യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് ഇതിലും മനോഹരമായി ആര് പറയും?

By Web TeamFirst Published Apr 19, 2019, 12:20 PM IST
Highlights

അങ്ങനെ ഒരു ദിവസം അവർ എബിയുടെ അപ്പനെയും അമ്മയെയും സ്‌കൂളിലേക്ക് വിളിപ്പിച്ചു. അവരോട് മേരി ടീച്ചർ പറഞ്ഞു, "എബി ശരിക്കും ഒരു സ്‌പെഷൽ സ്‌കൂളിൽ പഠിക്കേണ്ട കുട്ടിയാണ്. ഇവിടെ എന്റെ ക്‌ളാസിൽ ഇരുത്തി അവനെ പഠിപ്പിക്കുന്നത് മറ്റുള്ള കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രവുമല്ല, എബി എന്റെ ക്‌ളാസിലെ മറ്റെല്ലാ കുട്ടികളെക്കാളും അഞ്ചുവയസ്സെങ്കിലും മൂത്തതുമാണ്.." 

ഇത് ഈസ്റ്ററിനെക്കുറിച്ചുള്ള ഒരു കഥയാണ്. എബി എന്ന ബാലന്റെ കഥ... തന്റെ ക്‌ളാസിലെ മറ്റുള്ള കുട്ടികളെപ്പോലെ ആയിരുന്നില്ല എബി.  ചെറുതായൊന്ന് വീണാൽപ്പോലും അസ്ഥികൾ നുറുങ്ങുന്ന ഒരു അപൂർവ രോഗത്തിന് അടിമയായിരുന്നു എബി ദേവസ്യ. നടക്കാൻ തുടങ്ങുന്ന പ്രായത്തിനിടെ പലപ്പോഴായി വീണ് ഒടിഞ്ഞ് നേരാം വണ്ണം ചേരാതിരുന്ന  അസ്ഥികൾ അവന്റെ ദേഹത്ത് പലയിടത്തായി മുഴച്ചു നിന്നിരുന്നു. വേച്ചുവേച്ചായിരുന്നു നടത്തം. മറ്റുള്ള കുട്ടികളെപ്പോലെ വേഗത്തിൽ ചിന്തിക്കാനോ കണക്കുകൂട്ടാനോ അവന് സാധിക്കില്ലായിരുന്നു. അവൻ പതുക്കെ തന്റെ ആസന്നമായ മരണത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞിരുന്നു.  എന്നിട്ടും, അവൻ കുറേക്കാലം കൂടി ജീവിച്ചു. 

മറ്റുള്ള കുട്ടികളെപ്പോലെ അവനെയും സ്‌കൂളിൽ വിടാൻ അവന്റെ അപ്പനും അമ്മയും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അവർ അവനെ അടുത്തുള്ള സെന്റ് തെരേസാസ് സ്‌കൂളിൽ ചേർക്കുന്നത്. പന്ത്രണ്ടു വയസ്സ് പ്രായമുണ്ടായിരുന്നു അവന്. പക്ഷേ, അസുഖം കാരണം സ്‌കൂളിൽ പോക്ക് എബിക്ക് പലപ്പോഴായി നിർത്തിവെക്കേണ്ടി വന്നിരുന്നു.  അതുകൊണ്ട് അവൻ രണ്ടാം ക്ലാസിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അവന്റെ ക്‌ളാസ് ടീച്ചർ മേരിക്ക് ക്‌ളാസ് മുറിയിലെ അവന്റെ സാന്നിധ്യം വളരെ അരോചകമായി തോന്നിയിരുന്നു. കാരണം, മറ്റുള്ള കുട്ടികളെപ്പോലെ അടങ്ങിയിരിക്കാൻ അവനു കഴിയില്ല. എപ്പോഴും സീറ്റിലിരുന്ന ഞെളിപിരി കൊള്ളും. ഇടക്കൊക്കെ വല്ലാത്തൊരു മൂളൽ ശബ്ദം പുറപ്പെടുവിക്കും. എന്നാൽ, ചിലപ്പോഴൊക്കെ ബോധോദയം വന്നിട്ടെന്നപോലെ തെളിഞ്ഞ പ്രജ്ഞയോടെ സംസാരിക്കുകയും ചെയ്യും. എന്നാലും, ആകെ മൊത്തം ടീച്ചറിന് ഒരു ശല്യമായിരുന്നു എബി. 

