നു. എന്നാൽ, ഒരിക്കലും ഇത് താൻ തന്നെ എഴുതി വച്ചതല്ല എന്നാണ് യുവതി പറയുന്നത്.