പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും; തിരിച്ചറിയണം ഇവ തമ്മിലുള്ള ബന്ധവും വ്യത്യാസവും

By Web TeamFirst Published Dec 16, 2019, 11:01 AM IST
Highlights

പ്രധാന വ്യത്യാസമിതാണ്. CAB എന്ന സങ്കല്പത്തിന്റെ ആധാരം മതമാണ്. NRC യ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ല.  

ഇക്കഴിഞ്ഞ ഡിസംബർ 11 -ന് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതോടെ ആരംഭിച്ച പ്രക്ഷോഭങ്ങൾ അടങ്ങുന്ന മട്ടില്ല. ഈ ബിൽ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ക്രിസ്ത്യൻ, ബുദ്ധ മതവിഭാഗങ്ങളിൽ പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ തീർക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്നിരിക്കെ, അത് 2018 -ൽ അസമിൽ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ എന്ന സങ്കല്പത്തിന് കടകവിരുദ്ധമാകും എന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.

ഈ വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന ചർച്ചകളിൽ പലപ്പോഴും CAB, NRC എന്നിവ പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിച്ച് കാണുന്നുണ്ട്.  

എന്താണ് NRC ?

NRC അഥവാ  ദേശീയ പൗരത്വ രജിസ്റ്റർ എന്നത് 1971 മാർച്ച് 24 -ന് മുമ്പായി ഇന്ത്യയിൽ വന്ന് സ്ഥിരതാമസമാക്കിയവരുടെ രജിസ്റ്റർ ആണ്. 2018 -ലാണ് അതിന്റെ അന്തിമരൂപം അംഗീകരിക്കപ്പെട്ടത്.  ഇത് അസമിലെ ജനങ്ങൾക്ക് മാത്രം ബാധകമായ ഒരു കാര്യമാണ്. ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കപ്പെടണമെങ്കിൽ അവിടുത്തുകാർക്ക് ഒരു കാര്യം തെളിയിച്ചേ പറ്റൂ. തങ്ങളോ തങ്ങളുടെ പൂർവികരോ മേൽപ്പറഞ്ഞ കട്ട് ഓഫ് ഡേറ്റിനു മുമ്പ് ഇന്ത്യൻ മണ്ണിൽ വന്ന് അഭയം പ്രാപിച്ചവരാണ് എന്ന്.

CAB'മായുള്ള വ്യത്യാസം

പ്രധാന വ്യത്യാസമിതാണ്. CAB എന്ന സങ്കല്പത്തിന്റെ ആധാരം മതമാണ്. NRC യ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. ഇതുതന്നെയാണ് പ്രശ്നങ്ങൾക്ക് കാരണമാവുന്നതും. ഇങ്ങനെ മതാടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ് എന്നാണ് സമരം ചെയ്യുന്നവർ ആക്ഷേപിക്കുന്നത്. ഗോത്രവർഗക്കാരായ അസം നിവാസികളുടെ പ്രധാനഭയമെന്നത് NRC യിലൂടെ തങ്ങൾ നേടിയെടുത്തത് CAB എന്ന പാൻ ഇന്ത്യൻ നയത്തിലൂടെ നഷ്ടപ്പെടുമോ എന്നാണ്. NRC എന്നത് അസമിനെ മാത്രം ബാധിക്കുന്ന ഒന്നാകുമ്പോൾ, CAB രാജ്യവ്യാപകമായി നടപ്പിലാക്കപ്പെടാൻ പോകുന്ന ഒരു നയമാണ്. NRC നടപ്പിലാക്കപ്പെടുമ്പോൾ ജാതിമത പരിഗണനകൾക്ക് അതീതമായി അനധികൃത കുടിയേറ്റക്കാർ അസമിൽ നിന്ന് പുറത്താക്കപ്പെടും എന്ന് കരുതിയിരുന്ന തദ്ദേശീയ ജനത ഇപ്പോൾ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത് CAB ആ സാധ്യതയെ അട്ടിമറിക്കും, അനധികൃത കുടിയേറ്റക്കാരിൽ അമുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകി അസമിലെ സ്ഥിരതാമസക്കാരായി അംഗീകരിക്കും എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്.

എന്ന് മാത്രമല്ല, NRC പ്രകാരം 1971 നു മുമ്പ് ഇന്ത്യയിൽ എത്തിയവർക്ക് മാത്രം പൗരത്വം നൽകുമ്പോൾ, CAB ആ കട്ട് ഓഫ് ഡേറ്റിനെ 43 വർഷംകൂടി നീട്ടി 2014 എന്നാക്കിയിരിക്കുന്നു. NRC യിൽ ഒഴിവാക്കപ്പെട്ട 19 ലക്ഷം പേരിൽ 5 ലക്ഷം അമുസ്ലിങ്ങൾക്ക് മാത്രമാണ് CAB കൊണ്ട് ഗുണമുണ്ടാകാൻ പോകുന്നത് എന്നും അത് അസമിന്റെ ജനസംഖ്യാ പ്രാതിനിത്യത്തെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് കേന്ദ്രം പറയുമ്പോഴും, തദ്ദേശീയരായ ഗോത്രവർഗ ജനത അത് വിശ്വാസത്തിലെടുക്കാൻ തയ്യാറല്ല എന്നതാണ് CAB വിരുദ്ധ സമരങ്ങൾ ഇപ്പോഴും അസമിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. 
 

click me!