അങ്ങനെ ഒരു ദിവസം അവർ എബിയുടെ അപ്പനെയും അമ്മയെയും സ്‌കൂളിലേക്ക് വിളിപ്പിച്ചു. അവരോട് മേരി ടീച്ചർ പറഞ്ഞു, "എബി ശരിക്കും ഒരു സ്‌പെഷൽ സ്‌കൂളിൽ പഠിക്കേണ്ട കുട്ടിയാണ്. ഇവിടെ എന്റെ ക്‌ളാസിൽ ഇരുത്തി അവനെ പഠിപ്പിക്കുന്നത് മറ്റുള്ള കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രവുമല്ല, എബി എന്റെ ക്‌ളാസിലെ മറ്റെല്ലാ കുട്ടികളെക്കാളും അഞ്ചുവയസ്സെങ്കിലും മൂത്തതുമാണ്.." 

കൈലേസുകൊണ്ട് കണ്ണുതുടച്ച് എബിയുടെ അമ്മ പതിഞ്ഞ സ്വരത്തിൽ കരഞ്ഞു. അവരുടെ കയ്യിൽ ഇറുക്കിപ്പിടിച്ചു കൊണ്ട് അവന്റെ അപ്പൻ ടീച്ചറോട് ഉറച്ച സ്വരത്തിൽ പറഞ്ഞു, " മേരിട്ടീച്ചറേ.. അറിയാം.. ഞങ്ങൾക്ക് നിങ്ങൾ പറയാതെ തന്നെ അത് നന്നായി അറിയാം.. പക്ഷേ  അങ്ങനെ ഒരു സ്‌കൂൾ ഈ പ്രദേശത്തെങ്ങും ഇല്ല. അതു മാത്രമല്ല, കൂട്ടുകാരിൽ നിന്നും പറിച്ചു മാറ്റിയാൽ എന്റെ കുഞ്ഞിനത്  സഹിക്കാൻ പറ്റില്ല.. " 

അവരെ പറഞ്ഞയച്ച ശേഷവും മേരി ഏറെ നേരം അതുതന്നെ ഓർത്തുകൊണ്ടിരുന്നു. പുറത്ത് മഞ്ഞു പെയ്യാൻ തുടങ്ങിയിരുന്നു. ആ മഞ്ഞിന്റെ മരവിപ്പ് അവരുടെ ആത്മാവിലേക്കും ആവേശിക്കാൻ തുടങ്ങി. 

എബിയോടും അവന്റെ അച്ഛനമ്മമാരോടും അവർക്ക് സഹതാപം തോന്നിയിരുന്നു. പക്ഷേ, അതേ സമയം, അവനെ ആ ക്ലാസിൽ നിലനിർത്തുന്നത് മറ്റുള്ള കുട്ടികളോട് ചെയ്യുന്ന അനീതിയാണെന്നും അവർക്ക് തോന്നി. പതിനെട്ടു കുട്ടികളെ പഠിപ്പിക്കുന്നതിനിടെ എബി അവർക്ക് എന്നും ഒരു ശല്യമായിരുന്നു. എന്നുമാത്രമല്ല, അവനൊരിക്കലും പഠിക്കാൻ കഴിയുമായിരുന്നില്ല. പിന്നെന്തിന് അവന്റെ മേൽ തന്റെ നേരം പാഴാക്കണം. അതും, മറ്റുള്ള കുട്ടികൾക്ക് കൊടുക്കേണ്ട നേരം. 

ഏറെ നേരം അതൊക്കെ ഓർത്തിരുന്ന ശേഷം മേരി  ദൈവത്തെ വിളിച്ചു.. "ദൈവമേ.. " അവർ പറഞ്ഞത് അല്പം ഉറക്കെത്തന്നെയായിരുന്നു.. "എന്റെ പരിവേദനങ്ങൾ അങ്ങ് കേൾക്കില്ലേ? ക്ലാസ് മുറിയിലെ എന്റെ വിഷമങ്ങൾ ആ കുടുംബം അനുഭവിക്കുന്ന സങ്കടങ്ങൾക്ക് മുന്നിൽ ഒന്നുമല്ലെന്നെനിക്കറിയാം.. എനിക്ക് എബിയോട് ഇനിയും ക്ഷമയോടെ ഇടപെടാനുള്ള ശക്തി തരേണമേ..!" 

