Latest Videos

ലാത്തി, തോക്ക്, ജലപീരങ്കി, തെറ്റാലി; ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ വെടിവച്ചിടുന്ന 'കേന്ദ്ര പൊലീസ്'

By Web TeamFirst Published Dec 16, 2019, 10:18 AM IST
Highlights

ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചിടത്തോളം ഇന്ത്യൻ പൊലീസിന് നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ വളരെ ലളിതമാണ്. 'ഏറ്റവും കുറഞ്ഞ ബലപ്രയോഗം'(Use of minimum force) എന്നതുതന്നെയാണ് നയം. 

നാട്ടിൽ ബഹുജനവികാരം, വിശേഷിച്ചും ഭരിക്കുന്ന ഗവണ്മെന്റിനെതിരെയുള്ള ജനരോഷം, അലയടിച്ചുയരുമ്പോൾ, തെരുവിലിറങ്ങി പോരാട്ടങ്ങൾ നയിക്കാൻ മജ്ജയും മാംസവുമുള്ള മനുഷ്യർ മുന്നിട്ടിറങ്ങേണ്ടി വരും. നമ്മളിൽ പലരും, നമ്മുടെ പ്രിവിലേജുകളിൽ അഭിരമിച്ചുകൊണ്ട്, അതിനൊന്നും മിനക്കെടാതെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടും, ട്വീറ്റുചെയ്തും കമന്റിട്ടും 'സോഫ്റ്റ്' പ്രതിഷേധങ്ങൾ നടത്തി സമാധാനപ്പെടുമ്പോൾ, 'അതുപോരാ, തെരുവിലിറങ്ങി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ച്, രാജ്യം മുഴുക്കെ കാണാൻ പാകത്തിന് പ്രതിഷേധജാഥകൾ നടത്തുക'തന്നെ വേണം എന്ന് കരുതുന്ന ചിലരുണ്ട്. എക്കാലവും അക്കൂട്ടത്തിൽ ഭൂരിപക്ഷവും അതാതുകാലത്തെ വിദ്യാർത്ഥികൾ തന്നെയാകും.

തങ്ങളുടെ കാമ്പസുകളുടെ സുരക്ഷിതത്വം വെടിഞ്ഞ് അവർ തെരുവുകളിലേക്കിറങ്ങും. അവരുയർത്തുന്ന സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ചരിത്രത്താളുകളിലേക്ക് ഓടിക്കയറും. ആ മുഖങ്ങൾ പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്നത് നമ്മളെയാണ്. നമ്മുടെ രോഷത്തെയാണ്. എന്നാൽ ഈ പ്രകടനങ്ങൾ പലപ്പോഴും അക്രമങ്ങളിലേക്ക് വഴുതിവീഴും. അത് പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ക്ഷണിച്ചു വരുത്തും. കലാപനിയന്ത്രണം എന്ന പേരിൽ പലപ്പോഴും പൊലീസ് കടുത്ത മർദ്ദനമുറകൾ തന്നെ ഉപയോഗിക്കും.

ലാത്തി, തോക്ക്, കണ്ണീർ വാതകം, ജലപീരങ്കി, തെറ്റാലി, പെല്ലറ്റ്, റബ്ബർ ബുള്ളറ്റ്, പേപ്പർ സ്പ്രേ, ടേസർ അങ്ങനെ പലവിധ മർദ്ദനോപകരണങ്ങളുടെയും ക്രൂരമായ പ്രയോഗത്തിന് ഈ പ്രക്ഷോഭകാരികൾ പലപ്പോഴും ഇരകളാകും. അക്രമം അഴിച്ചുവിട്ടവർ എപ്പോഴേ സ്ഥലം വിട്ടുകാണും. ഏറെ സംയമനത്തോടെ, തികച്ചും സമാധാനപരമായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിരപരാധികളായ സമരാനുകൂലികളായിരിക്കും മിക്കവാറും കേസുകളിൽ പൊലീസിന്റെ പ്രതികാര നടപടികൾക്കും, കലാപനിയന്ത്രണാഭ്യാസങ്ങൾക്കും വിധേയരാകുക. അങ്ങനെ പൊലീസ് മർദ്ദനമേൽക്കുന്നവരിൽ പലപ്പോഴും അംഗപരിമിതരും, സ്ത്രീകളും ഒക്കെയുണ്ടാകാറുണ്ട്.
 



ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചിടത്തോളം ഇന്ത്യൻ പൊലീസിന് നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ വളരെ ലളിതമാണ്. 'ഏറ്റവും കുറഞ്ഞ ബലപ്രയോഗം'(Use of minimum force) എന്നതുതന്നെയാണ് പ്രഖ്യാപിതനയം. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ കൂടാതെ വേണം അത്  സാധിക്കാൻ എന്നാണ് സങ്കൽപം. അതു പക്ഷേ നിയമപുസ്തകത്തിൽ പറയുന്നതാണ്. യഥാർത്ഥത്തിൽ നടക്കുന്നത് വേറെ..!  

അക്രമാസക്തം എന്ന് കരുതുന്ന ഒരു ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ എന്തുകൊണ്ട് പൊലീസ് പലപ്പോഴും കൊടിയ മർദ്ദനത്തിന് മുതിരുന്നു എന്നാലോചിക്കുന്നതിനു മുമ്പ്, ഒരു നിമിഷം ആൾക്കൂട്ടങ്ങളെപ്പറ്റിയുള്ള ഇന്നത്തെ ധാരണകളെന്തെന്നത് അന്വേഷിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. 'കലാപനിയന്ത്രണത്തിന് സജ്ജരായ പൊലീസ്' എന്ന സങ്കൽപം ആധുനിക ലോകത്ത് ഉടലെടുക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉടലെടുക്കുന്ന രാഷ്ട്രീയ അസ്ഥിരതയെ നേരിടാൻ അന്നത്തെ പൊലീസ് ശ്രമിക്കുന്ന കാലത്താണ്. ആൾക്കൂട്ടത്തിന്റെ പെരുമാറ്റരീതികളെപ്പറ്റി  അന്നത്തെ മനഃശാസ്ത്രജ്ഞർ എത്തിച്ചേർന്ന നിഗമനങ്ങളെ പിൻപറ്റിയാണ് ഇരുപതാം നൂറ്റാണ്ടിൽ വരെ കലാപനിയന്ത്രണത്തിനുള്ള പൊലീസ് ചട്ടങ്ങൾ രൂപം കൊണ്ടിട്ടുള്ളത്.  ആ നിഗമനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'മോബ് മെന്റാലിറ്റി' അഥവാ 'ആൾക്കൂട്ട മനഃശാസ്ത്രം' എന്ന സങ്കൽപം.  'സ്വതവേ സമാധാനപ്രിയരായ വ്യക്തികൾ ഒരു പൊതുവികാരത്തിന്റെ പേരിൽ സംഘം ചേരുമ്പോൾ ആ സംഘം അവരുടെ സ്വാഭാവികമായ ശാന്തസ്വഭാവം വെടിഞ്ഞ് അക്രമത്തിന് മുതിരും' എന്നാണ് അന്നത്തെ സാമൂഹ്യശാസ്ത്രജ്ഞർ എത്തിച്ചേർന്ന നിഗമനം. അതോടെ ആൾക്കൂട്ടത്തിൽ വ്യക്തികളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. അവരുടെ പൗരാവകാശങ്ങൾ ലംഘിച്ചാലും കുഴപ്പമില്ല എന്ന് വന്നു. അടിച്ചമർത്തേണ്ട എന്തോ ഒന്നായി ആ ആൾക്കൂട്ടം മാറി.

 



മേൽപ്പറഞ്ഞ ചിന്താഗതി, അതോടെ ആ ആൾക്കൂട്ടത്തിൽ ഏറ്റവും സമാധാനപരമായി സമരം നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെയും അതിലെ ഏറ്റവും അക്രമാസക്തമായ ആ ഒരു കല്ലേറുകാരനെയും ഒരു പോലെ കണ്ട്, രണ്ടുപേർക്കുമെതിരെ ഒരേ കർശന നടപടി സ്വീകരിക്കുക എന്ന ലളിതോക്തിയിലേക്കാണ് കാര്യത്തെ എത്തിച്ചത്. ശരിയാണ്, ആൾക്കൂട്ടത്തിന് ഒരു 'അനോണിമിറ്റി' ഉണ്ട്. അത് നൽകുന്ന സുരക്ഷിതത്വമുണ്ട്. എന്നിരുന്നാൽ പോലും, സാങ്കേതികവിദ്യ ഇത്രകണ്ട് പുരോഗമിച്ച ഇന്ന്, സിസിടിവി ദൃശ്യങ്ങളും, ഫേഷ്യൽ റെക്കഗ്നിഷനും, റെറ്റിനാ സ്കാനിങ്ങും മൊബൈൽ ഫോൺ റെക്കോർഡുകളും ഒക്കെ തെളിവുകൾ അവശേഷിപ്പിക്കുന്ന ഇക്കാലത്ത്, ഒരു ആൾക്കൂട്ടത്തിന്റെയും ഉള്ളിൽ ഒളിച്ചിരിക്കാൻ  അക്രമികൾക്ക് പണ്ടേപ്പോലെ കഴിയില്ല. അതുകൊണ്ടുതന്നെ, ഇന്നത്തെ കാലത്ത് അക്രമാസക്തരായ പ്രക്ഷോഭകാരികളുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. ഉണ്ടെങ്കിൽ തന്നെ അവരെ ഏറെക്കുറെ കൃത്യമായിത്തന്നെ സമാധാന കാംക്ഷികളിൽ നിന്ന് വേർതിരിച്ചറിയാനും സാധിക്കും. പ്രശ്നം അതല്ല. പൊലീസിന് പട്ടാളമനോഭാവം വന്ന് ചേരുന്നതാണ് വിഷയം. മുന്നിൽ നിൽക്കുന്നത് സ്വന്തം രാജ്യത്തെ പൗരന്മാർ തന്നെയാണെന്ന കാര്യം അവർ മറന്നു പോകുന്നു. അതിർത്തിയിൽ ശത്രുരാജ്യത്തെ ഭടന്മാരോട് പൊരുതുന്ന അതേ വീറോടെ അവർ സ്വന്തം നാട്ടിലെ കുഞ്ഞുങ്ങളോടും എതിരിടുന്നു. അങ്ങനെ വരുമ്പോൾ പിന്നെ അവരുടെ ഇടപെടലുകളിൽ മയം പ്രതീക്ഷിക്ക വയ്യല്ലോ..!

 


എൺപതുകളിൽ ബ്രിട്ടനിൽ നടന്ന ഒരു പൊതുജന പ്രക്ഷോഭത്തിലാണ്, ഈ പതിനെട്ടാം നൂറ്റാണ്ടിൽ അടിയുറച്ചു പോയ 'മോബ് മെന്റാലിറ്റി' സിദ്ധാന്തത്തിന് വിരുദ്ധമായ നിരീക്ഷണങ്ങൾ സൈക്കോളജിസ്റ്റുകൾ നടത്തുന്നത്. ആ സമരത്തെ സശ്രദ്ധം നിരീക്ഷിച്ച അവർ ഒരു കാര്യം ശ്രദ്ധിച്ചു. ചിലപ്പോഴൊക്കെ ഒരു ടിപ്പിക്കൽ ആൾക്കൂട്ടമായി പ്രക്ഷോഭകാരികൾ പ്രതികരിച്ചു എന്നത് ശരിതന്നെ. എന്നാൽ അക്രമം പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയപ്പോൾ, തങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെ ചില ഒറ്റപ്പെട്ട അക്രമകാരികൾ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചത് കണ്ടപ്പോൾ അവരെ ശാസിക്കാനും പിന്തിരിപ്പിക്കാനും പ്രക്ഷോഭകാരികൾക്കിടയിൽ നിന്നുതന്നെ ശബ്ദങ്ങളുയർന്നു.

