
യുക്രൈനിനെതിരെ (Ukraine) റഷ്യ (Russia) നടത്തുന്ന സൈനിക നടപടിക്കെതിരായി ലോകമെങ്ങും പ്രതിഷേധം പുകയുന്നതിനിടെ പ്രശസ്തമായ റഷ്യന്‍ വോഡ്കയുടെ (Russian Vodca) പേരു മാറ്റി. റഷ്യന്‍ വോഡ്ക എന്ന പേരില്‍ ലോകമെങ്ങും വിറ്റുപോരുന്ന ലോകപ്രശസ്ത ബ്രാന്‍ഡിന്റെ പേരാണ് മാറ്റുന്നത്. സോവിയറ്റ് ഗൃഹാതുരത തുളുമ്പുന്ന ലോഗോയും ആകൃതിയും പാക്കേജിംഗുമായി പുറത്തിറങ്ങുന്ന സ്‌റ്റോലിച്‌നായ വോഡ്കയുടെ (Stolichnaya vodka) രൂപഭാവങ്ങള്‍ ഒറ്റയടിക്ക് മാറ്റാനാണ് കമ്പനിയുടെ ശ്രമം.
റഷ്യയ്ക്ക് എതിരായ ഉപരോധവും ജനരോഷവും വോഡ്ക ബ്രാന്‍ഡുകളെ മോശമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രശസ്തമായ സ്‌റ്റോലിച്‌നായ വോഡ്കയുടെ പേര് മാറ്റിയത്. സ്‌റ്റോലി എന്ന വിളിപ്പേരിലാവും ഇനി ഈ വോഡ്ക ബ്രാന്‍ഡ് അറിയപ്പെടുക. റഷ്യന്‍ വോഡ്ക എന്ന രീതിയില്‍ അമേരിക്കയിലടക്കം മാര്‍ക്കറ്റ് ചെയ്തിരുന്ന വോഡ്ക ഇനി റഷ്യന്‍ എന്ന പേരു പോലും ഉപയോഗിക്കില്ലെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റഷ്യന്‍ കോടീശ്വരനായ യൂറി ഷെഫ്‌ലറാണ് കമ്പനിയുടെ സ്ഥാപകന്‍. പുടിനെതിരായി വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് 2000 മുതല്‍ ഇദ്ദേഹം ലക്‌സംബര്‍ഗിലാണ് താമസിക്കുന്നത്. സോവിയറ്റ് യൂനിയനിലെ ഏറ്റവും പ്രശസ്തമായ വോഡ്ക ബ്രാന്‍ഡായിരുന്നു സ്‌റ്റോലിച്‌നായ. എക്കാലത്തും താന്‍ ഈ ബ്രാന്‍ഡിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഷെഫ്‌ലര്‍ എന്നാല്‍ ഇനി മുതല്‍ റഷ്യന്‍ എന്ന പേര് ഈ വോഡ്കയ്ക്ക് ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി.
ഗോതമ്പില്‍നിന്നും വാറ്റിയെടുക്കുന്ന സ്‌റ്റോലിച്‌നായ വോഡ്ക സോവിയറ്റ് യൂനിയന്‍ കാലത്തെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡായിരുന്നു. 1901-ല്‍ ഉയര്‍ന്ന നിലവാരമുള്ള വോഡ്ക ഉല്‍പ്പാദിപ്പിക്കുന്നതിനായി സോവിയറ്റ് യൂനിയനില്‍ ആരംഭിച്ച മോസ്‌കോ സ്‌റ്റേറ്റ് വൈന്‍ വെയര്‍ ഹൗസിലാണ് ഇത് രൂപം കൊണ്ടത്. 1953-ല്‍ ജര്‍മനിയിലെ ബേണില്‍ നടന്ന രാജ്യാന്തര വിപണന മേളയില്‍ ഈ മദ്യം അവതരിപ്പിക്കപ്പെട്ടു. അന്ന് ഇതിന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിരുന്നു. സോവിയറ്റ് യൂനിയന്‍ തകരുന്നതിനു മുമ്പ് ഈ മദ്യത്തിന്റെ കയറ്റുമതി അധിഷ്ഠിത ഉല്‍പ്പാദനം യുക്രൈനിലായിരുന്നു.