അന്നുമുതൽ മേരി ടീച്ചർ ക്‌ളാസ് മുറിയിലെ എബിയുടെ മൂളൽശബ്ദങ്ങളും, ഞെളിപിരികളും തുറിച്ചു നോട്ടങ്ങളും എല്ലാം അവഗണിക്കാൻ ശ്രമിച്ചു തുടങ്ങി. ഒരു ദിവസം എബി ഏന്തിയേന്തി അവരുടെ മേശയ്കരികിലെത്തി.  എന്നിട്ട് പറഞ്ഞു, " മേരിട്ടീച്ചർ   ടീച്ചറെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. "  ക്ലാസ് മൊത്തം കേൾക്കാൻ പാകത്തിന് നല്ല ഉച്ചത്തിലായിരുന്നു എബിയുടെ പ്രഖ്യാപനം. ക്ലാസ്സിലെ മറ്റുള്ള കുട്ടികൾ അടക്കിച്ചിരിക്കാൻ തുടങ്ങി. മേരിടീച്ചറിന്റെ മുഖം ചുവന്നു തുടുത്തു. ചെറിയ ഒരു വിക്കലോടെ അവർ മറുപടി പറഞ്ഞു. " എ.. എന്ത്.. നല്ല കാര്യം എബി.. ഇനി പോയി സീറ്റിൽ ഇരിക്കൂ.. " 

വസന്തകാലം വരവായി. അടുത്തുവരുന്ന ഈസ്റ്ററിനെച്ചൊല്ലി ഏറെ ആവേശത്തിലായിരുന്നു ക്‌ളാസ്സിലെ കുട്ടികളെല്ലാം തന്നെ. അവർക്ക് മേരി ടീച്ചർ യേശു മിശിഹായുടെ കഥ പറഞ്ഞു കൊടുത്തു. ജീവന്റെ പുതിയ തുടിപ്പുകൾ തളിർത്തുവരുന്നതിനെപ്പറ്റി കുട്ടികൾക്ക് മനസ്സിലാവാൻ വേണ്ടി അവർ ഓരോരുത്തർക്കും ഓരോ പ്ലാസ്റ്റിക് മുട്ടകൾ വീതം കൊടുത്തു ടീച്ചർ. എന്നിട്ട് പറഞ്ഞു, " കുട്ടികളേ.. നിങ്ങൾ ഇത് ഇന്ന് വീട്ടിൽ കൊണ്ടുപോയി നാളെ തിരിച്ചു വരുമ്പോൾ ഇതിനുള്ളിൽ ജീവന്റെ പുതിയ തുടിപ്പുകൾ തളിർക്കുന്നതിനെ സൂചിപ്പിക്കുന്ന എന്തെങ്കിലുമൊരു സാധനവും വെച്ച് തിരിച്ചു കൊണ്ടു വരണം. 

"ശരി മേരി ടീച്ചർ.... " കുട്ടികൾ കോറസ്സായി മറുപടി പറഞ്ഞു. എബി മാത്രം ഒന്നും പറഞ്ഞില്ല. അവൻ മിണ്ടാതെ കേട്ടുകൊണ്ടിരുന്നു. മേരി ടീച്ചറിന്റെ  മുഖത്ത് നിന്നും കണ്ണെടുക്കാതെ.. സ്ഥിരം പുറപ്പെടുവിക്കുന്ന മൂളക്കങ്ങളൊന്നും തന്നെയില്ലാതെ. 

യേശു മിശിഹായുടെ മരണത്തെപ്പറ്റിയും, ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റിയും ഒക്കെ താൻ പറഞ്ഞതെന്തെന്ന് എബിയ്ക്ക് മനസ്സിലായിട്ടുണ്ടാവുമോ..? ആ അസൈൻമെന്റ് എന്താണെന്ന് അവന്  തിരിഞ്ഞിട്ടുണ്ടാവുമോ..?  എന്തായാലും അവന്റെ അച്ഛനമ്മമാരെ ഒന്ന് വിളിച്ച് കാര്യം വിശദമായി പറഞ്ഞേക്കാം എന്ന് മേരി ടീച്ചർ കരുതി. 

