മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവൾ ലൈവ് സ്ട്രീമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് താൻ വിഷാദത്തിലാണ് എന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നും അവൾ വെളിപ്പെടുത്തിയിരുന്നു.

സാമ്പത്തികപ്രശ്നങ്ങൾ കാരണം ഭക്ഷണം കഴിക്കാനോ വാടക കൊടുക്കാനോ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള കോസ്പ്ലേ ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി. മാവോയു എന്ന 24 -കാരിയാണ് മരിച്ചത്. 

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, മാവോയു ആനിമേഷൻ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന ആളായിരുന്നു. നിരവധി ആരാധകരും ഇവർക്കുണ്ടായിരുന്നു. ഫെബ്രുവരി 25 -ന് വൈകുന്നേരം 5.20 -നാണ് ഇവർ മരിച്ചത് എന്ന വിവരം കുടുംബം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. 

മാവോയുവിന്റെ മരണകാരണം എന്താണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. വിഷാദത്തിലായിരുന്നു ഇവർ എന്നതിനാൽ തന്നെ ആത്മഹത്യ ചെയ്തതാണോ എന്ന സംശയം ഉയരുന്നുണ്ട്. അവളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഫോൺ നമ്പറും അവളോടുള്ള ആദരവെന്ന നിലയിൽ സജീവമായി നിലനിർത്തുമെന്നാണ് അവളുടെ കുടുംബം പറയുന്നത്. 

മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവൾ ലൈവ് സ്ട്രീമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് താൻ വിഷാദത്തിലാണ് എന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നും അവൾ വെളിപ്പെടുത്തിയിരുന്നു. ബെയ്ജിം​ഗിൽ താൻ താമസിക്കുന്ന അപാർട്‍മെന്റിന്റെ വാടക കൊടുക്കാൻ പോലും തനിക്ക് സാധിക്കുന്നില്ല എന്നും അവൾ ലൈവ് സ്ട്രീമിൽ വെളിപ്പെടുത്തി. 

തന്റെ മാനസികാരോ​ഗ്യപ്രശ്നങ്ങളെ താൻ എങ്ങനെയാണ് നേരിടുന്നത് എന്നതിനെ കുറിച്ചും അവൾ വെളിപ്പെടുത്തിയിരുന്നു. നിരവധിപ്പേരാണ് ലൈവ് സ്ട്രീമിന് പിന്നാലെ അവളുടെ മനോധൈര്യത്തെ അഭിനന്ദിച്ചു കൊണ്ടും ഒപ്പമുണ്ട് എന്ന് അറിയിച്ചുകൊണ്ടും മുന്നോട്ട് വന്നത്. 

മാവോയുവിന്റെ മരണം ആളുകളെ വല്ലാതെ വേദനയിലാഴ്ത്തിയിട്ടുണ്ട്. അനേകം പേരാണ് ചൈനയിലെ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ അവൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നത്. അവൾ എന്നും മിസ് ചെയ്യപ്പെടും എന്നും വീട്ടുകാരും അവളുടെ ആരാധകരും പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം