16 -ാമത്തെ വയസ്സില്‍ അമ്മാവനുമായി വിവാഹമുറപ്പിച്ചു, അന്ന് വീടുവിട്ടിറങ്ങി; പക്ഷെ, അവള്‍ തോല്‍ക്കാനൊരുക്കമല്ലായിരുന്നു

By Web TeamFirst Published May 19, 2019, 5:37 PM IST
Highlights

ഒരു സുഹൃത്തിന്‍റെ സഹായത്തോടെയാണ് രേഖ രണ്ട് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിയത്. നല്ലൊരു ജീവിതത്തിനായി അവള്‍ ബംഗളൂരുവിലേക്കാണ് എത്തിയത്. അന്ന് വിവാഹത്തിനെ എതിര്‍ത്ത് ഇറങ്ങി വന്നത് വെറുതെ ആയില്ല. 

ര്‍ണാടകയിലെ പലയിടങ്ങളിലും ഇപ്പോഴും ബാലവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 18 വയസ്സിന് താഴെയുള്ള പല പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് ആരുടെയെങ്കിലും ഭാര്യയായി ജീവനൊടുക്കേണ്ടിയും വരാറുണ്ട്. അങ്ങനെയൊരു വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയാണ് രേഖ. വിവാഹത്തിന് ശേഷം വീട്ടുകാര്യങ്ങളും നോക്കി ജീവിക്കേണ്ടി വരുമെന്ന് മനസിലായപ്പോഴാണ് അവള്‍ അതിനെതിരെ പോരാടാനുറച്ചത്. 

ചിക്കബല്ലപുരയിലെ കൊട്ടുരു എന്ന ഗ്രാമത്തിലാണ് അവള്‍ ജനിച്ചത്. രേഖയ്ക്ക് നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍ അവളുടെ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ച് പോയി. വീട്ടിലെ കാര്യങ്ങള്‍ നോക്കാനായി രേഖയുടെ അമ്മ അടുത്ത വീടുകളില്‍ പണിക്ക് പോയിത്തുടങ്ങി. വളര്‍ന്നു വന്നപ്പോള്‍ രേഖയുടെ ഏറ്റവും പ്രിയപ്പെട്ട സമയങ്ങള്‍ സ്കൂളില്‍ പോകുന്നതായിരുന്നു. 'എന്‍റെ സ്വന്തം വ്യക്തിത്വമുണ്ടാക്കാനായി ഞാനന്ന് കഠിനമായി പഠിക്കാന്‍ തുടങ്ങി...' പതിനെട്ടുകാരിയായ രേഖ പറയുന്നു. 

രേഖയ്ക്ക് 16 വയസ്സ് പ്രായമായപ്പോള്‍ അമ്മ അവളുടെ വിവാഹം നടത്താന്‍ ശ്രമം തുടങ്ങി. അമ്മയുടെ സഹോദരനുമായി വിവാഹം നടത്താനായിരുന്നു അവരുടെ തീരുമാനം. രേഖ അതിനോട് പ്രതികരിച്ചു. എതിര്‍ത്തു. പക്ഷെ, മുതിര്‍ന്നവര്‍ അവളെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. 

''നിങ്ങള്‍ക്ക് സ്വന്തം വീടുപേക്ഷിച്ചു വരണമെങ്കില്‍ അസാമാന്യ ധൈര്യം വേണം. പക്ഷെ, കാലെടുത്ത് മുന്നോട്ട് വെച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. എനിക്ക് രക്ഷിതാക്കളോട് അപേക്ഷിക്കാനുള്ളത്, നിങ്ങളുടെ മക്കള്‍ക്ക് വേണ്ടത് അവരുടെ സ്വപ്നങ്ങളെ പിന്തുടരുകയാണ്. വിവാഹത്തിന് നിര്‍ബന്ധിക്കുന്നതിന് പകരം ആ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അവരെ അനുവദിക്കൂ എന്നാണ്..'' രേഖ പറയുന്നു. 