ഇതുസംബന്ധിച്ച്, സാമൂഹ്യ നിരീക്ഷകനായ വോൺ ബെല്ലിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. 2011 -ലെ യുകെ കലാപങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ഒരു ബിഹേവിയർ മോഡൽ ഉണ്ടാക്കിയിരുന്നു.  നിങ്ങൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ് എന്ന് കരുതുക. ബസ്സിൽ പല പ്രായത്തിലുള്ള പല പ്രകൃതക്കാർ ഉണ്ടാകും. മുതിർന്നവർ, മധ്യവയസ്കർ, ചെറുപ്പക്കാർ. ഓരോരുത്തരുടെയും സ്വഭാവവും ഇഷ്ടാനിഷ്ടങ്ങളും പ്രതികരണരീതികളും ഒക്കെ വ്യത്യസ്തമായിരിക്കും. എന്നാൽ ആ ബസ്സിന്‌ നേരെ പുറത്തു നിന്ന് ഒരു അക്രമണമുണ്ടായാൽ അതൊക്കെ വെടിഞ്ഞ് നിങ്ങൾ ഒറ്റക്കെട്ടായി ആ ആക്രമണത്തെ ചെറുത്തിരിക്കും. അവിടെ നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിപരമായ സവിശേഷതകൾ നഷ്ടപ്പെടുന്നില്ല, ഒരു ഭീഷണിക്ക് പ്രതികരണമെന്നോണം താത്കാലികമായി പുതിയതൊന്ന് ആർജ്ജിച്ചു എന്ന് മാത്രം.

അവിടെയാണ് പൊലീസിന്റെ 'പട്ടാളവൽക്കരണം' പ്രശ്‌നമാകുന്നത്. ഹെൽമെറ്റും, പടച്ചട്ടയും, ലാത്തിയും, കയ്യിൽ ഒരു ഷീൽഡും, ടിയർ ഗ്യാസും, ഗ്രനേഡും, ജലപീരങ്കിയും ഒക്കെയായി ഒരു ആൾക്കൂട്ടത്തെ നേരിടാൻ ഒരുമ്പെട്ടുചെല്ലുന്ന പൊലീസിനെ സംബന്ധിച്ചിടത്തോളം ആ ആൾക്കൂട്ടം ഒരു 'സിംഗിൾ എന്റിറ്റി' ആയി മാറുന്നു. അതിലെ ഓരോ വ്യക്തിയും അവർക്ക് തുല്യരായി മാറുന്നു. ഒരാൾ പ്രവർത്തിക്കുന്ന അക്രമം എല്ലാവരുടെയും ഉത്തരവാദിത്തമായി മാറുന്നു. അവരെല്ലാം തന്നെ ഈ പൊലീസിന്റെ ശത്രുക്കളായി മാറുന്നു. ജനക്കൂട്ടത്തിൽ നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട അക്രമങ്ങൾക്ക് എതിരെ ആ ജനക്കൂട്ടത്തെ ഒന്നടങ്കം അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ട് പൊലീസ് പ്രത്യാക്രമണം തുടങ്ങുമ്പോൾ, പിന്നെ സംഭവിക്കുന്നത് നേരത്തെ പറഞ്ഞ ബസ്സിലെ കാര്യമാണ്. പൊലീസിന്റെ അടി കിട്ടുന്നതോടെ നേരത്തെ അക്രമം തുടങ്ങി വെച്ച നാലോ അഞ്ചോ അക്രമകാരികൾക്ക് പിന്നിൽ, അത്രയും നേരം ശാന്തസ്വഭാവികളായി സമരം ചെയ്തുകൊണ്ടിരുന്ന ആൾക്കൂട്ടം മൊത്തമായി അണിനിരക്കുകയായി. അവരെപ്പോലെ തന്നെ അക്രമങ്ങൾ പ്രവർത്തിക്കുകയായി. അത് ആ നിമിഷം മുതൽ ഒരു ബാഹ്യശക്തിയോടുള്ള പ്രതിരോധമായി പരിണമിക്കുകയാണ്.

