
മക്കളില്ലാത്തതിന്‍റെ പേരില്‍ നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സ്ത്രീ.. അതായിരുന്നു സാലുമരട തിമ്മക്ക എന്ന തിമ്മക്ക.. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടുമടുത്തപ്പോള്‍ നാല്‍പതാമത്തെ വയസ്സില്‍ അവര്‍ ഈ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അവര്‍ ജീവനൊടുക്കിയില്ല, പിറക്കാതെ പോയ മക്കള്‍ക്ക് പകരം ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് നട്ടു പിടിപ്പിച്ചു. ഇന്നവര്‍ വൃക്ഷങ്ങളുടെ അമ്മ (mother of trees) എന്ന് അറിയപ്പെടുന്നു. അവര്‍ കൈയുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രഥമപൗരന്‍ രാം നാഥ് കോവിന്ദ് പോലും തല കുനിച്ചു നിന്നു.
തിമ്മക്കയുടെ കഥ
1948.. തിമ്മക്ക ഭര്‍ത്താവ് ബിക്കലൂച്ചിഖയ്യായ്ക്കൊപ്പം കുട്ടികളില്ലാത്തതിന്‍റെ വിഷമം മാറ്റാനായി വൃക്ഷത്തൈകള്‍ നട്ടുതുടങ്ങി. ഇന്ന് ബംഗളൂരു നഗരത്തില്‍ 35 കിലോമീറ്ററുകളിലായി തണല്‍ വിരിച്ചു നില്‍ക്കുകയാണ് തിമ്മക്ക നട്ട വൃക്ഷങ്ങള്‍.
'ആദ്യകാലത്ത് ഇതൊരു മണ്‍പാതയായിരുന്നു. ആളുകള്‍ മാര്‍ക്കറ്റില്‍ പോകാനും മറ്റുമാണ് ഈ പാത ഉപയോഗിച്ചിരുന്നത്.' തിമ്മക്ക ഓര്‍ക്കുന്നു. 'രാവിലെ ദിവസക്കൂലിക്ക് ആ റോഡ് ടാര്‍ ചെയ്യാന്‍ പോകും നമ്മള്‍. വൈകുന്നേരം തൈകള്‍ നടാനും, അതിന് വേലി കെട്ടാനും വെള്ളമൊഴിക്കാനും മറ്റും സമയം ചെലവഴിക്കും. ഓരോ വര്‍ഷവും 10-15 തൈകളെങ്കിലും നടും. അടുത്തുള്ള കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും മറ്റുമായിട്ടായിരുന്നു വെള്ളം നനച്ചുകൊണ്ടിരുന്നത്.'
തിമ്മയ്ക്ക് 107 വയസ്സിനു മുകളിലാണ് പ്രായം. ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതുകൊണ്ടു തന്നെ കൃത്യമായ പ്രായം അറിയില്ല. പക്ഷെ, 1928 -ലാണ് വിവാഹം കഴിഞ്ഞത് എന്നോര്‍മ്മയുണ്ട്. 20 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. അങ്ങനെയാണ് മരത്തൈകള്‍ നട്ടുതുടങ്ങിയത്. ആദ്യത്തെ തൈക്ക് ഇപ്പോള്‍ 65 വയസ്സ് കഴിഞ്ഞു.
ആയിരക്കണക്കിന് തൈകളാണ് അവര്‍ സ്കൂളുകളിലും കോളേജുകളിലും പൊതുപരിപാടികളിലുമായി തിമ്മക്ക നട്ടുപിടിപ്പിച്ചത്. വളര്‍ത്തുപുത്രനായ ഉമേഷി(29)നൊപ്പമാണ് തിമ്മക്ക താമസിക്കുന്നത്. ഉമേഷ് തിമ്മക്കയുടെ പേരില്‍ ഒരു എന്‍.ജി.ഒ നടത്തുകയാണ്. ഉമേഷ്, ഹസ്സനില്‍ നിന്നും ആദ്യമായി തിമ്മക്കയെ കാണാനെത്തുന്നത് പതിനഞ്ചാമത്തെ വയസ്സിലാണ്. പിന്നീട്, അവനെ തിമ്മക്ക ദത്തെടുക്കുകയായിരുന്നു. 'അവനെന്‍റെയും ഞാനവന്‍റെയും ദൈവമാണ്' എന്നാണ് തിമ്മക്ക ഉമേഷിനെ കുറിച്ച് പറയുന്നത്.
വീട്ടിലടക്കം തിമ്മക്കയ്ക്കും ഭര്‍ത്താവിനും മക്കളില്ലാത്തതിന്‍റെയും വൃക്ഷം നട്ടു നടക്കുന്നതിന്‍റെയും പേരില്‍ പ്രശ്നങ്ങളുണ്ടായി. അപ്പോഴെല്ലാം അവര്‍ അവരുടെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 8000 -ത്തിലധികം വൃക്ഷങ്ങളാണ് തിമ്മക്ക ഇത്രയും കാലത്തിനിടയില്‍ നട്ടുപിടിപ്പിച്ചത്. 1991 -ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരിച്ചു. അപ്പോഴും അവര്‍ വൃക്ഷങ്ങളെ പരിചരിച്ചു. നിരവധി പുരസ്കാരങ്ങള്‍ തിമ്മക്കയെ തേടിവന്നു. ഏറ്റവും ഒടുവില്‍, പത്മശ്രീ വരെ..
ഇളം പച്ച നിറത്തിലുള്ള സാരി ധരിച്ച്, നെറ്റിയില്‍ കുറിയുമായി, പുഞ്ചിരിയോടെ രാഷ്ട്രപതി ഭവനിലെത്തി പുരസ്കാരം സ്വീകരിച്ച തിമ്മക്കയോട് ക്യാമറയെ നോക്കാന്‍ പറഞ്ഞപ്പോള്‍ രാഷ്ട്രപതിയെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയായിരുന്നു തിമ്മക്ക. പ്രധാനമന്ത്രിയടക്കം പുഞ്ചിരിയോടെ അത് കണ്ടുനിന്നു..