അന്ന് വൈകുന്നേരം വീട്ടിൽ ചെന്നപ്പോഴാണ് തന്റെ കിച്ചൻ സിങ്ക് ബ്ലോക്കായ കാര്യം മേരി ടീച്ചറിന്റെ ശ്രദ്ധയിൽ പെടുന്നത്. അതോടെ കാര്യങ്ങളൊക്കെ അവതാളത്തിലായി. ഹൗസോണറെ വിളിച്ചു പറഞ്ഞ്, അയാൾ ഒരാളെ വിട്ട്, ആ പ്രശ്നം പരിഹരിച്ചു വന്നപ്പോഴേക്കും നേരം വൈകി. മാർക്കറ്റിൽ ചെന്ന് സാധനങ്ങൾ ചിലതൊക്കെ വാങ്ങി, അടുത്ത ദിവസത്തേക്കുള്ള ബ്ലൗസും തേച്ചു വെച്ച്, ഡിക്ടേഷനുള്ള വാക്കുകൾ കണ്ടുപിടിച്ച് എഴുതി വെച്ചപ്പോഴേക്കും നേരം വൈകി. അവർ എബിയുടെ അച്ഛനമ്മമാരെ വിളിക്കേണ്ടതിനെപ്പറ്റി മറന്നുപോയി. കേറിക്കിടന്നതും ഉറക്കം പിടിച്ചു. 

അടുത്ത ദിവസം പത്തൊമ്പത് കുട്ടികൾ കളിച്ചും ചിരിച്ചും ക്‌ളാസിൽ വന്ന് മേരി ടീച്ചറിന്‍റെ മേശപ്പുറത്ത് തങ്ങളുടെ ഈസ്റ്റർ  മുട്ടകൾ തിരികെ വെച്ചു. എല്ലാവരുടെ മുഖത്തും തങ്ങളുടെ അസൈന്മെന്റിനെപ്പറ്റിയുള്ള സന്തോഷം അലയടിച്ചിരുന്നു. 

കണക്കിന്റെ പിരീഡ് കഴിഞ്ഞപ്പോഴാണ് മുട്ടകൾ തുറക്കാനായി മേരി ടീച്ചർ ക്‌ളാസിൽ വരുന്നത്. ആദ്യത്തെ മുട്ട തുറന്നപ്പോൾ ടീച്ചർക്ക് ഒരു പൂവാണ് കിട്ടിയത്. "അടിപൊളി.. പൂ.. ജീവന്റെ സ്ഫുരണമാണ് ഒരു പൂവ്.. " അവർ പറഞ്ഞു, " മണ്ണിനടിയിൽ നിന്നും തളിരുകൾ പുറം ലോകത്തേക്ക് മുള പൊട്ടി വരുമ്പോഴാണ് വസന്തം വന്നുവെന്ന്  നമ്മൾ അറിയുന്നത്.." ഫസ്റ്റ് ബെഞ്ചിൽ ഇരുന്ന ഒരു അനിറ്റ് കൈ പൊക്കിക്കൊണ്ട് പറഞ്ഞു, "മിസ്.. അതെന്റെ മുട്ടയാണ്.." 

അടുത്ത മുട്ടയിൽ ഒരു പ്ലാസ്റ്റിക് പൂമ്പാറ്റയായിരുന്നു. കണ്ടാൽ ശരിക്കുള്ള പൂമ്പാറ്റയാണെന്നേ പറയൂ.. "കൊള്ളാം.. നമുക്കൊക്കെ അറിയാലോ.. പ്യൂപ്പ വളർന്നാണ് സുന്ദരിയായ പൂമ്പാറ്റയായി മാറുന്നത്. അതും പുതു ജീവൻ തന്നെ.. " ഏയ്ഞ്ചൽ മേരി ചാടിയെണീറ്റു പുഞ്ചിരി തൂക്കിക്കൊണ്ട് അഭിമാനത്തോടെ പറഞ്ഞു.. "മേരി ടീച്ചർ  ഇത് എന്റേതാണ്.." 

അടുത്ത മുട്ടയിൽ, പായൽ പിടിച്ച ഒരു കല്ലായിരുന്നു. പായലും പുതുജീവനെ സൂചിപ്പിക്കുന്നു. മേരി ടീച്ചർ പറഞ്ഞു. യോഹന്നാൻ എഴുന്നേറ്റു നിന്ന് പറഞ്ഞു, "എന്റെയാ ടീച്ചർ.. അച്ഛനാണ് ഐഡിയ തന്നത്.."
 