ഒരു സുഹൃത്തിന്‍റെ സഹായത്തോടെയാണ് രേഖ രണ്ട് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിയത്. നല്ലൊരു ജീവിതത്തിനായി അവള്‍ ബംഗളൂരുവിലേക്കാണ് എത്തിയത്. അന്ന് വിവാഹത്തിനെ എതിര്‍ത്ത് ഇറങ്ങി വന്നത് വെറുതെ ആയില്ല. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് അവള്‍ 74 ശതമാനം മാര്‍ക്ക് വാങ്ങി. രേഖ താമസിച്ചത് അവളുടെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു. അതിനോടൊപ്പം തന്നെ ഒരു കമ്പ്യൂട്ടര്‍ പരിശീലന പരിപാടിയിലും പങ്കെടുത്തു. അധികൃതര്‍ അവളുടെ ജീവിതത്തെ കുറിച്ചറിഞ്ഞപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അവളെ പരിചയപ്പെടുത്തി. 

1098 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച രേഖ തനിക്ക് തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞു. സ്പര്‍ശ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പേയിങ് ഗസ്റ്റ് സംവിധാനത്തില്‍ അവര്‍ രേഖയുടെ താമസം ശരിയാക്കി. അവര്‍ തന്നെ നെല്ലമംഗലയിലുള്ള ഒരു കന്നഡ മീഡിയം ഗവണ്‍മെന്‍റ് പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ അവള്‍ക്ക് സീറ്റും നല്‍കി. 

അവള്‍ നന്നായി അധ്വാനിച്ചു. നന്നായി പഠിച്ചു. പ്ലസ് ടു പരീക്ഷയില്‍ അവള്‍ നേടിയത് 90 ശതമാനം മാര്‍ക്കാണ്. 600 ല്‍ 542. രേഖയെ സംബന്ധിച്ച് ഏറ്റവും വൈകാരികമായ മുഹൂര്‍ത്തമായിരുന്നു അത്. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു റിസല്‍ട്ട് വന്ന നിമിഷം ഇതിനായാണ് ഇത്രയും നാള്‍ കാത്തിരുന്നത്. എനിക്ക് വളരെ വളരെ അഭിമാനം തോന്നി. എന്നാണ് രേഖ പറഞ്ഞത്. 

ബി എ യ്ക്ക് ചേരാനാണ് അവള്‍ക്കിഷ്ടം. ഹിസ്റ്ററിയും പൊളിറ്റിക്കല്‍ സയന്‍സും എക്കണോമിക്സും പഠിക്കണം. ഐ എ എസ് ഓഫീസറാകാന്‍ ആഗ്രഹിക്കുന്ന തന്നെ ഈ വിഷയങ്ങള്‍ പഠിക്കുന്നത് കൂടുതല്‍ സഹായിക്കും എന്ന് അവള്‍ കരുതുന്നു. പെണ്‍കുട്ടികള്‍ നേരത്തെ വിവാഹിതരാവാതെ, അവരുടെ വിദ്യാഭ്യാസവും നല്ല ഭാവിയുമുണ്ടാകുന്ന ഒരു നാളിനേയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കും എന്നും രേഖ പറയുന്നു. 

പഠനത്തിനും കമ്പ്യൂട്ടര്‍ പരിശീലനത്തിനുമൊപ്പം തന്നെ മറ്റു കലാപരിപാടികളിലും കായികയിനങ്ങളിലും രേഖ പങ്കെടുത്തു. കബഡിയും ത്രോബോളും ഒപ്പം ഭരതനാട്യവും പരിശീലിച്ചു. വെറുതെ കിട്ടുന്ന സമയങ്ങളില്ലാം അവള്‍ ജൂനിയറായിട്ടുള്ള കുട്ടികളോട് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 

രേഖയ്ക്ക് പെണ്‍കുട്ടികളോട് പറയാനുള്ളത് ഇതാണ്, ''ലോകത്തിലെ ഒരു ശക്തിക്കും ഒരു പെണ്‍കുട്ടിയെ അവളുടെ സ്വപ്നങ്ങള്‍ക്ക് പിറകെ നടക്കുന്നതില്‍ നിന്നും തടയാനാകില്ല. സ്വപ്നങ്ങളെ പിന്തുടരാന്‍ നിങ്ങള്‍ക്ക് വേണ്ടത് ധൈര്യവും ആത്മവിശ്വാസവും മാത്രമാണ്. അനീതിക്കെതിരെ നിലകൊള്ളണം. നിങ്ങളുടെ യുദ്ധത്തിലെ പോരാളിയാകണം. ഓരോ ദിവസവും വിജയത്തിലേക്കെത്താന്‍ പ്രയത്നിക്കണം..''

click me!