കുതിരവണ്ടിയിലിരിക്കുന്ന ദമ്പതികള്‍ മുതല്‍ കഴിഞ്ഞ ശരത്‍കാലത്ത് പരസ്‍പരം ചുംബിക്കുന്ന ദമ്പതികള്‍ വരെ; 5000 വര്‍ഷം പഴക്കമുള്ള സ്റ്റോണ്‍ഹെഞ്ച് കഥകള്‍

By Web TeamFirst Published Dec 16, 2019, 12:57 PM IST
Highlights

പക്ഷെ, സന്തോഷങ്ങള്‍ മാത്രമല്ല, ഈ ഫോട്ടോ പ്രദർശനത്തിന് വേദനയുടെ ചില കഥകളും പറയാനുണ്ട്. ഇരുപതുകാരനായ സർജന്‍റെ ഒബ്‌സർവർ ഡഗ്ലസ് ബ്രയാനും ഇളയ സഹോദരി ജോയ്‌സും അവസാനമായി പകർത്തിയ ചിത്രം അത്തരത്തിൽ ഒന്നാണ്.

വര്‍ത്തമാനകാലത്തിലെ മാത്രമല്ല, ചരിത്രത്തിലെ ചില സംഭവങ്ങളും ഭയങ്കര കൗതുകമാര്‍ന്നതാണ്. പല ചരിത്രസ്‍മാരകങ്ങളും അങ്ങനെ തന്നെ. അതുപോലെ നിഗൂഢമായൊരു സ്ഥലമാണ് സ്റ്റോണ്‍ഹെഞ്ച്. ഇംഗ്ലണ്ടിലെ സാലിസ്ബറിക്ക് വടക്ക് ചോക്കി സമതലത്തിൽ സ്ഥിതിചെയ്യുന്നൊരു കൂറ്റൻ ശിലാ സ്മാരകമാണ് ഈ സ്റ്റോൺഹെഞ്ച്. ഏകദേശം 5,000 മുതൽ 4,000 വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ഇത് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന മെഗാലിത്തിക് ഘടനയായിട്ടാണ് കണക്കാക്കുന്നത്. 18 മൈൽ അകലെയുള്ള ഒരു ക്വാറിയിൽ നിന്ന് 25 ടൺ വലുപ്പമുള്ള കല്ലുകൾ ഉപയോഗിച്ചാണ് അന്നത്തെക്കാലത്ത് ഇത് നിര്‍മ്മിച്ചത് എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നാല്‍ അന്നങ്ങനെ സംഭവിച്ചു. എന്നാലും എന്തിനായിരുന്നു ആ മനുഷ്യര്‍ ഇത് നിര്‍മ്മിച്ചതെന്നതാകട്ടെ ഒരു നിഗൂഢതയായി അവശേഷിക്കുകയും ചെയ്യുന്നു. 

ഒരുപാട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നൊരു സ്ഥലമാണ് വര്‍ഷങ്ങളായി സ്റ്റോണ്‍ഹഞ്ച്. കാലങ്ങള്‍ക്ക് മുമ്പ് അവിടെനിന്നും പകര്‍ത്തിയ ചില വെക്കേഷന്‍ ചിത്രങ്ങളാണ് ഇന്ന് കൗതുകകരമായിരിക്കുന്നത്. 1875 മുതലിങ്ങോട്ടുള്ള ചിത്രങ്ങളില്‍ നിന്ന് മനുഷ്യരുടെ വേഷത്തിലും മറ്റുമുള്ള വ്യത്യാസം പ്രകടമാണ്. എന്നാല്‍ അന്നും ആളുകള്‍ ഫ്രീക്കരായിരുന്നു എന്നത് ഇതില്‍നിന്നും സ്‍പഷ്ടമാണ്.

ഇസബെൽ, മൗദ്, റോബർട്ട് റൂത്ത് എന്നിവർ ഈ സ്റ്റോണ്‍ഹഞ്ചില്‍ ഒരു ദിവസം ആസ്വദിക്കുന്നതിന്‍റെ ചിത്രമാണ് അതില്‍ വളരെ രസകരമായിട്ടുള്ളത്. അതിനൊരു പ്രത്യേകതയുമുണ്ട്. അവിടെവച്ചെടുത്ത ആദ്യ കുടുംബഫോട്ടോയും ഇതാണ്. കുതിരവണ്ടിയില്‍ ഇവര്‍ ഇരിക്കുന്നത് ചിത്രത്തില്‍ കാണാം.

തീര്‍ന്നില്ല, ഇവരുടേത് കൂടാതെ മറ്റ് കുടുംബങ്ങളുടെയും ചിത്രങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. സൈറ്റിനെ പരിപാലിക്കുന്ന ചാരിറ്റി സ്ഥാപനമായ ഇംഗ്ലീഷ് ഹെറിറ്റേജ് നടത്തുന്ന ഫോട്ടോപ്രദര്‍ശനത്തിലുള്‍ക്കൊള്ളിക്കാനാണ് ഈ ചിത്രങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുള്ളത്. 

പക്ഷെ, സന്തോഷങ്ങള്‍ മാത്രമല്ല, ഈ ഫോട്ടോ പ്രദർശനത്തിന് വേദനയുടെ ചില കഥകളും പറയാനുണ്ട്. ഇരുപതുകാരനായ സർജന്‍റെ ഒബ്‌സർവർ ഡഗ്ലസ് ബ്രയാനും ഇളയ സഹോദരി ജോയ്‌സും അവസാനമായി പകർത്തിയ ചിത്രം അത്തരത്തിൽ ഒന്നാണ്. പത്തുവയസ്സുമാത്രമുള്ള ജോയ്‌സിന്‍റെയും റോയൽ എയർഫോഴ്‌സിൽ നിന്ന് അവധിയെടുത്തുവന്ന അവളുടെ സഹോദരന്‍റെയും അവസാന കൂടിക്കാഴ്ചയായിരുന്നു അത്. മാൾട്ടയിലേക്ക് പോയ അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. 1942 ജനുവരി എട്ടിന് വടക്കൻ ആഫ്രിക്കയിലെ റോമെലിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ജർമ്മൻ സൈനികരെ ആക്രമിച്ചപ്പോൾ ഉണ്ടായ ഒരു ബോംബാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നു. ജോയ്‍സിന് തന്‍റെ സഹോദരന്‍റെ ഓര്‍മ്മയ്ക്കായി എന്നെന്നേക്കുമായി സൂക്ഷിക്കാനുള്ള ചിത്രം സ്റ്റോണ്‍ഹഞ്ചിലേതായി എന്നത് യാദൃച്ഛികമായിരിക്കാം. 

"കഴിഞ്ഞ വർഷത്തെ ശരത്കാലത്തിൽ പരസ്‍പരം ചുംബിക്കുന്ന ദമ്പതികളുടെ ഒരു സെൽഫിയുമുണ്ട് അതിൽ." 1875 മുതലിങ്ങോട്ടുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തെ കുറിച്ച് ഫോട്ടോഗ്രാഫറായ മാർട്ടിൻ പാർ  പറയുന്നു. "വർഷങ്ങൾക്കുമുമ്പ് ഞാൻ സ്റ്റോൺഹെഞ്ചിന്‍റെ ഒരു ഫോട്ടോയെടുകാനായി ഇവിടെ വന്നിരുന്നു, ഇപ്പോൾ ഇതാ ഈ എക്സിബിഷനായി വീണ്ടും വന്നിരിക്കുന്നു. ആളുകൾ അയച്ച ചിത്രങ്ങൾ നോക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അതിൽ ബ്രിട്ടന്‍റെ ചരിത്രമുണ്ട്" എന്നും പാർ പറയുന്നു.

"ആളുകൾ നൂറ്റാണ്ടുകളായി സ്റ്റോൺഹെഞ്ച് സന്ദർശിക്കുന്നു, ഫോട്ടോഗ്രാഫിയുടെ ആദ്യനാളുകൾ മുതൽ തങ്ങളുടേയും തങ്ങളുടെ പ്രിയപ്പെട്ടവരുടേയും ചിത്രങ്ങൾ ഇവിടെ വച്ച് അവർ പകർത്തുന്നു. വർഷങ്ങളായി ആളുകൾ ഈ ശിലകളുമായി സംവദിക്കുന്നത് വളരെ ഹൃദയസ്പർശിയായ ഒരു കാര്യമാണ്" എന്നാണ് ഇംഗ്ലീഷ് ഹെറിറ്റേജിലെ ചരിത്രകാരനായ സൂസൻ ഗ്രീനി പറയുന്നത്.

ഏതായാലും ചരിത്രസ്‍മാരകങ്ങള്‍ വെറും ചരിത്രസ്‍മാരകങ്ങള്‍ മാത്രമല്ല, അതില്‍ ഒരുപാട് പേരുടെ കൂടിച്ചേരലിന്‍റെയും വേര്‍പിരിയലിന്‍റെയും സ്വകാര്യനിമിഷങ്ങളുടെയും ഓര്‍മ്മക്കളം കൂടിയാണ്. 

click me!