നാലാമത്തെ മുട്ട തുറന്നപ്പോൾ മേരി ടീച്ചർക്ക്  ആദ്യം ആശ്ചര്യം തോന്നി, കാരണം, മുട്ടയ്ക്കുള്ളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ശുദ്ധ ശൂന്യമായിരുന്നു മുട്ടയ്‌ക്കകം...
"ഇത് ഉറപ്പായും എബിയുടെ മുട്ട തന്നെയാവും.. അവന് ഞാൻ പറഞ്ഞതൊന്നും താനെ മനസ്സിലായിക്കാണില്ല.  പാവം.. " അവന്റെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി  മേരി ടീച്ചർ ആ മുട്ട തൽക്കാലം മേശപ്പുറത്ത് മാറ്റിവെച്ചു. അടുത്ത മുട്ടയ്ക്ക് നേരെ കൈനീട്ടി.

 

പെട്ടെന്ന് ആ ക്‌ളാസ് മുറിയിൽ എബിയുടെ ശബ്ദം മുഴങ്ങി. "മേരി ടീച്ചർ.... എന്റെ മുട്ടയെപ്പറ്റി ഒന്നും പറയില്ലേ.?" 

മേരി ടീച്ചർക്ക് ദേഷ്യം വന്നു.. അവർ പറഞ്ഞു, "എന്റെ പൊന്ന് എബി.. നിന്റെ മുട്ടയ്ക്കുള്ളിൽ ഒന്നുമില്ല.. പിന്നെ ഞാനെന്താണ് പറയേണ്ടത്.. ?" 

"പക്ഷേ, യേശോപ്പച്ചന്റെ ടോംബും എംപ്റ്റി ആയിരുന്നല്ലോ.."   മേരി ടീച്ചറിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൻ മറുപടി പറഞ്ഞു. 

ഒരു നിമിഷ നേരത്തേക്ക് സ്തബ്ധയായി അവർ.. കാലം ആ നിമിഷം അവിടെ നിശ്ചലമായി. മേരി ടീച്ചർ അവനോട് ചോദിച്ചു, "എന്തുകൊണ്ടാണ് യേശോപ്പച്ചന്റെ ടോംബ് എംപ്റ്റി ആയത് എന്ന്യ്ക്ക് എബിയ്ക്കറിയുമോ..? " 

"പിന്നെ.. അറിയാതെ.." എബി തെല്ല് ആശ്ചര്യം തുളുമ്പുന്ന ശബ്ദത്തോടെ മറുപടി പറഞ്ഞു.. " അവരൊക്കെക്കൂടി യേശോപ്പച്ചനെ  കൊന്നിട്ട് ആ ടോംബിൽ കൊണ്ടിട്ടു. മൂന്നാം നാൾ പിതാവ് വന്ന് യേശോപ്പച്ചനെ ഉയിർത്തെഴുന്നേല്പിച്ചു.. അപ്പൊ പിന്നെ ടോംബ്  എംപ്റ്റി അല്ലേ ടീച്ചർ..?" 

അപ്പോഴേക്കും ഇന്റർവെലിനുള്ള മണി മുഴങ്ങി. കുട്ടികൾ കളിയ്ക്കാൻ വേണ്ടി ഒച്ചവെച്ച് തിക്കും തിരക്കും കൂട്ടി പുറത്തേക്കോടി.. തന്റെ കസേരയിലിരുന്ന മേരി ടീച്ചറിന് എന്തുകൊണ്ടോ അപ്പോൾ വല്ലാത്തൊരു കരച്ചിൽ തികട്ടി വന്നു. അവരുടെ ഉള്ളിലെ മരവിപ്പ് അലിഞ്ഞ് കണ്ണുനീരായി ഒഴുകിത്തീർന്നു. 

മൂന്നു മാസങ്ങൾക്കിപ്പുറം എബി മരണത്തിനു കീഴടങ്ങി. അവന്റെ കുഴിമാടത്തിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ ചെന്ന അപ്പനും അമ്മയും അവിടെ ഒരു കുട്ടയിൽ നിറച്ചുവെച്ചിരുന്ന 19  ഈസ്റ്റർ മുട്ടകൾ കണ്ടു. 

എല്ലാ മുട്ടകളും കാലിയായിരുന്നു..!


 

click me!