1972-ല്‍ പെപ്‌സികോ കമ്പനി സോവിയറ്റ് യൂനിയനുമായി ഈ ബ്രാന്‍ഡിന്റെ അന്താരാഷ്ട്ര വിപണിയിലെ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ബാര്‍ട്ടര്‍ കരാര്‍ ഉണ്ടാക്കി. അതുപ്രകാരം സോവിയറ്റ് യൂനിയനില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ വോഡ്ക പെപ്‌സി അമേരിക്കയിലും യൂറോപ്പിലും സോവിയറ്റ് വോഡ്ക എന്ന പേരില്‍ വില്‍ക്കും. പകരമായി സോവിയറ്റ് യൂനിയനില്‍ പെപ്‌സികോ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കും. ഈ കരാര്‍ നിലവില്‍ വന്നതോടെ അമേരിക്കയില്‍ അടക്കം സ്‌റ്റോലിച്‌നായ വോഡ്ക പ്രശസ്തമായി. സോവിയറ്റ് യൂനിയനില്‍ വില്‍ക്കപ്പെടുന്ന ആദ്യ വിദേശബ്രാന്‍ഡായി പെപ്‌സിയും മാറി. അതിനു ശേഷം സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഈ വോഡ്കയുടെ കഥയില്‍ വലിയ മാറ്റം സംഭവിക്കുന്നത്.
സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഈ വോഡ്കയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി വലിയ തര്‍ക്കമുണ്ടായി. വ്യവസായിക അടിസ്ഥാനത്തില്‍ ഈ ബ്രാന്‍ഡ് ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നത് റഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയും ഷെഫ്‌ലറിന്റെ പേരിലുള്ള എസ് പി ഐ കമ്പനിയും സംയുക്തമായിട്ടായിരുന്നു. ഷെഫ്‌ലറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കായിരുന്നു ഈ വോഡ്കയുടെ ബ്രാന്‍ഡ് അവകാശം. ബ്രാന്‍ഡ് എന്ന നിലയില്‍ സ്‌റ്റോലിച്‌നായ വോഡ്കയുടെ സ്ഥാപകന്‍ ഷെഫ്‌ലര്‍ ആണെങ്കിലും സോവിയറ്റ് മദ്യ കമ്പനി എന്ന നിലയില്‍ അതിന്റെ ഉടമസ്ഥാവകാശം റഷ്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള മദ്യനിര്‍മാണ കമ്പനിക്കായിരിക്കും എന്നായിരുന്നു റഷ്യന്‍ സര്‍ക്കാര്‍ അവകാശവാദം.
എന്നാല്‍, ഇത് പൂര്‍ണ്ണമായും തന്റെ ബ്രാന്‍ഡാണെന്നും സര്‍ക്കാറിന് ഇതിലൊരു കാര്യവുമില്ലെന്നും ഷെഫ്‌ലര്‍ അവകാശപ്പെട്ടു. പുടിന്‍ അധികാരത്തില്‍ വന്നതോടെ ഇതിനെ ചൊല്ലിയുള്ള തര്‍ക്കം വളര്‍ന്നു. തുടര്‍ന്നാണ് 2000-ല്‍ ഷെഫ്‌ലര്‍ റഷ്യവിട്ട് ലക്‌സംബര്‍ഗിലേക്ക് പോവുന്നത്. കമ്പനിയുടെ ആസ്ഥാനം അദ്ദേഹം മുന്‍ സോവിയറ്റ് നാട് ആയിരുന്ന ലാത്വിയയിലേക്ക് മാറ്റി. റഷ്യയുമായി വര്‍ഷങ്ങളായി ഈ ബ്രാന്‍ഡിനു വലിയ ബന്ധമൊന്നുമില്ലെങ്കിലും റഷ്യന്‍ വോഡ്ക എന്നാണ് അമേരിക്കയിലടക്കം ആരാധകരുള്ള ഈ ബ്രാന്‍ഡ് അറിയപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ എന്ന പേര് തന്നെ തിരിച്ചടിക്കുന്നതിനെ തുടര്‍ന്നാണ് കമ്പനി ബ്രാന്‍ഡിന്റെ പേര് തന്നെ മാറ്റിയത്.
പുടിന്‍ ഭരണകൂടം തന്റെ ബ്രാന്‍ഡ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താന്‍ റഷ്യ വിടാന്‍ പ്രേരിതനായത് എന്ന് ഷെഫ്‌ലര്‍ പറയുന്നു. ''പുടിന്റെ പീഡനങ്ങള്‍ വ്യക്തിപരമായി അനുഭവിച്ച ഒരാളാണ് ഞാന്‍. അതിനാല്‍, യുക്രൈനിന് എതിരെ ഇപ്പോള്‍ നടക്കുന്ന ആക്രമണത്തോട് ഒരു തരത്തിലും യോജിക്കാനാവില്ല. എല്ലാ അര്‍ത്ഥത്തിലും യുക്രൈന്‍ പോരാട്ടത്തോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഷെഫ്‌ലര്‍ പറഞ്ഞു.