2009 -ൽ യുകെയിലെ തെരുവുകളിൽ നടന്ന മറ്റൊരു കലാപത്തെപ്പറ്റി ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ക്ലിഫ്‌ഫോർഡ് സ്‌കോട്ട് നടത്തിയ ഒരു നിരീക്ഷണമുണ്ട്. അദ്ദേഹം പറയുന്നത്, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമാസക്തമായ പ്രതികരണം ഒറ്റയടിക്ക് ആ ആൾക്കൂട്ടത്തിന്റെ പ്രകൃതത്തെ മാറ്റിമറിച്ചു എന്നാണ്.  അത് അത്രനേരം ചെറിയ ചെറിയ സംഘങ്ങളായി വിഘടിച്ചു നിന്ന ആ പ്രക്ഷോഭകാരികളെ ഒറ്റയടിക്ക് ഒരു വലിയ ആൾക്കൂട്ടമാക്കി മാറ്റി. അതോടെ അത് പതിന്മടങ്ങ് ശക്തിയാർജ്ജിച്ചു. മോബ് മെന്റാലിറ്റി ഇല്ലാതിരുന്ന ആ സംഘത്തിൽ മോബ് മെന്റാലിറ്റി ആരോപിച്ചുകൊണ്ട് അവരെ ആക്രമിച്ച പൊലീസ് സംഘത്തിന്, പിന്നീട് കാണാൻ സാധിച്ചത് യഥാർത്ഥത്തിൽ മോബ് മെന്റാലിറ്റിയോടുകൂടി പ്രതികരിക്കുന്ന ഒരു അക്രമി സംഘത്തെയാണ്. അത് പൊലീസിന്റെ പ്രതികരണങ്ങളെ വീണ്ടും കർക്കശമാക്കി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കാർക്കശ്യം ആ ആൾക്കൂട്ടത്തിന്റെ അക്രമപ്രവണത വീണ്ടും ഇരട്ടിപ്പിച്ചു. അങ്ങനെ അതൊരു ചെയിൻ റിയാക്ഷനായി മാറി. ചുരുക്കത്തിൽ, എളുപ്പത്തിൽ നിയന്ത്രിക്കാവുന്ന ഒരു സാഹചര്യത്തെ അത്രയ്ക്ക് വഷളാക്കിയത് തുടക്കത്തിൽ പൊലീസ് കാണിച്ച അവധാനതക്കുറവാണ് എന്നർത്ഥം.

ഈ നിരീക്ഷണങ്ങൾ പകർന്ന ഉൾക്കാഴ്ചയാണ് അമേരിക്കൻ/ബ്രിട്ടീഷ് പൊലീസ് ഡിപ്പാർട്ടുമെന്റുകൾ നടപ്പിലാക്കാൻ ശ്രമിച്ച 'ക്രൗഡ് പൊലീസ്' എന്ന സങ്കല്പത്തിന്റെ ആധാരം. കഴിയുന്നത്ര കുറഞ്ഞ രീതിയിൽ ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചുകൊണ്ട്, പരമാവധി ആ ആൾക്കൂട്ടത്തിന്റെ ദൗർബല്യങ്ങളെ മുതലെടുത്തുകൊണ്ട്, എത്രയും പെട്ടന്ന് ആൾക്കൂട്ടത്തെ വിഘടിപ്പിക്കാനും, പിരിച്ചുവിടാനും ശ്രമിക്കുക എന്നതായിരുന്നു ആ സങ്കൽപം. 'ഗ്രേഡഡ്' ഇന്റർവെൻഷൻ അപ്പ്രോച്ച് എന്നതായിരുന്നു  അവരുടെ അടിസ്ഥാനപരമായ സമീപനം. അതായത് എവിടെയെങ്കിലും ആളുകൾ തടിച്ചുകൂടി, പ്രകടനങ്ങൾ നടത്തുന്നു എന്നറിഞ്ഞാൽ, ആ പ്രകടനങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുണ്ട് എന്നറിഞ്ഞാൽ, അവിടേക്ക് ആദ്യം തന്നെ ഡിപ്ലോയ് ചെയ്യപ്പെടുന്നത് പ്‌ളെയിൻ യൂണിഫോമിലുള്ള സാധാരണ പൊലീസുകാർ മാത്രമാകും.  ആദ്യം തന്നെ ഹെൽമെറ്റും, ഗാർഡും, ഷീൽഡും, ബാറ്റണും ഒന്നും കാണിച്ച് പ്രക്ഷോഭകാരികളെ പ്രകോപിതരാക്കേണ്ട കാര്യമില്ല എന്നതാണ് നയം. രണ്ടാമതായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ആൾക്കൂട്ടത്തിൽ അക്രമങ്ങൾക്ക് മുതിരുന്നവരെ ഒറ്റപ്പെടുത്തി ആ ജനക്കൂട്ടത്തിൽ നിന്ന് വേർപിരിച്ച് കസ്റ്റഡിയിലെടുക്കുക. ഒടുവിൽ, ഒരു നിവൃത്തിയുമില്ല എന്ന് വരുന്ന ഘട്ടത്തിൽ മാത്രം, ഫുള്ളി ആംഡ് ആയ റയട്ട് പൊലീസിനെ നിയോഗിക്കുക. ഈ തത്വങ്ങൾ 2004 -ലെ സോക്കർ കലാപങ്ങളിൽ പൊലീസ് നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഫലങ്ങൾ ഏറെ പ്രത്യാശാജനകമായിരുന്നു. ഒരൊറ്റ അക്രമിയെ മാത്രമാണ് അവർക്ക് കസ്റ്റഡിയിൽ എടുക്കേണ്ടി വന്നത്. ലാത്തിച്ചാർജ് നടത്തേണ്ടി വന്നതുമില്ല.

 



ഇത്രയും പറഞ്ഞതിന്, ആൾക്കൂട്ടങ്ങൾ ഇപ്പോഴും സൗമ്യസ്വഭാവത്തിലുള്ളതാണ് എന്നർത്ഥമില്ല. അക്രമികളെ നേരിടാൻ നിയുക്തരാകുന്ന പൊലീസിന് വേണ്ട സുരക്ഷാസംവിധാനങ്ങൾ നൽകേണ്ട എന്നുമല്ല. നേരിടുന്നത് നമ്മുടെ കൂടെപ്പിറപ്പുകളെത്തന്നെയാണ് എന്ന ബോധ്യം പൊലീസിന് ഉണ്ടാവണം എന്നത് മാത്രമാണ്. പൊലീസിനെ പട്ടാളവത്കരിച്ചാൽ, ആൾക്കൂട്ട നിയന്ത്രണത്തിന്റെ ആദ്യപടിയായിത്തന്നെ ലാത്തിച്ചാർജ്ജ്, കണ്ണീർ വാതകം, ജലപീരങ്കി എന്നിങ്ങനെയുള്ള മാർഗ്ഗങ്ങൾ അവലംബിച്ചാൽ അത് ജനക്കൂട്ടത്തെ കൂടുതൽ അക്രമാസക്തമാക്കാൻ മാത്രമേ ഉപകരിക്കൂ.

സമാധാനപൂർണ്ണമായ പ്രതിഷേധങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെയും അവരിലേക്ക് നുഴഞ്ഞു കയറുന്ന സാമൂഹ്യവിരുദ്ധരെയും തമ്മിൽ വേർതിരിച്ചറിയാൻ ശ്രമിക്കാതെ അവരെ ഒരുപോലെ കണ്ട് അടിച്ചമർത്താനിറങ്ങിയാൽ, വിദ്യാർഥികൾ കൂടി അക്രമികളായി മാറുകയാണുണ്ടാവുക. യാതൊരു വിവേചനബുദ്ധിയും കൂടാതെ,  നമ്മുടെ സർവകലാശാലകളിൽ ശത്രുരാജ്യത്തെന്ന പോലെ ഇരച്ചുകയറി, വിദ്യാർത്ഥികൾക്ക് ജീവാപായമുണ്ടാക്കാൻ തക്കവണ്ണം ക്രൂരമായി ലാത്തിച്ചാർജ്ജ് നടത്തിയാൽ, പോലീസിനോട് അവരും അതേ നാണയത്തിൽ തന്നെ പ്രതികരിച്ചെന്നിരിക്കും. അത് നാളെ നാടിനെക്കൊണ്ടുചെന്നെത്തിക്കുക ആഭ്യന്തര കലാപത്തിലേക്കാവും. ഒരു ആഭ്യന്തരകലാപമല്ല എന്തായാലും നമ്മുടെ നാടിൻറെ പ്രശ്നങ്ങൾക്കുള്ള പരിഹാരം. 

click me!